Kerala
ഷീലാ ദീക്ഷിത് ഗവര്‍ണറായി ചുമതലയേറ്റു
തിരുവനന്തപുരം: ഷീലാ ദീക്ഷിത്ത് കേരളാ ഗവര്‍ണറായി ചുമതലയേറ്റു. രാജ്ഭവന്‍ ഓഡിറ്റോറിയത്തില്‍ വെച്ച് ഹൈക്കോടതി ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരാണ് ചൊല്ലിക്കൊടുത്തത്. സത്യപ്രതിജ്ഞാചടങ്ങില്‍ പ്രതിപക്ഷ നേതാക്കള്‍ പങ്കെടുത്തില്ല. മുന്‍ ഗവര്‍ണര്‍ നിഖില്‍കുമാറിന്റെ രാജിയെ തുടര്‍ന്ന് കര്‍ണാടക ഗവര്‍ണര്‍ എച്ച് ആര്‍ ഭരദ്വാജ് കഴിഞ്ഞ ദിവസം ആക്ടിംഗ് ഗവര്‍ണറായി ചുമതലയേറ്റിരുന്നു.
1998ല്‍ 2013 വരെ ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന ഷീല ദീക്ഷിത് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിരുന്നു. ആം ആദ്മി നേതാവ് അരവിന്ദ് കെജ്‌രിവാളിനോടാണ് പരാജയപ്പെട്ടത്. ഇനി സജീവ രാഷ്ട്രീയത്തിലേക്കില്ലെന്നും പുതിയ ചുമതല ഉത്തരവാദിത്വത്തോടെ നിറവേറ്റുമെന്നും ഷീല ദീക്ഷിത് പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വേണ്ടിയാണ് നിഖില്‍ കുമാര്‍ കേരള ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചത്. ഒന്നാം യുപിഎ കാലത്ത് ഔറംഗബാദില്‍ നിന്നും നിഖില്‍ കുമാര്‍ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഔറംഗബാദ് മണ്ഡലത്തില്‍ നിന്നു തന്നെ ഇത്തവണയും നിഖില്‍ കുമാറിനെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ആലോചിക്കുന്നുണ്ട്.