Connect with us

Ongoing News

ഒരു മുഴം മുമ്പേ എറിഞ്ഞ് തലൈവി

Published

|

Last Updated

തിരൈപ്പടത്തില്‍ എം ജി ആര്‍ വാഴും കാലം. എം ജി ആറിന് മുറിവേറ്റാല്‍ ജനം ഇളകി മറിയും. ആ എം ജി ആറിന് പ്രിയപ്പെട്ടവള്‍. തിരശ്ശീലയിലും ജീവിതത്തിലും ആള്‍ ഇന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകത്തിലും. എം ജി ആറിനെ ഹൃദയത്തിലേറ്റിയവര്‍ ജയലളിതയെയും നെഞ്ചേറ്റി. തമിഴ് മക്കളുടെ പുരട്ചി തലൈവിയാക്കി. എ ജി ആറിന്റെ മരണത്തോടെ പാര്‍ട്ടിയില്‍ നിന്നും ജീവിതത്തില്‍ നിന്നും പുറത്തേക്കെറിയപ്പെട്ടെങ്കിലും അന്ന് കരഞ്ഞുതളര്‍ന്ന ആ കണ്ണുകള്‍ പിന്നീട് കലങ്ങിയില്ല. ആ ശബ്ദം പിന്നീട് ഇടറിയില്ല. എം ജി ആറിന്റെ അനുയായികള്‍ തലൈവിയെ വീണ്ടും പാര്‍ട്ടിയുടെ അമരത്തെത്തിച്ചു.
രാഷ്ട്രീയത്തില്‍ എം ജി ആറിന്റെ ശത്രുവായ കലൈഞ്ജര്‍ കരുണാനിധി ജയലളിതയുടെയും ശത്രുവായി. ഇന്ന് തമിഴ്‌നാടിനൊപ്പം രാജ്യം മുഴുവന്‍ ജയലളിതയെ ഉറ്റുനോക്കുകയാണ്. തിരഞ്ഞെടുപ്പിന് ശേഷം അവര്‍ സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാകുമെന്ന് പ്രധാനമന്ത്രി പദം മോഹിക്കുന്ന മോദിക്കും തമിഴ്‌നാട്ടില്‍ സഖ്യമില്ലാതെ ഒറ്റക്ക് ഓടുന്ന കോണ്‍ഗ്രസിനും വ്യക്തമായി അറിയാം.
പുരട്ചി തലൈവി എന്നാല്‍ പരിവര്‍ത്തനവാദി, വിപ്ലവ നേതാവ് എന്നൊക്കെയാണ് അര്‍ഥം. ഇത് ഉള്‍ക്കൊണ്ടുകൊണ്ടാകണമെന്നില്ല, നിലവില്‍ സി പി എം, സി പി ഐ ഉള്‍പ്പെടെയുള്ള ഇടത് പാര്‍ട്ടികള്‍ നയിക്കുന്ന ഇലവനിലാണ് ജയലളിതയുടെ എ ഐ എ ഡി എം കെയും. ഡല്‍ഹിയിലെ ത്രിപുര ഭവനില്‍ നേരിട്ടെത്തി ഇലവനിലെ മറ്റ് അംഗങ്ങള്‍ക്കൊപ്പം കൈപിടിച്ചുയര്‍ത്തി ഫോട്ടോക്ക് പോസ് ചെയ്യാനൊന്നും തലൈവി തയ്യാറായിട്ടില്ല. പകരം വിശ്വസ്തനായ എം തമ്പിദുരൈയെ ദൂതനാക്കി അയച്ചു. ഫസ്റ്റ് ഇലവനിലെ ക്യാപ്റ്റനും വൈസ് ക്യാപ്റ്റനുമായ സി പി എമ്മിനെയും സി പി ഐയെയും പടിക്ക് പുറത്തു നിര്‍ത്തിയാണ് തമിഴ്‌നാട്ടില്‍ സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയതും. വന്‍ ഭൂരിപക്ഷത്തോടെ തമിഴ്‌നാട്ടില്‍ നിന്നു ജയിച്ചു കയറുകയാണെങ്കില്‍ തലൈവിയാകും അടുത്ത പ്രധാനമന്ത്രിയെന്ന് പറഞ്ഞാണ് ഇത്തവണത്തെ വോട്ട് പിടിത്തം. അതുകൊണ്ട് തന്നെ ഓരോ സീറ്റും വിലപ്പെട്ടതാണെന്നുമറിയാം. പിന്നെയെന്തിന് ദ്രാവിഡ പാര്‍ട്ടികളുടെ പിന്തുണയില്ലാതെ തമിഴകത്ത് കാര്യമായ സ്വാധീനം ചെലുത്താന്‍ സാധ്യമല്ലാത്ത ഇടതിനെ കൂടെ നിര്‍ത്തണമെന്ന് ചോദിച്ചാല്‍ ജയലളിതയെ കുറ്റം പറയാനാകില്ല.
തമിഴ് രാഷ്ട്രീയത്തിലാണ് കളിക്കുന്നതെങ്കിലും മൈസൂരിലെ തമിഴ് അയ്യങ്കാര്‍ കുടുംബത്തിലാണ് ജയലളിതയുടെ ജനനം. ഭരതനാട്യവും മോഹിനിയാട്ടവും ശീലിച്ച ജയക്ക് ചലച്ചിത്ര ലോകത്തെ അഭിനയം അനായാസമായിരുന്നു. എം ജി ആറുമായി വ്യക്തിപരമായി അടുത്തതോടെ തമിഴ് രാഷ്ട്രീയത്തിലും തിളങ്ങി. കരുണാനിധിയുമായി പിണങ്ങി എം ജി ആര്‍, എ ഐ എ ഡി എം കെയിലെത്തിയപ്പോള്‍ അതിന്റെ മുന്‍നിര നേതാക്കളിലൊരാളായി. പിന്നീട് രാജ്യസഭാ സീറ്റും. എം ജി ആറിന്റെ മരണശേഷം രണ്ട് വര്‍ഷത്തിനുള്ളില്‍ രാഷ്ട്രീയത്തില്‍ തന്റെ ശക്തി തെളിയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തള്ളി മുഖ്യ പ്രതിപക്ഷമായി. ജയലളിത പ്രതിപക്ഷ നേതാവും. 91ല്‍ രാജീവ് ഗാന്ധി വധത്തെ തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് മുഖ്യമന്ത്രിയുമായി.
എന്നാല്‍ ഭരണ പരിചയമില്ലാത്തത് ജയക്ക് തിരിച്ചടിയായി. സ്വന്തക്കാരും ബന്ധുക്കളും ഭരണത്തില്‍ കൈയിട്ടുവാരി. പിന്നീട് നടന്ന തിരഞ്ഞെടുപ്പില്‍ അത് പ്രതിഫലിച്ചെങ്കിലും പാര്‍ട്ടിയും തലൈവിയും പിന്നോട്ട് പോയില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിയതിന്റെയും മുഖ്യ ശത്രുവായ കലൈഞ്ജറിന്റെ കുടുംബപ്പോരും തുണക്കുമെന്നു തന്നെയാണ് തലൈവി പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കില്‍ പന്ത് ആരുടെ പോസ്റ്റില്‍ അടിക്കണമെന്ന് തലൈവി തീരുമാനിക്കും.

Latest