Connect with us

Articles

ആധ്യാത്മിക മൂല്യങ്ങളുടെ വീണ്ടെടുപ്പിന്

Published

|

Last Updated

ഇസ്‌ലാമിക ആധ്യാത്മിക മൂല്യങ്ങളുടെ വീണ്ടെടുപ്പിന് എന്ന പ്രമേയത്തില്‍ ഗുജറാത്തിലെ അഹമ്മദാബാദില്‍ ഷാഹ് ആലം എം എസ് ഗ്രൗണ്ടില്‍ ഇന്ന് ദേശീയ ഇസ്‌ലാമിക സമ്മേളനം നടക്കുകയാണ്. ദേശീയ തലത്തിലുള്ള സുന്നി സംഘടനകളുടെയും മര്‍കസ് സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനു വേണ്ടി വിവിധ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടന്നുവരുന്ന സുന്നി സമ്മേളനങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഗുജറാത്ത് മേഖലാ ദേശീയ സമ്മേളനം ഇതിനകം തന്നെ ദേശീയ ശ്രദ്ധ പിടിച്ചുകഴിഞ്ഞു. ഉത്തരേന്ത്യയില്‍ നടന്ന സമീപകാല സമ്മേളനങ്ങളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണ് ഈ ആധ്യാത്മിക സമ്മേളനം.
അറബ് വ്യാപാരികളിലൂടെ എട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ ഗുജറാത്തില്‍ ഇസ്‌ലാം എത്തിയിട്ടുണ്ട്. ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ ഇസ്‌ലാം ഇവിടെ ഒരു ജനകീയ മതമായി മാറി. ഡല്‍ഹി രാജാവായ അലാവുദ്ദീന്‍ ഖില്‍ജി ഭരണമേറ്റെടുത്തതിന് ശേഷം നീണ്ട അഞ്ച് നൂറ്റാണ്ടുകള്‍ ഗുജറാത്ത് ഭരിച്ചത് മുസ്‌ലിം രാജാക്കന്മാരാണ്. 1593ല്‍ അക്ബര്‍ ചക്രവര്‍ത്തി ഗുജറാത്ത് പിടിച്ചെടുത്ത് മുഗള്‍ സാമ്രാജ്യത്വത്തിന്റെ ഭാഗമാക്കി മാറ്റി. മുഗള്‍ ഭരണ സമയത്താണ് നിരവധി സയ്യിദ് വംശപരമ്പരകളും മതപണ്ഡിതന്മാരും ഗുജറാത്തിലെത്തിയത്. ഇവരാണ് ആദ്യകാല സൂഫി ഖാന്‍കാഹുകളും പള്ളികളും മദ്‌റസകളും ഗുജറാത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചത്. പില്‍ക്കാലത്ത് യമനില്‍ നിന്നും ഇറാഖിലെ ബസറ, നജാഫ് എന്നിവിടങ്ങളില്‍ നിന്നും കൂടുതല്‍ മുസ്‌ലിംകള്‍ ഗുജറാത്തിലെ സൂറത്തിലേക്ക് കുടിയേറി. മധ്യേഷ്യയില്‍ നിന്നുള്ള മുസ്‌ലിം വ്യാപാരികളും ഗുജറാത്തില്‍ സ്ഥിരമാക്കി. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഗുജറാത്ത് ബ്രിട്ടീഷ് ഭരണത്തിന് കീഴിലായി. വിഭജനാനന്തരം കുറേ ഗുജറാത്ത് മുസ്‌ലിംകള്‍ പാക്കിസ്ഥാനിലേക്ക് കുടിയേറി. ഇന്ത്യയില്‍ അവശേഷിച്ച മുസ്‌ലിംകള്‍ സാമ്പത്തികമായും സാമൂഹികമായും നിരവധി വെല്ലുവിളികളാണ് നേരിട്ടത്. 2002ല്‍ നടന്ന ഗുജറാത്ത് കലാപം മുസ്‌ലിംകളെ തീര്‍ത്തും നിസ്സഹായരാക്കി. ഒരു ജനതയുടെ ജീവനും സ്വത്തുക്കളും കവര്‍ന്ന കലാപം മുസ്‌ലിംകളുടെ അസ്തിത്വത്തെ തന്നെ നശിപ്പിച്ച ഒന്നായിരുന്നു. ദൂരവ്യാപകമായ ഭവിഷ്യത്തുകളാണ് ഗുജറാത്ത് കലാപം വിതച്ചത്.
ഗുജറാത്ത് കലാപത്തിന്റെ നേരിട്ടും അല്ലാതെയുമുള്ള ഇരകളെ പുനരധിവസിപ്പിക്കുന്നതിന് കേവലം രാഷ്ട്രീയ പ്രഖ്യാപനങ്ങളോ താത്കാലിക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളോ മതിയായിരുന്നില്ല. ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കു മാത്രമേ കലാപത്തിന്റ മുറിവുകള്‍ ഉണക്കാനുള്ള ശേഷിയുണ്ടായിരുന്നുള്ളൂ. ഈയൊരു പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള മര്‍കസിന്റെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഗുജറാത്തില്‍ വിവിധ ഭാഗങ്ങളില്‍ നടപ്പിലാക്കിയത്. മര്‍കസ് നടപ്പിലാക്കിത്തുടങ്ങിയ നിരവധി പദ്ധതികള്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ കൂടുതല്‍ ഫലപ്രദമായി നേരിടാന്‍ സഹായിച്ചു. കൃത്യമായ ദിശാബോധം ആവശ്യമായിരുന്ന ഗുജറാത്ത് മുസ്‌ലിംകള്‍ക്ക് വിദ്യാഭ്യാസ മുന്നേറ്റത്തിലൂടെയും വിശ്വാസ പാരമ്പര്യം കാത്തുസൂക്ഷിച്ചുകൊണ്ടുള്ള ആധ്യാത്മിക സമന്വയത്തിലൂടെയും മര്‍കസ് മാര്‍ഗദര്‍ശനം കാണിച്ചു. രാഷ്ട്രീയ മുതലെടുപ്പുകള്‍ക്കിടയില്‍ മതപരമായ സ്വത്വം നഷ്ടപ്പെടുന്നുവെന്ന സത്യം തിരിച്ചറിഞ്ഞ ഗുജറാത്ത് മുസ്‌ലിംകള്‍ മര്‍കസ് മുന്നോട്ടു വെച്ച മത ഭൗതിക വിദ്യാഭ്യാസത്തിലൂടെ പുതിയ സ്വപ്‌നങ്ങള്‍ കണ്ടുതുടങ്ങി.
മുസ്‌ലിം പണ്ഡിതര്‍ക്ക് ദേശീയ തലത്തില്‍ മുസ്‌ലിംകളെ മുന്നോട്ടു നയിക്കാന്‍ നേതൃപരമായ പങ്ക് വഹിക്കാന്‍ കഴിയാതിരിക്കുന്നത് ഇന്ത്യന്‍ മുസ്‌ലിംകളുടെ സമഗ്രമായ വികസനത്തെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. ഉത്തരേന്ത്യയുടെയും ദക്ഷിണേന്ത്യയുടെയും ഇടയിലുള്ള സാംസ്‌കാരിക, സാമൂഹിക വൈവിധ്യങ്ങളും ഇതിന് ആക്കം കൂട്ടിയിട്ടുണ്ട്. വിഭജനാനന്തര ഇന്ത്യയില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കേണ്ടിവന്ന മുസ്‌ലിംകള്‍ക്ക് നേതൃപരമായ ശൂന്യത കൂടുതല്‍ വെല്ലുവിളികള്‍ നല്‍കി. ഇവിടെയാണ് ഉത്തരേന്ത്യയില്‍ നടക്കുന്ന വിവിധ സുന്നി പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് ജനകീയ പദ്ധതികളിലൂടെ ഒരു വിദ്യാഭ്യാസ വിപ്ലവത്തിന് സമീപകാലത്ത് ഒരു തുടക്കം കുറിച്ചത്. ഓരോ സംസ്ഥാനത്തിന്റെയും തനത് സാംസ്‌കാരിക, സാമ്പത്തിക ചുറ്റുപാടില്‍ മതകീയമായ അസ്തിത്വം വീണ്ടെടുക്കാനും മാന്യവും അഭിമാനകരവുമായ ജീവിത രീതി പ്രായോഗികമാക്കാനും ഭാരത മുസ്‌ലിംകളെ മുന്നോട്ട് നയിക്കുന്ന നേതൃപരമായ പങ്കാണ് മര്‍കസ് വഹിക്കുന്നത്.
മര്‍കസ് നല്‍കിയ പുതിയ ദിശാ ബോധം വര്‍ഷങ്ങളായി പാര്‍ശ്വവത്കരിക്കപ്പെട്ട ജീവതാനുഭവങ്ങളുടെ പൊള്ളലില്‍ കഴിഞ്ഞുകൊണ്ടിരിക്കുന്ന ഉത്തരേന്ത്യന്‍ മുസ്‌ലിംകള്‍ക്ക് പുതിയ ഉണര്‍വേകി. പ്രത്യേകിച്ച് ഗുജറാത്തിലെ ചിതറിക്കിടന്നിരുന്ന മുസ്‌ലിം ജീവിതങ്ങള്‍ക്ക് കൂടുതല്‍ ശക്തി പകര്‍ന്നു. ഗുജറാത്തിലെ ഗോണ്ടല്‍, വഡോദര, ഉപ്ലേട്ട, കര്‍ജന്‍, ചാഞ്ച്‌വാല്‍, ഭുജ് എന്നിവിടങ്ങളിലായി മര്‍കസ് പബ്ലിക് സ്‌കൂളുകളും ഇസ്‌ലാമിക സ്ഥാപനങ്ങളും വിജയകരമായി നടന്നുവരുന്നു. കൂടാതെ വിവിധ മസ്ജിദുകളും മദ്‌റസകളും മര്‍കസിന്റെ കീഴില്‍ ഇസ്‌ലാമിക പ്രവര്‍ത്തനങ്ങളുടെ കേന്ദ്രങ്ങളായി സംസ്ഥാനത്തിനകത്ത് പ്രവര്‍ത്തിക്കുന്നു. പാവപ്പെട്ടവര്‍ക്കുള്ള ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, ജല വിതരണം തുടങ്ങിയ നിവരധി ചാരിറ്റി പ്രവര്‍ത്തനങ്ങളും റിലീഫ് ആന്‍ഡ് ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യക്ക് കീഴില്‍ സംസ്ഥാനത്ത് ഘട്ടം ഘട്ടമായി നടക്കുന്നുണ്ട്. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടനുസരിച്ച് മുസ്‌ലിം സമുദായം കൂടുതല്‍ ശ്രദ്ധ നല്‍കേണ്ട വിദ്യാഭ്യാസ, തൊഴില്‍ മേഖലകളില്‍ ഊന്നല്‍ നല്‍കിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കും മര്‍കസ് തുടക്കം കുറിച്ചുകഴിഞ്ഞു. ഉന്നത വിദ്യാഭ്യാസം തൊഴില്‍ രംഗത്തെ അവസരങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ജോബ്, സ്‌കില്‍ ട്രെയിനിംഗ് നല്‍കുന്ന പവലിയന്‍ ഗുജറാത്ത് സമ്മേളനത്തിന്റെ പ്രധാന ഭാഗമാണ്. സമ്മേളനത്തിന്റെ ഭാഗമായി, മര്‍കസ് വികസന മോഡല്‍ പരിചയപ്പെടുത്തുന്ന മര്‍കസ് എക്‌സ്‌പോയും ഈയൊരു ലക്ഷ്യത്തോടെയാണ് സജ്ജീകരിച്ചുട്ടുള്ളത്. ആധ്യാത്മിക മൂല്യങ്ങള്‍ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ക്ക് വിശ്വാസത്തിന്റെയും ആദര്‍ശത്തിന്റെയും അടിത്തറ പാകി, ആധുനിക വെല്ലുവിളികളെ സധീരം അഭിമുഖീകരിക്കാന്‍ മുസ്‌ലിംകളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗുജറാത്ത് സമ്മേളനത്തിലെ വിവിധ സെഷനുകള്‍ ക്രമീകരീക്കുന്നത്.

 

Latest