Connect with us

Sports

സ്ട്രൂട്മാന്‍ പുറത്ത്; ഹോളണ്ട് അങ്കലാപ്പില്‍

Published

|

Last Updated

ഹോളണ്ടിന്റെ പ്രധാന താരങ്ങള്‍ ആരൊക്കെയെന്ന ചോദ്യത്തിന് കോച്ച് ലൂയിസ് വാന്‍ ഗാല്‍ നല്‍കിയ മറുപടി ഇങ്ങനെ: കെവിന്‍ സ്ട്രൂട്മാന്‍, ആര്യന്‍ റോബന്‍, റോബിന്‍ വാന്‍ പഴ്‌സി. ലോകകപ്പില്‍ തീര്‍ച്ചയായും ഹോളണ്ട് നിരയില്‍ ഉണ്ടാകുമെന്ന് വാന്‍ ഗാല്‍ ഉറപ്പ് നല്‍കിയ മൂവര്‍സംഘത്തില്‍ നിന്ന് സ്ട്രൂട്മാന്‍ പുറത്തായിരിക്കുന്നു. പരിക്ക് തന്നെ വില്ലന്‍. ശസ്ത്രക്രിയ ദിവസങ്ങള്‍ക്കകം നടക്കും. രണ്ട് മാസം പൂര്‍ണ വിശ്രമം അനിവാര്യം. എനിക്കാലോചിക്കാനാകുന്നില്ലെന്നാണ് സ്ട്രൂട്മാന്റെ പരിക്ക് സംബന്ധിച്ച വാര്‍ത്തയോട് കോച്ച് ലൂയിസ് പ്രതികരിച്ചത്.
റോബനും വാന്‍ പഴ്‌സിക്കുമൊപ്പം നില്‍ക്കാന്‍ ഇവനാരെടാ എന്ന് ചിന്തിക്കുന്നുണ്ടാകും. ശരിക്കും പറഞ്ഞാല്‍ സ്ട്രൂട്മാന്‍ എന്ന മിഡ്ഫീല്‍ഡര്‍ ഹോളണ്ടിന്റെ ഇനിയെസ്റ്റയും ഷാവിയുമൊക്കെയാണെന്ന് പറയാം. കണക്കുകള്‍ അത് ശരിവെക്കും. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ സ്ട്രൂട്മാന്‍ പൂര്‍ത്തിയാക്കിയ പാസുകള്‍ 514 എണ്ണം. മറ്റേതൊരു ഹോളണ്ട് താരത്തേക്കാളും പാസിംഗ് ഗെയിമില്‍ കേമന്‍. ഇറ്റാലിയന്‍ ലീഗില്‍ എ എസ് റോമയുടെ താരമാണ്.
കഴിഞ്ഞ ദിവസം നാപോളിക്കെതിരെ നിര്‍ണായക മത്സരത്തിലാണ് ഗുരുതര പരിക്കുമായി കളം വിട്ടത്. വെസ്‌ലെ സ്‌നൈഡര്‍, റാഫേല്‍ വാന്‍ ഡെര്‍ വാര്‍ട് എന്നിവര്‍ കരിയറിന്റെ അന്ത്യത്തില്‍ നില്‍ക്കുമ്പോള്‍ സ്ട്രൂട്മാന്‍ എന്ന യൗവനം ഓറഞ്ചിന് പുത്തന്‍ പ്രതീക്ഷയായിരുന്നു. 2012 ഒക്‌ടോബറില്‍ അന്‍ഡോറക്കെതിരെ ക്യാപ്റ്റന്റെ ആം ബാന്‍ഡ് ധരിച്ചതോടെ ഇരുപത്തിരണ്ടാം വയസില്‍ ഹോളണ്ടിന്റെ പ്രായം കുറഞ്ഞ ഫുട്‌ബോള്‍ നായകനായി സ്ട്രൂട്മാന്‍. ബ്രസീലിലേക്കുള്ള ടിക്കറ്റൊപ്പിക്കാന്‍ ഹോളണ്ടിന്റെ വഴി എളുപ്പമാക്കിയ സ്ട്രൂട്മാന്റെ പുറത്താകല്‍ ഹോളണ്ടിന് മാത്രമല്ല, ലോകകപ്പിന് തന്നെ വലിയ നഷ്ടം.

Latest