Ongoing News
പി ടിയും കുറുപ്പും: കളം വിടുന്നത് രണ്ട് സിറ്റിംഗ് എം പിമാര്‍
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം ലഭിക്കാതെ കളമൊഴിയുന്നത് രണ്ടേ രണ്ട് സിറ്റിംഗ് എം പിമാര്‍. പി ടി തോമസും എന്‍ പീതാംബരക്കുറുപ്പും. ഇരുപത് എം പിമാരില്‍ ശേഷിക്കുന്ന പതിനെട്ട് പേരും ഏറ്റുമുട്ടാനായി വീണ്ടും കളത്തില്‍ ഇറങ്ങുകയാണ്. ആര്‍ എസ് പിയുടെ കൂടുമാറ്റമാണ് കുറുപ്പിന്റെ സീറ്റ് കൊണ്ടുപോയതെങ്കില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ ആദ്യ രക്ത സാക്ഷിയാണ് പി ടി തോമസ്. റിപ്പോര്‍ട്ട് നടപ്പാക്കിയതിന്റെ പേരിലല്ല ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാടിനൊപ്പം നിന്നതിന്റെ പേരില്‍ തോമസ് കുടിയിറങ്ങേണ്ടി വന്നതെന്ന് മാത്രം. കോണ്‍ഗ്രസിന്- പന്ത്രണ്ട്, സി പി എമ്മിന്- നാല്, മുസ്‌ലിം ലീഗിന്-രണ്ട്, കേരളാ കോണ്‍ഗ്രസ് എമ്മിന് ഒന്ന് എന്നിങ്ങിനെയാണ് നിലവിലുള്ള എം പിമാര്‍. ഇവരില്‍ പി ടിയും കുറുപ്പ് ഒഴികെ ശേഷിക്കുന്നവരെല്ലാം ജനവിധി തേടുന്നുണ്ട്. രണ്ട് പേരൊഴികെ മത്സരിക്കുന്നത് സിറ്റിംഗ് സീറ്റുകളില്‍ തന്നെ.
സിറ്റിംഗ് എം പിമാരെയെല്ലാം മത്സരിപ്പിക്കാന്‍ ആദ്യം തീരുമാനിച്ചത് സി പി എമ്മാണ്. എം ബി രാജേഷ് (പാലക്കാട്), പി കെ ബിജു (ആലത്തൂര്‍), എ സമ്പത്ത് (ആറ്റിങ്ങല്‍), പി കരുണാകന്‍ (കാസര്‍കോട്). കരുണാകരന്റെ കാര്യത്തില്‍ ആദ്യം സംശയങ്ങള്‍ ഉയര്‍ന്നെങ്കിലും ആരെയും മാറ്റേണ്ടെന്നായിരുന്നു തീരുമാനം. മുസ്‌ലിം ലീഗില്‍ ഇ അഹ്മദിനെതിരെ എതിര്‍പ്പ് ഉയര്‍ന്നെങ്കിലും തര്‍ക്കം മുറുകിയതോടെ ഇ ടി മുഹമ്മദ് ബഷീറിനൊപ്പം അഹ്മദിനും നറുക്ക് വീണു. കേരളാ കോണ്‍ഗ്രസ് എമ്മിന്റെ ഏക സീറ്റായ കോട്ടയത്ത് ജോസ് കെ മാണി തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പെ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചിരുന്നു.
കോണ്‍ഗ്രസില്‍ സിറ്റിംഗ് എം പിമാരെ പലരെയും മാറ്റുമെന്ന് കരുതിയതെങ്കിലും അതുണ്ടായില്ല. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കത്തോലിക്കാ സഭക്ക് അനഭിമിതനാകേണ്ടി വന്നതാണ് പി ടി തോമസിന്റെ സീറ്റ് തെറിപ്പിച്ചത്. പി ടിക്ക് സീറ്റുണ്ടാകില്ലെന്ന് ദിവസങ്ങള്‍ക്ക് മുമ്പെ വാര്‍ത്തകള്‍ വന്നതാണ്. നിലപാടുകളുടെ പേരില്‍ സീറ്റ് ലഭിച്ചില്ലെങ്കില്‍ അതൊരു അവാര്‍ഡായി കരുതുമെന്നാണ് അവസാനവും പി ടി തോമസ് പ്രതികരിച്ചത്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ വിജ്ഞാപനം വന്നപ്പോള്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്ന നിലപാടെടുത്തതാണ് പി ടിയെ സഭയുടെ ശത്രുപക്ഷത്താക്കിയത്. കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിനൊപ്പം നിന്നതാണ് പി ടിക്ക് വിനയായത്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനോട് കാണിച്ച മൃദു സമീപനം കൂടിയായതോടെ എതിര്‍പ്പിന് കാഠിന്യം കൂടി. തിരഞ്ഞെടുപ്പ് അടുത്തെത്തിയട്ടും നിലപാട് മയപ്പെടുത്താന്‍ പി ടി തയ്യാറായില്ല.
ഇടുക്കി ബിഷപ്പുമായി അടുപ്പമുള്ള ഫ്രാന്‍സിസ് ജോര്‍ജിനെ സ്ഥാനാര്‍ഥിയാകാനുള്ള ആഗ്രഹം തോമസിനോടുള്ള ശത്രുതയായി വളര്‍ന്നു. ഒരുവേള പി ടി തോമസിനെ മത്സരിപ്പിക്കരുതെന്ന് ഫ്രാന്‍സിസ് ജോര്‍ജാണ് അനുയോജ്യനായ സ്ഥാനാര്‍ഥിയെന്നും ഇടുക്കി ബിഷപ്പ് പറയാതെ പറഞ്ഞു. തനിക്കെതിരെ ചില വൈദികര്‍ കള്ള പ്രചാരണം നടത്തുകയാണെന്ന് പി ടി തുറന്നടിച്ചു. ഇടുക്കി ഡി സി സിയും അവിടെ നിന്നുള്ള മറ്റു നേതാക്കളും മൃദുസമീപനം സ്വീകരിച്ചെങ്കിലും പറഞ്ഞതില്‍ പി ടി ഉറച്ചു നിന്നു. ഒടുവില്‍ പി ടിക്ക് സീറ്റ് നല്‍കരുതെന്ന ബിഷപ്പിന്റെ സന്ദേശം ഹൈക്കമാന്‍ഡിലും എത്തിയതോടെ പകരക്കാരനായി ഡീന്‍ കുര്യാക്കോസിന് നറുക്ക് വീഴുകയായിരുന്നു. അപ്രതീക്ഷിത രാഷ്ട്രീയ നീക്കങ്ങളിലൂടെ ആര്‍ എസ് പി. യു ഡി എഫിലെത്തിയതാണ് പീതാംബരക്കുറുപ്പിന് തിരിച്ചടിയായത്. സീറ്റ് ലഭിക്കുമെന്ന ഉറപ്പ് കുറുപ്പിന് ഇല്ലാത്തതിനാല്‍ പാര്‍ട്ടി തീരുമാനത്തെ അദ്ദേഹം സ്വാഗതം ചെയ്തു. ശ്വേതാ മേനോന്‍ വിവാദവുമായി ബന്ധപ്പെട്ട് കുറുപ്പിനെതിരായ സീറ്റ് മോഹികളുടെ കരുനീക്കം നേരത്തെ തുടങ്ങിയിരുന്നു. ഐ എന്‍ ടി യു സി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖര്‍ മുതല്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വരെ കൊല്ലത്ത് വട്ടമിട്ടിരുന്നു. പത്മജ വേണുഗോപാല്‍, ബിന്ദുകൃഷ്ണ തുടങ്ങിയവരുടെ കണ്ണും കൊല്ലത്തായിരുന്നു. ആര്‍ എസ് പിയുടെ വരവോടെ ഇവര്‍ തമ്മിലുള്ള തര്‍ക്കം ഒഴിവായെന്ന ആശ്വസത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. കുറുപ്പിന്റെ പിന്‍ഗാമിയായെത്തുന്ന എന്‍ കെ പ്രേമചന്ദ്രന്‍ മികച്ച സ്ഥാനാര്‍ഥിയായാണ് കോണ്‍ഗ്രസ് കാണുന്നതും.
സീറ്റ് ലഭിക്കാതിരുന്നിട്ടും പാര്‍ട്ടി നിലപാടിനൊപ്പം നിന്ന കുറുപ്പിനെയും പി ടി തോമസിനെയും ഇനി പാര്‍ട്ടി തലപ്പത്തേക്ക് കൊണ്ടുവരാനാണ് തീരുമാനം. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തന പരിചയമുള്ള പി ടി തോമസിനെ എ ഐ സി സി സെക്രട്ടറിയാക്കണമെന്ന് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. പീതാംബരക്കുറുപ്പിനെ കെ പി സി സി വൈസ് പ്രസിഡന്റാക്കാനും തീരുമാനിച്ചിട്ടുണ്ട്.