Connect with us

Ongoing News

രത്‌നം കാക്കാന്‍ തൃണമൂലും കോണ്‍ഗ്രസും

Published

|

Last Updated

ഇന്ത്യയുടെ സ്വിറ്റ്‌സര്‍ലന്‍ഡ് എന്നറിയപ്പെടുന്ന മണിപ്പൂര്‍ ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നത് രണ്ട് ഘട്ടങ്ങളില്‍. ഏപ്രില്‍ ഒമ്പതിനും 17നും 1.73 കോടി വോട്ടര്‍മാരാണ് നീല കുന്നുകളാല്‍ ചുറ്റപ്പെട്ട സംസ്ഥാനത്ത് ജനവിധി നിര്‍ണയിക്കുക. കഴിഞ്ഞ തവണ ഇന്നര്‍ മണിപ്പൂര്‍, ഔട്ടര്‍ മണിപ്പൂര്‍ എന്നീ രണ്ട് മണ്ഡലങ്ങളും കോണ്‍ഗ്രസിനെ പിന്തുണച്ചപ്പോള്‍ ഇത്തവണ ഇവിടെ വിജയം കൊയ്യാന്‍ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് അരയും തലയും മുറുക്കി രംഗത്തെത്തിക്കഴിഞ്ഞു.
ഇതുവരെയുള്ള സ്ഥാനാര്‍ഥി പ്രഖ്യാപനം പൂര്‍ത്തിയായപ്പോള്‍ ഏഴ് പേരാണ് മത്സര രംഗത്തുള്ളത്. രണ്ട് മണ്ഡലങ്ങളിലും സിറ്റിംഗ് എം പിമാരെയാണ് കോണ്‍ഗ്രസ് വീണ്ടും പരീക്ഷിക്കുന്നത്. താഴ്‌വര ജില്ലകളുള്‍പ്പെടുന്ന ഇന്നര്‍ മണിപ്പൂര്‍ ജനറല്‍ സീറ്റും മലനിര ജില്ലകള്‍ ഉള്‍പ്പെടുന്ന ഔട്ടര്‍ മണിപ്പൂര്‍ ആദിവാസി സംവരണ മണ്ഡലവുമാണ്. ഡോ. തോക്കോ മെയ്‌നിയ സിംഗാണ് ഇന്നര്‍ മണിപ്പൂരില്‍ നിന്ന് വീണ്ടും ജനവിധി തേടുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. താംഗ്‌സോബൈത്തേ ഔട്ടര്‍ മണിപ്പൂരില്‍ നിന്ന് വീണ്ടും മത്സരിക്കും. 32 നിയമസഭാ മണ്ഡലങ്ങളാണ് ഇന്നര്‍ മണിപ്പൂര്‍ ലോക്‌സഭാ മണ്ഡലത്തിലുള്ളത്. 28 നിയമസഭാ മണ്ഡലങ്ങള്‍ ചേര്‍ന്നതാണ് ഔട്ടര്‍ മണിപ്പൂര്‍.
മുന്‍ എം പിയെയാണ് ഇത്തവണ തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തിറക്കുന്നത്. പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ കിം ഗാംഗ്‌തേയാണ് ഔട്ടര്‍ മണിപ്പൂരിലെ സ്ഥാനാര്‍ഥി. സരംഗ്തം മനോബി സിംഗാണ് ഇന്നര്‍ മണിപ്പൂരില്‍ തൃണമൂലിനെ പ്രതിനിധാനം ചെയ്യുക. മണിപ്പൂര്‍ സര്‍വകലാശാലയിലെ മുന്‍ രജിസ്ട്രാര്‍ ആര്‍ കെ രഞ്ജന്‍ ഇന്നര്‍ മണിപ്പൂരിലും മുന്‍ സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രിയും മണിപ്പൂര്‍ സര്‍വകലാശാലയിലെ പ്രൊഫസറുമായ ഗംഗ്മുമെയ് കാമെയ് ഔട്ടര്‍ മണിപ്പൂരിലും താമരക്ക് വേണ്ടി വോട്ടുപിടിക്കും.
സി പി ഐ, മണിപ്പൂര്‍ പീപ്പിള്‍സ് പാര്‍ട്ടി തുടങ്ങിയ ചെറുകക്ഷികള്‍ സഖ്യമുണ്ടാക്കിയാണ് മത്സരിക്കുന്നത്. സി പി ഐ നേതാവ് എം നരയാണ് സ്ഥാനാര്‍ഥി. ഇന്നര്‍ മണിപ്പൂരില്‍ നിന്നാണ് നര മത്സരിക്കുന്നത്. പത്ത് വര്‍ഷത്തോളമായി നിരാഹാര സമരം നടത്തുന്ന ഇറോം ശര്‍മിളയെ പാര്‍ട്ടിയില്‍ ചേര്‍ക്കാന്‍ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും രംഗത്തെത്തിയെങ്കിലും അവര്‍ നിരസിച്ചു. മുഖ്യമന്ത്രി ഒക്‌റാം ഇബോബി സിംഗാണ് ശര്‍മിളയെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചത്. പ്രശാന്ത് ഭൂഷണ്‍ അവരോട് എ എ പിയില്‍ ചേരാനും അഭ്യര്‍ഥിച്ചു. ആം ആദ്മിയാണ് യഥാര്‍ഥ ജനാധിപത്യ പാര്‍ട്ടിയെന്നും തനിക്ക് വോട്ട് ചെയ്യാന്‍ അനുമതി ലഭിച്ചാല്‍ അവരെ പിന്തുണക്കുമെന്നും ശര്‍മിള പറഞ്ഞു. എന്നാല്‍ പാര്‍ട്ടിയില്‍ ചേരില്ലെന്നും നിരാഹാരം തുടരുമെന്നും അവര്‍ വ്യക്തമാക്കി. രാഷ്ട്രീയക്കാര്‍ ലജ്ജയില്ലാത്തവരാണെന്നും അഫ്‌സ്പ നിയമത്തിനെതിരെ അവര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ കഴിഞ്ഞില്ലെന്നും ശര്‍മിള പറഞ്ഞു.
സംസ്ഥാനത്ത് ബി ജെ പിയും കോണ്‍ഗ്രസും പ്രചാരണം കൊഴുപ്പിക്കാനുള്ള പുറപ്പാടിലാണ്. മുഖ്യമന്ത്രി ഇബോബിയുടെ നേതൃത്വത്തിലാണ് പ്രചാരണം പുരോഗമിക്കുന്നത്. ഈ മാസം 19ന് തൗബാല്‍ ജില്ലയിലെ വാംഗ്ജിംഗ് സ്‌പോര്‍ട്‌സ് സ്റ്റേഡിയത്തില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് റാലിയെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അഭിസംബോധന ചെയ്യും. മുഖ്യമന്ത്രി ഒക്‌റം ഇബോബിയുടെ മണ്ഡലമാണിത്. ജില്ലയില്‍ രണ്ട് തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ കൂടി രാഹുല്‍ സംബന്ധിക്കുമെന്ന് മുഖ്യമന്ത്രി പി സി സി അധ്യക്ഷന്‍ എന്നിവര്‍ ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ആദിവാസികളല്ലാത്ത രണ്ട് ലക്ഷം വോട്ടര്‍മാരാണ് പ്രചാരണം നടക്കുന്ന മണ്ഡലത്തിലുള്ളത്. ഇവിടത്തെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലെ ജനങ്ങള്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരണ ഭീഷണി മുഴക്കിയിരുന്നു. തങ്ങള്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്നാണ് ഇവര്‍ ആരോപിക്കുന്നത്. ഇവരെ പാട്ടിലാക്കാനാണ് രാഹുലിന്റെ പ്രചാരണ യോഗം ഇവിടെ സംഘടിപ്പിക്കുന്നതെന്ന് പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ പറയുന്നു.
മുസ്‌ലിം ഭൂരിപക്ഷമുള്ള ഇവിടെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മുസ്‌ലിം സംഘടനകളും എതിര്‍പ്പ് എ ഐ സി സിയെ അറിയിച്ചിരുന്നു. ജില്ലയില്‍ നിന്ന് രാജ്യസഭയിലേക്ക് മുസ്‌ലിം പ്രതിനിധിയെ തിരഞ്ഞെടുക്കാമെന്നാണ് കോണ്‍ഗ്രസ് നല്‍കിയ ഉറപ്പ്. ബി ജെ പിക്കും നിര്‍ണായക സ്വാധീനമുള്ള മണ്ഡലമാണിത്, മുഖ്യമന്ത്രി ഇബോബി സിംഗിനോട് ബി ജെ പിയിലെ ഇന്ദിര ഒയിനം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേരിയ വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. ഇവരാണ് ഇത്തവണ മണ്ഡലത്തില്‍ ബി ജെ പിയുടെ ലോക്‌സഭാ സ്ഥാനാര്‍ഥിയെന്ന് പറഞ്ഞുകേട്ടിരുന്നെങ്കിലും ഒടുവില്‍ അവരെ പാര്‍ട്ടി തഴഞ്ഞു. മണ്ഡലത്തില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുകയെന്നത് മുഖ്യമന്ത്രിയുടെ അഭിമാന പ്രശ്‌നമാണെന്നതും രാഹുലിനെ തിരക്കിനിടയിലും മണ്ഡലത്തില്‍ പ്രചാരണത്തിനെത്തിക്കുന്നതിന് പിന്നിലുണ്ട്. രാഹുലിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി സംസ്ഥാനത്ത് കനത്ത സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
ഔട്ടര്‍ മണിപ്പൂര്‍ മണ്ഡലത്തില്‍ ബി ജെ പി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലിയില്‍ ഗോവ ഉപ മുഖ്യമന്ത്രി ഫ്രാന്‍സിസ് ഡിസൂസയാണ് മുഖ്യാതിഥിയായി പങ്കെടുത്തത്. സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാറിനെതിരെ ആഞ്ഞടിച്ചാണ് അദ്ദേഹം പ്രചാരണത്തിന് തുടക്കം കുറിച്ചത്. ന്യൂനപക്ഷ ക്ഷേമത്തിന് പിന്തുണ നല്‍കാത്തവര്‍ക്ക് വോട്ടില്ലെന്ന പ്രഖ്യാപനവുമായി അഞ്ച് മുസ്‌ലിം സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം, ഇടത് സഖ്യത്തില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് എന്‍ സി പി വ്യക്തമാക്കി. ദേശീയ നേതാവ് ദേവി പ്രസാദ് ത്രിപാതിയാണ് പ്രചാരണത്തിന് നേതൃത്വം നല്‍കുക. ഡോ. നരക്ക് വേണ്ടി പ്രചാരണം നടത്തുന്ന പാര്‍ട്ടി മൂന്നാം ബദല്‍ സര്‍ക്കാര്‍ യാഥാര്‍ഥ്യമായില്ലെങ്കില്‍ ബി ജെ പിയെയോ കോണ്‍ഗ്രസിനെയോ പിന്തുണക്കില്ലെന്നും എന്‍ സി പി വ്യക്തമാക്കി.

Latest