Connect with us

Ongoing News

ലാലു കളിക്കും, കളത്തിനു പുറത്തിരുന്ന്‌

Published

|

Last Updated

lalu cartoonസമൂസയില്‍ ആലു (ഉരുളക്കിഴങ്ങ്) ഉള്ളിടത്തോളം കാലം ബീഹാറില്‍ ലാലു ഉണ്ടാകും എന്നാണ് പറയുന്നത്. അത് ശരിയാണെന്ന് ഏറ്റവും കുറഞ്ഞത് കോണ്‍ഗ്രസെങ്കിലും വിശ്വസിക്കുന്നുണ്ടാകണം. അതുകൊണ്ടാണല്ലോ ഇപ്പോള്‍ കഷ്ടകാലമാണെന്ന് ലാലു വിശ്വസിക്കുമ്പോഴും ഒപ്പം നിര്‍ത്തിയാല്‍ ബീഹാറില്‍ നിന്ന് കുറച്ച് സീറ്റെങ്കിലും കൈപ്പിടിയിലൊതുക്കാമെന്ന് കോണ്‍ഗ്രസ് കരുതിയത്. ഡല്‍ഹിയില്‍ മാസങ്ങളോളം തപസ്സിരുന്നാണ് രാഹുലിനെ ലാലു വീഴ്ത്തിയത്. ഇതിന്റെ പേരിലും ഒടുവില്‍ സീറ്റ് വിഭജനം കഴിഞ്ഞപ്പോഴും ശക്തി വീണ്ടും ക്ഷയിക്കുന്നതാണ് കാണുന്നത്. ബീഹാറില്‍ താന്‍ തന്നെയാണ് യഥാര്‍ഥ ശക്തിയെന്ന് കരുതിയ കാലമുണ്ടായിരുന്നു ലാലുവിന്. അത് മനസ്സിലാക്കിയാണ് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ കോണ്‍ഗ്രസിന് മൂന്ന് സീറ്റ് മാത്രമേ നല്‍കൂ എന്ന് ലാലു തറപ്പിച്ച് പറഞ്ഞത്. ജനതാ പാര്‍ട്ടിയിലെ പഴയ സഹയാത്രികന്‍ രാംവിലാസ് പാസ്വാനെ ഒപ്പം നിര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിട്ടെങ്കിലും വെറും നാല് സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. കോണ്‍ഗ്രസിനെ പിണക്കിയതു കൊണ്ട് സര്‍ക്കാറിന് പുറത്ത് ഇരിക്കേണ്ടിയും വന്നു ഈ പഴയ സിംഹത്തിന്.

പതിനാറാം ലോക്‌സഭയില്‍ ഇത്തരമൊരു അവസ്ഥയുണ്ടാകരുതെന്ന് നിര്‍ബന്ധ ബുദ്ധിയുണ്ട് ലാലുവിന്. അതുകൊണ്ട് തന്നെയാണ് ബീഹാറില്‍ നിതീഷ് കുമാറിന്റെ ഐക്യ ജനതാദള്‍ എന്‍ ഡി എ സഖ്യം വിട്ട സാഹചര്യത്തില്‍ ത്രികക്ഷി സഖ്യമുണ്ടാക്കി രക്ഷപ്പെടാമെന്ന് കരുതിയത്. മൂന്ന് മാസത്തെ ഡല്‍ഹി വാസം കഴിഞ്ഞ് എത്തിയപ്പോഴേക്കും പഴയ സഹയാത്രികന്‍ ബദ്ധവൈരികളുടെ ചേരിയിലാണ്. കോണ്‍ഗ്രസെങ്കിലും ഒപ്പമില്ലാതെ രക്ഷപ്പെടാനാകില്ലെന്ന് മാനേജ്‌മെന്റ്, രാഷ്ട്രീയ തന്ത്രങ്ങള്‍ ഒരുപോലെ അറിയാകുന്ന ലാലുവിനറിയാം. എന്നാല്‍, ഇത് രണ്ടും അറിയാത്ത ചിലരുണ്ട്. അവര്‍ സ്പീക്കര്‍ക്ക് ഒരും കത്ത് നല്‍കി ഇപ്പോള്‍ ഐക്യ ജനതാദളിനൊപ്പമാണ്.
കാലിത്തീറ്റ കുംഭകോണ കേസില്‍ ശിക്ഷിക്കപ്പെട്ടെങ്കിലും ജ്യോത്സ്യന്മാരുടെ നിര്‍ദേശപ്രകാരം ചില പരിഹാരക്രിയകള്‍ ചെയ്തതോടെ ജാമ്യം ലഭിച്ചിട്ടുണ്ട്. മത്സരിക്കാനാകാത്തതു കൊണ്ട് ഇപ്പോള്‍ കോച്ചിന്റെ സ്ഥാനത്താണ്. പണ്ട് കരകയറിയ സീറ്റില്‍ ഇപ്പോള്‍ ഭാര്യയും മൂത്ത മകളുമാണ്. ഇത് കേട്ടപ്പോഴേക്കും ചിലര്‍ വിമതരായി രംഗത്തെത്തിയതൊന്നും രാഷ്ട്രീയം രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന ലാലു അത്ര കാര്യമാക്കിയെടുത്തിട്ടില്ല. അടിയന്തരാവസ്ഥ കാലത്ത് ഏകാധിപതിയായ ഇന്ദിരാ ഗാന്ധിയും അതിനേക്കാള്‍ ഏകാധിപത്യ സ്വഭാവമുള്ള മകന്‍ സഞ്ജയ് ഗാന്ധിയും നിര്‍ബന്ധിത വന്ധ്യംകരണവുമായി രംഗത്തെത്തിയപ്പോള്‍ രണ്ട് ആണ്‍മക്കളും ഏഴ് പെണ്‍മക്കള്‍ക്കും ജന്മം നല്‍കിയാണ് അതിനോട് രാഷ്ട്രീയമായി പ്രതികരിച്ചത്. പാടലീപുത്രയില്‍ ഈ തിരഞ്ഞെടുപ്പില്‍ ആര്‍ ജെ ഡി സ്ഥാനാര്‍ഥിയായ മൂത്ത മകള്‍ക്ക് മിസക്ക് പേരിട്ടപ്പോഴും രാഷ്ട്രീയം മാത്രമായിരുന്നു മുന്നില്‍. അടിയന്തരാവസ്ഥക്കാലത്ത് ഏറെ ദുരുപയോഗം ചെയ്യപ്പെട്ട നിയമമാണ് മെയിന്റനന്‍സ് ഓഫ് ഇന്റേണല്‍ സെക്യൂരിറ്റി ആക്ട് (മിസ). ഈ നിയമപ്രകാരമാണ് ലാലു ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കളെ അന്ന് ജയിലില്‍ അടച്ചത്.
ബീഹാറിലെ ദരിദ്ര കുടുംബത്തില്‍ 1948ലാണ് ജനനം. 29ാമത്തെ വയസ്സില്‍ നിയമസഭയിലെത്തി. പതിമൂന്ന് വര്‍ഷത്തിനു ശേഷം വി പി സിംഗ് മന്ത്രിസഭ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയപ്പോള്‍ ബീഹാറില്‍ ലാലു മുഖ്യമന്ത്രിയായി. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയതോടെ ഉയര്‍ന്ന ജാതി രാഷ്ട്രീയത്തിന്റെ തരംഗം കൂടിയായപ്പോള്‍ ലാലുവിന്റെ അടിത്തറ ഭദ്രവുമായി. എല്‍ കെ അഡ്വാനി അയോധ്യയിലേക്ക് നടത്തിയ രഥയാത്ര തടഞ്ഞ്, അഡ്വാനിയെ അറസ്റ്റ് ചെയ്തതോടെ ന്യൂനപക്ഷ വോട്ടുകളും ലാലുവിനൊപ്പമായി. ജനതാദളിലെ പിളര്‍പ്പുകള്‍ ബീഹാറിലെ ലാലുവിന്റെ പിന്തുണയെ ബാധിച്ചില്ല. പിളര്‍ന്ന് വളരുന്ന ജനതാദളിനേക്കാള്‍ ഭേദം സ്വന്തമായി പാര്‍ട്ടിയുണ്ടാക്കലാണെന്ന് ബോധ്യപ്പെട്ടപ്പോള്‍ ആര്‍ ജെ ഡി രൂപവത്കരിച്ചായി പിന്നീട് പ്രവര്‍ത്തനം.
ഇത്തവണ മത്സരരംഗത്തില്ലെങ്കിലും ഭാര്യക്കും മകള്‍ക്കുമൊപ്പം പാറ്റ്‌നയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ഗരീബ്‌രഥിന്റെ ലോക്കോ പൈലറ്റായി ലാലുവുണ്ടാകും.