Connect with us

Editors Pick

ആലപ്പുഴയില്‍ സുധീരനെ വെട്ടിയ ഡോക്ടര്‍ ആരവങ്ങളൊഴിഞ്ഞ് മസ്‌കത്തില്‍

Published

|

Last Updated

മസ്‌കത്ത്: കെ പി സി സി പ്രസിഡന്റ് വി എം സുധീരനെ ആലപ്പുഴയില്‍ അടിയറവു പറയിച്ച് പാര്‍ലിമെന്റെലെത്തിയ മുന്‍ എം പി. ഡോ. കെ എസ് മനോജ്, നാട്ടില്‍ തിരഞ്ഞെടുപ്പിന്റെ ആരവങ്ങളും ആവേശങ്ങളും കൊടുമ്പിരി കൊള്ളുമ്പോള്‍ അതില്‍നിന്നെല്ലാം അകന്ന് മസ്‌കത്തില്‍ രോഗികള്‍ക്കൊപ്പം. താന്‍ വെട്ടിയൊതുക്കിയ കേരള രാഷ്ട്രീയത്തിലെ അതികായന്‍ വി എം സുധീരന്‍ കോണ്‍ഗ്രസ് തേരു തെളിക്കുന്ന ഈ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തോടൊപ്പം സി പി എമ്മിനെതിരെ പ്രചാരണത്തിന് കുറച്ചു ദിവസമെങ്കിലും പോകണമെന്ന ആഗ്രഹത്തിലാണ് ഡോ. മനോജ്.
സിറ്റിംഗ് എം പിയായി കഴിഞ്ഞ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ വീണ്ടും കെ സി വേണുഗോപാലിനെതിരെ മത്സരിച്ചു തോറ്റ ഡോ. മനോജ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്നെ അഞ്ചു വര്‍ഷം പാര്‍ലിമെന്റിലിരുത്തുകയും വീണ്ടും മത്സരിപ്പിക്കുകയും ചെയ്ത സി പി എമ്മിനെതിരെ യു ഡി എഫിനൊപ്പം ശക്തമായി പ്രചാരണ രംഗത്തുണ്ടായിരുന്നു. ശേഷമാണ് രാഷ്ട്രീയത്തിന് അവധി നല്‍കി പ്രവാസജീവിതത്തിലെ സ്വസ്ഥത തേടിപ്പോന്നത്. രണ്ടു വര്‍ഷത്തോളമായി റൂവി ബദര്‍ അല്‍ സമ ആശുപത്രിയില്‍ അനസ്‌തേഷ്യ സെപെഷ്യലിസ്റ്റായി സേവനം ചെയ്യുകയാണ് അദ്ദേഹം.
കഴിഞ്ഞ രണ്ടു പാര്‍ലിമെന്റ് തിരഞ്ഞെടുപ്പു കാലവും തന്റെ രാഷ്ട്രീയ ജീവിതത്തിലും വ്യക്തി ജീവിതത്തിലും നിര്‍ണായകമായിരുന്നുവെന്ന് അദ്ദേഹം ഓര്‍ക്കുന്നു. കെ സി വൈ എം പ്രവര്‍ത്തകനായിരുന്ന താന്‍ പല പ്രമുഖരുടെയും പേരു പറഞ്ഞു കെട്ടിരുന്ന ആലപ്പുഴയില്‍ സി പി എം പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥിയായാണ് രംഗത്തു വരുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പി ജിക്കു പഠിക്കുമ്പോഴായിരുന്നു നാട്ടിലെ പാര്‍ട്ടി കേന്ദ്രങ്ങളിലൂടെയുള്ള നിര്‍ദേശം വരുന്നത്. സഭയുടെയും പിന്തുണയുള്ളതിനാല്‍ സമ്മതിച്ചു. ബയോഡാറ്റയുമായി അന്ന് പ്രതിപക്ഷനേതാവായിരുന്ന വി എസ് അച്യുതാനന്ദനെ കന്റോണ്‍മെന്റ് ഹൗസില്‍ പോയി കണ്ടു. ആദ്യമായി കാണുന്ന സി പി എം സംസ്ഥാന നേതാവും വി എസ് ആണ്. പിന്നീട് പാര്‍ട്ടിയില്‍ താന്‍ അനഭിമതാനായി മാറുന്നത് വി എസ് പക്ഷക്കാരന്‍ എന്ന പേരിലാണെന്നും മനോജ് ഓര്‍ക്കുന്നു.
എം എ ബേബിയായിരുന്നു അന്ന് ജില്ലാ സെക്രട്ടറി. സ്ഥാനാര്‍ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടതോടെ വിശ്രമമില്ലാത്ത നാളുകളായിരുന്നു. കെ സി വൈ എം ഭാരവാഹിയായി പ്രവര്‍ത്തിച്ചതാണ് പൊതുരംഗത്തെ പരിചയം. സഭാ പ്രവര്‍ത്തന രംഗത്ത് സ്വീകരിച്ചിരുന്ന മനോജ് കുരിശിങ്കല്‍ എന്ന പേര് ആദ്യ ദിവസങ്ങളില്‍ മാധ്യമങ്ങളില്‍ വന്നുവെങ്കിലും അതു ഗുണകരമാകില്ലെന്ന് പാര്‍ട്ടി വിലയിരുത്തിയതിനെത്തുടര്‍ന്ന് കെ എസ് മനോജ് എന്നാക്കി മാറ്റി. സംഘടനാ സംവിധാനം ഉപയോഗിച്ചുള്ള സി പി എമ്മിന്റെ പ്രചാരണ രീതി കുറ്റമറ്റതാണ്. സ്ഥാനാര്‍ഥി എന്ന നിലക്ക് ഷെഡ്യൂള്‍ അനുസരിച്ച് നിന്നു കൊടുത്താല്‍ മതി. പൊതുയോഗങ്ങളിലും സ്വീകരണ കേന്ദ്രങ്ങളിലും നന്നായി പ്രസംഗിച്ചു. തിരഞ്ഞെടുപ്പു റാലികളില്‍ പ്രസംഗിക്കാന്‍ കേന്ദ്ര, സംസ്ഥാന നേതാക്കളും വന്നു. ആദ്യ ഘട്ടത്തില്‍ വലിയ ചൂടുണ്ടായില്ലെങ്കിലും രണ്ടാംഘട്ടം ശ്രദ്ധേയമായി. ജയിച്ചേ പറ്റൂ എന്ന സ്ഥിതി പാര്‍ട്ടി പ്രവര്‍ത്തകരിലുമുണ്ടായി. നേരത്തെ സി എസ് സുജാത, നടന്‍ മുരളി എന്നിവര്‍ മത്സരിച്ചു പരാജയപ്പെട്ട മണ്ഡലം പിടിക്കുക എന്നതായിരുന്നു ദൗത്യം. ഒടുവില്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ആദര്‍ശപ്രതീകം, ഇന്നത്തെ കെ പി സി സി പ്രസിഡന്റ് പരാജയപ്പെട്ടു.
ആലപ്പുഴയിലെ ജനകീയ ഡോക്ടര്‍ എന്ന നിലയിലാണ് തന്നെ എം എ ബേബി വോട്ടര്‍മാര്‍ക്കിടയില്‍ പരിചയപ്പെടുത്തിയത്. എം ബി ബി എസ് കഴിഞ്ഞ് നാലു വര്‍ഷം ഇ എസ് ഐയില്‍ സേവനം ചെയ്ത കാലത്ത് ഇടതു സംഘടനയായ കേരള ഗസറ്റഡ് ഓഫീസേഴ്‌സ് സംഘടനയില്‍ സജീവമായിരുന്നു. ഇ എസ് ഐ ആശുപത്രികളിലെത്തുന്ന തൊഴിലാളികളായ രോഗികള്‍ക്കിടയില്‍ പരിചിതനായിരുന്നതു കൂടി കണക്കിലെടുത്തായിരുന്നു ബേബിയുടെ അവതരണം. എന്തായാലും അതു ക്ലിക്കായി.
തുടര്‍ന്നു വന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ഇടതു മുന്നണിക്കു വേണ്ടി പ്രവര്‍ത്തിച്ചു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പു വന്നപ്പോള്‍ സീറ്റ് നഷ്ടപ്പെടുമെന്ന സംസാരമുണ്ടായെങ്കിലും ഒടുവില്‍ മത്സരിക്കാന്‍ തന്നെയായിരുന്നു നിയോഗം. സംസ്ഥാനത്താകെയുണ്ടായ യു ഡി എഫ് മുന്നേറ്റത്തിനു പുറമെ പാര്‍ട്ടിയിലെ വിഭാഗീയതയാണ് തോല്‍വിയുടെ പ്രധാന കാരണം. എങ്കിലും സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വോട്ടു നേടിയ ഇടതു മുന്നണി സ്ഥാനാര്‍ഥി താനായിരുന്നു. പാര്‍ട്ടി ഉറപ്പു പറഞ്ഞ നിയമസഭാ മണ്ഡലങ്ങളില്‍ വരെ പിറകോട്ടു പോയി. എങ്കിലും നല്ല തിരഞ്ഞെടുപ്പു പ്രവര്‍ത്തനം നടന്നിരുന്നുവെന്ന് ഡോ. മനോജ് പറയുന്നു. പാര്‍ട്ടിയില്‍ വിഭാഗീയത കനത്തു നിന്നപ്പോള്‍ താന്‍ പാര്‍ട്ടി വേദികളില്‍ ഭാഗിഗമായി ഭ്രഷ്ട് നേരിട്ടിരുന്ന കാലം കൂടിയായിരുന്നു അത്. ഇതിനിടെ സി പി എമ്മില്‍ ലോക്കല്‍ കമ്മിറ്റിയിലെത്തിയിരുന്നെങ്കിലും പ്രത്യേകിച്ച് പ്രവര്‍ത്തിക്കാന്‍ അവസരങ്ങളൊന്നുമില്ലാതെ തഴയപ്പെടുന്നതു തുടര്‍ന്നു. തന്റെ രാഷ്ട്രീയ ഭാവി ചോദ്യം ചെയ്യപ്പെടുന്നതിനിടെയാണ് പാര്‍ട്ടി അംഗങ്ങള്‍ മതബന്ധം ഉപേക്ഷിക്കണമെന്ന സര്‍കുലര്‍ വരുന്നത്. ഇതിനെതിരെ പ്രകാശ് കാരാട്ടിന് തുറന്ന കത്തെഴുതി പാര്‍ട്ടില്‍ നിന്നും വിട്ടു പോരുകയായിരുന്നു. പിന്നീടാണ് കോണ്‍ഗ്രസില്‍ ചേരുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വി എം സുധീരനൊപ്പവും കെ സി വേണുഗോപാലിനൊപ്പവുമൊക്കെ പ്രവര്‍ത്തിച്ചു. ഈ വര്‍ഷവും കുറച്ചു ദിവസമെങ്കിലും തന്റെ മണ്ഡലത്തിലലിയാന്‍ പോകണമെന്ന താത്പര്യത്തിലാണ് ഈ മന്‍ എംപി.

Latest