Editorial
ശ്രീലങ്കയും മനുഷ്യാവകാശവും
എല്‍ ടി ടി ഇക്കെതിരായ യുദ്ധത്തില്‍ ശ്രീലങ്കന്‍ സേന നടത്തിയ മനുഷ്യാവകാശ ധ്വംസനങ്ങള്‍ പരിഷ്‌കൃത സമൂഹത്തിനാകെ അപമാനകരമാണ്. ജനീവ ആസ്ഥാനമായുള്ള അന്താരാഷ്ട്ര മനുഷ്യാവകാശ കമ്മീഷന്‍ പരിഗണിക്കുന്ന പ്രമേയം ശ്രീലങ്കന്‍ സര്‍ക്കാറിന് കടുത്ത വെല്ലുവിളിയായിരിക്കും. യുദ്ധവേളയില്‍ മാത്രമല്ല, എല്‍ ടി ടി ഇയെ ഉന്മൂലനനാശം ചെയ്തതിന് ശേഷവും ശ്രീലങ്കയില്‍ മനുഷ്യാവകാശലംഘനം തുടരുന്നു. 2011ലെ യു എന്‍ റിപ്പോര്‍ട്ടില്‍ ശ്രീലങ്കന്‍ സേന ആശുപത്രികള്‍, യു എന്‍ കേന്ദ്രങ്ങള്‍, അന്താരാഷ്ട്ര സഹായം എത്തിക്കുന്ന കപ്പലുകള്‍ എന്നിവയെ പോലും ആക്രമിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ബ്രിട്ടന്‍, യു എസ്, മൗറീഷ്യസ്, മാസിഡോണിയ, മൊണ്ടേനെഗ്രൊ എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് കൊണ്ടുവന്ന മനുഷ്യാവകാശലംഘന പ്രമേയത്തില്‍ ശ്രീലങ്കക്കെതിരെ അതിരൂക്ഷമായ വിമര്‍ശങ്ങളുള്ളത്. പ്രമേയം ഉടനെ പരിഗണനക്കെടുക്കും. അന്താരാഷ്ട്ര തലത്തില്‍ ശ്രീലങ്കന്‍ സര്‍ക്കാറിനും സേനക്കും ഇത് പ്രയാസങ്ങളുണ്ടാക്കും. ഈ പശ്ചാത്തലത്തില്‍ ശ്രീലങ്കയുടെ മുന്‍ പ്രസിഡന്റും യുനൈറ്റഡ് നാഷണല്‍ പാര്‍ട്ടി നേതാവുമായ ചന്ദ്രിക ബണ്ഡാരനായകെ കുമാരതുംഗ ശ്രീലങ്കന്‍ ഭരണകൂടത്തിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും മനുഷ്യാവകാശലംഘനങ്ങള്‍ അവസാനിപ്പിക്കാനും സര്‍ക്കാറിനോടും ജനതയോടും അവര്‍ ആവശ്യപ്പെട്ടു. ശ്രീലങ്കന്‍ പ്രതിപക്ഷ നേതാവ് റെണില്‍ വിക്രമസിംഗെയുമായി ചന്ദ്രിക കൂടിക്കാഴ്ചയും നടത്തി. ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട ജനാധിപത്യമൂല്യങ്ങളും മാനദണ്ഡങ്ങളും നിലവാരവും അംഗീകരിച്ചാല്‍ മാത്രമേ ശ്രീലങ്കന്‍ സര്‍ക്കാറിന് ജനീവ പ്രമേയത്തിലെ രൂക്ഷമായ പരാമര്‍ശങ്ങളില്‍ നിന്ന് രക്ഷപ്പെടാനാകുകയുള്ളൂവെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഇത്രയുമെല്ലാമായിട്ടും തമിഴ് ഭൂരിപക്ഷ വടക്കുകിഴക്കന്‍ മേഖലയില്‍ സൈനികഭരണമെന്ന് തോന്നിക്കും വിധം സൈനിക സാന്നിധ്യം തുടരുകയാണ്.
ആയുധബലം കൊണ്ട് എല്‍ ടി ടി ഇ പോരാളികളേക്കാള്‍ മികവ് പുലര്‍ത്തിയിരുന്ന ശ്രീലങ്കന്‍ സേന ചെയ്തുകൂട്ടിയ മനുഷ്യാവകാശലംഘനങ്ങള്‍ ചില്ലറയല്ല. മനുഷ്യാവകാശ ലംഘനങ്ങള്‍ എല്‍ ടി ടി ഇയും നടത്തിയിട്ടുണ്ട്. ശ്രീലങ്കന്‍ സേനയെ നേരിടാന്‍ എല്‍ ടി ടി ഇ നിരപരാധികളായ തമിഴ് സിവിലിയന്മാരെ മനുഷ്യ മറയാക്കി മാറ്റിയപ്പോള്‍ ഇയ്യാംപാറ്റകളെ പോലെ ചത്തൊടുങ്ങിയത് തമിഴര്‍ തന്നെയായിരുന്നു. പുലി നേതാവ് വേലുപ്പിള്ള പ്രഭാകരനെയും അദ്ദേഹത്തിന്റെ മറ്റു നിരവധി സഹായികളെയും ലങ്കന്‍ സേന ജീവനോടെ പിടികൂടിയ ശേഷം മൃഗീയ പീഡനത്തിന് ഇരയാക്കി കൊല്ലുകയായിരുന്നു എന്നതിന് വേണ്ടത്ര തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. പ്രഭാകരന്റെ കൗമാരക്കാരനായ മകനെപ്പോലും പിടിച്ച് തടങ്കലിലാക്കിയ ശേഷം കൊല്ലുകയായിരുന്നുവെന്ന് തെളിഞ്ഞിട്ടുണ്ട്. തമിഴ് ജനതക്ക് നേരെ ഇപ്പോഴും പീഡനങ്ങള്‍ തുടരുന്നതായാണ് റിപ്പോര്‍ട്ട്. ശ്രീലങ്കന്‍ സര്‍ക്കാര്‍ തമിഴ് പ്രശ്‌നം പരിഹരിക്കാന്‍ എല്‍ ടി ടി ഇ അടക്കമുള്ള തമിഴ് സംഘടനകളുമായി ചര്‍ച്ചക്ക് സന്നദ്ധമായിരുന്നു. പക്ഷെ എല്‍ ടി ടി ഇ നേതൃത്വത്തിന്റെ കടുംപിടിത്തം സമാധാനപരമായ ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ വിഫലമാക്കുകയായിരുന്നു. പക്ഷെ അതിന് “പിഴ” നല്‍കേണ്ടിവന്നത് തമിഴ് വംശജരാണ്.
യുദ്ധം അവസാനിച്ച് അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും വടക്കുകിഴക്കന്‍ മേഖലയിലെ പുനരധിവാസ, പുനര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഒച്ചിന്റെ വേഗതയിലാണ്. ചികിത്സാ സൗകര്യങ്ങളില്ല. ആവശ്യത്തിന് കുടിവെള്ളം പോലും കിട്ടാനില്ല. എല്ലാം ത്വരിതഗതിയില്‍ ശരിയാക്കുമെന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍ ആണയിടുമ്പോഴും ഒന്നും നടക്കുന്നില്ല. യുദ്ധവേളയില്‍ സ്ഥാപിച്ച കര മൈനുകള്‍ എടുത്ത് മാറ്റിക്കഴിഞ്ഞാല്‍ കൊളംബോയില്‍ നിന്ന് സേനയെ പിന്‍വലിക്കുമെന്ന് പറഞ്ഞ ഭരണാധികാരികള്‍ അതെല്ലാം മറന്നുകഴിഞ്ഞിരിക്കുന്നു. മ്യാന്‍മറില്‍ ഈയിടെ ഒരു മേഖലാ ഉച്ചകോടി നടന്നപ്പോള്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ശ്രീലങ്കന്‍ പ്രസിഡന്റ് മഹിന്ദ രജ പക്‌സെയുമായി ഹ്രസ്വ കൂടിക്കാഴ്ച നടത്തിയിരുന്നു. മന്‍മോഹന്‍ സിംഗ് തദവസരത്തില്‍ നിര്‍ദേശിച്ചത് ജാഫ്‌നയെ നിസ്സൈനീകരിക്കണമെന്നാണ്. ഒരു ലക്ഷത്തോളം പട്ടാളക്കാര്‍ ഇപ്പോഴും ജാഫ്‌നയില്‍ തുടരുന്നതായാണ് അറിയുന്നത്. സൈനികരുടെ അതിക്രമങ്ങള്‍ക്ക് ഇരയായവര്‍ക്ക് സൈനികസാന്നിധ്യം ഒരിക്കലും അംഗീകരിക്കാനാകില്ല. ഇത് സംഘര്‍ഷത്തിന് വഴിവെക്കുകയും ചെയ്യും.
ശ്രീലങ്കന്‍ പ്രതിപക്ഷ നേതാവ് റണില്‍ വിക്രമസിംഗെയും യു എന്‍ പി നേതാവ് ചന്ദ്രിക ബണ്ഡാരനായകെ കുമരതുംഗയും ശ്രീലങ്കയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ഒട്ടേറെ നിര്‍ദേശങ്ങള്‍ മുന്‍വെച്ചിട്ടുണ്ട്. അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയും പ്രശ്‌നപരിഹാരത്തിന് ശ്രമം നടത്തുന്നുണ്ട്. രാജ്യത്തെ സ്ഥിതിഗതികള്‍ സത്യസന്ധമായി വിലയിരുത്താന്‍ ശ്രീലങ്കന്‍ ഭരണകൂടവും തയ്യാറായാല്‍ പ്രശ്‌ന പരിഹാരം സത്വരം കണ്ടെത്താനാകും. അനാവശ്യമായ വിദേശ ഇടപെടലുകള്‍ ഒഴിവാക്കാനും ശ്രീലങ്കക്ക് കഴിയും.