Ongoing News
അരുണാചലില്‍ സീറ്റ് രണ്ട് മാത്രം, ഫലം നിര്‍ണായകം
ലോക്‌സഭയില്‍ രണ്ട് പ്രതിനിധികളേയുള്ളൂ അരുണാചല്‍ പ്രദേശിന്റേതായി. എന്നാല്‍, ഇത്തവണ ഫലം വരുമ്പോള്‍ ഈ രണ്ട് സീറ്റ് വളരെ നിര്‍ണായകമാകുമെന്ന് കോണ്‍ഗ്രസിനും ബി ജെ പിക്കും വ്യക്തമായി അറിയാം. അതുകൊണ്ട് തന്നെയാണ് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ പ്രചാരണ പരിപാടി നിശ്ചയിച്ചപ്പോള്‍ ബി ജെ പിയും ദേശീയ നേതാക്കളുടെ പ്രചാരണ പരിപാടി തീരുമാനിച്ചപ്പോള്‍ കോണ്‍ഗ്രസും അരുണാചല്‍ പ്രദേശ് വിട്ടു പോകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചത്. കഴിഞ്ഞ മാസം 22നാണ് മോദി അരുണാചലില്‍ പ്രചാരണത്തിനെത്തിയത്. പാസിഘട്ടില്‍ പ്രചാരണത്തിനെത്തിയ മോദി അരുണാചല്‍ പ്രദേശിന് മേല്‍ അവകാശവാദം ഉന്നയിക്കുന്ന ചൈനക്കെതിരെ ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കിടെ അന്ന് ആദ്യമായാണ് നരേന്ദ്ര മോദി വിദേശ വിഷയം എടുത്തുയര്‍ത്തിയത്.
നബാം തുകിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ഭരണമാണ് സംസ്ഥാനത്ത് നിലവിലുണ്ടായിരുന്നത്. എന്നാല്‍, സംസ്ഥാന മന്ത്രിസഭയുടെ ആവശ്യപ്രകാരം കാലാവധി പൂര്‍ത്തിയാക്കാന്‍ ഏഴ് മാസം കൂടി നില്‍ക്കെ ഗവര്‍ണര്‍ നിര്‍ഭയ് ശര്‍മ നിയമസഭ പിരിച്ചുവിട്ടിരിക്കുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം തന്നെ നിയമസഭാ തിരഞ്ഞെടുപ്പും നടത്തണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. ഇക്കാര്യം ഗവര്‍ണര്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയാണ് കോണ്‍ഗ്രസ് നീക്കമെന്ന് ആരോപിച്ച് ബി ജെ പി രംഗത്തെത്തിയിട്ടുണ്ട്.
കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായാണ് അരുണാചല്‍ പ്രദേശ് അറിയപ്പെടുന്നത്. 1977ല്‍ ലോക്‌സഭയില്‍ പ്രാതിനിധ്യം നല്‍കിയപ്പോള്‍ മുതല്‍ കോണ്‍ഗ്രസിനാണ് ഇവിടെ ആധിപത്യം. അരുണാചല്‍ വെസ്റ്റ്, അരുണാചല്‍ ഈസ്റ്റ് എന്നിങ്ങനെ രണ്ട് മണ്ഡലങ്ങളാണ് ഇവിടെയുള്ളത്. രണ്ട് മണ്ഡലങ്ങളിലും ബി ജെ പി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചുവെങ്കിലും സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ കോണ്‍ഗ്രസ് ഇതുവരെ ഔദ്യോഗികമായി തീരുമാനമെടുത്തിട്ടില്ല. അരുണാചല്‍ വെസ്റ്റ് മണ്ഡലത്തില്‍ ആം ആദ്മി പാര്‍ട്ടിയും സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടുണ്ട്.
1977 മുതല്‍ അരുണാചലില്‍ നിലനിന്ന കോണ്‍ഗ്രസ് ആധിപത്യം 2004ലാണ് തകര്‍ന്നത്. അന്ന് രണ്ട് സീറ്റുകളിലും ബി ജെ പി വിജയക്കൊടി പാറിച്ചു. സംസ്ഥാന രാഷ്ട്രീയത്തില്‍ ബി ജെ പിയുടെ സാന്നിധ്യമുണ്ടായത് 1991ലാണ്. തുടര്‍ച്ചയായ തിരഞ്ഞെടുപ്പുകളില്‍ പരാജയം കണ്ട ബി ജെ പി 2004ല്‍ രണ്ട് സീറ്റുകളും ജയിച്ച് വലിയ അത്ഭുതം സൃഷ്ടിച്ചു. എന്നാല്‍, തുടര്‍ന്നു വന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈ പ്രകടനം ആവര്‍ത്തിക്കാന്‍ അവര്‍ക്ക് കഴിഞ്ഞതുമില്ല. 2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് പ്രതീക്ഷിച്ച സീറ്റുകള്‍ പോലും നേടനായില്ല. അറുപതംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷം നേടിക്കൊണ്ടാണ് 2005ല്‍ അരുണാചല്‍ കോണ്‍ഗ്രസ് പിടിച്ചെടുത്തത്.
2004ല്‍ പോള്‍ ചെയ്ത വോട്ടിന്റെ പകുതിയിലേറെ നേടിയാണ് അരുണാചല്‍ വെസ്റ്റില്‍ ബി ജെ പിയുടെ കിരെന്‍ റിജിജു ജയം കണ്ടത്. ഈസ്റ്റില്‍ വിജയിച്ച തപിര്‍ ഗാവോക്കും അമ്പത് ശതമാനത്തിലേറെ വോട്ടുണ്ടായിരുന്നു. ഇതിലധികം വോട്ട് നേടിയാണ് 2009ല്‍ വെസ്റ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ തകാം സഞ്‌ജോയ് വിജയിച്ചത്. ഈസ്റ്റില്‍ കോണ്‍ഗ്രസിന്റെ എറിംഗ് നിനോംഗും വിജയം കണ്ടു. 2009ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 42 സീറ്റ് നേടിയാണ് കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തിയത്. ബി ജെ പിക്ക് കാര്യമായ പ്രകടനം കാഴ്ച വെക്കാന്‍ പോലും സാധിച്ചിരുന്നില്ല. ഇത്തവണ തൃണമൂല്‍ കോണ്‍ഗ്രസ് മത്സരരംഗത്തുണ്ടാകുമെങ്കിലും പ്രധാന പോരാട്ടം കോണ്‍ഗ്രസും ബി ജെ പിയും തമ്മിലാകും.
പ്രചാരണം ഇങ്ങനെ
വടക്കുകിഴക്കന്‍ മേഖലയിലാകെ ബി ജെ പി ഉന്നയിക്കുന്ന നുഴഞ്ഞുകയറ്റം, അനധികൃത കുടിയേറ്റം തുടങ്ങിയ വിഷയങ്ങള്‍ ഇവിടെയും പാര്‍ട്ടിയുടെ മുഖ്യ പ്രചാരണ വിഷയമാണ്. അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് ആവര്‍ത്തിക്കാനും നേതാക്കള്‍ മറക്കുന്നില്ല. ചൈനയെ രൂക്ഷമായി വിമര്‍ശിക്കാന്‍ മോദി തയ്യാറായതിനു പിന്നിലും ഇതു തന്നെയാണ്. അതിര്‍ത്തി പ്രദേശങ്ങളിലെ ജനങ്ങളെ വിശ്വാസത്തിലെടുത്താണ് ബി ജെ പിയുടെ പ്രചാരണം.
കോണ്‍ഗ്രസും അതിര്‍ത്തി വിഷയം ശക്തമായി ഉന്നയിക്കുന്നുണ്ടെങ്കിലും സംസ്ഥാന സര്‍ക്കാറിന്റെ ജനോപകാര പ്രവര്‍ത്തനങ്ങളും വികസന പദ്ധതികളുമാണ് കോണ്‍ഗ്രസിന്റെ തുറുപ്പ് ചീട്ട്.
ഏപ്രില്‍ ഒമ്പതിന് നടക്കുന്ന രണ്ടാം ഘട്ടത്തിലാണ് അരുണാചലില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. 7,53,216 വോടട്ടര്‍മാരാണ് ഇവിടെയുള്ളത്. 3,75,927 പേര്‍ പുരുഷന്മാരും 3,77,289 പേര്‍ സ്ത്രീകളുമാണ്.