Ongoing News
തമിഴ് ദേശീയതയുടെ കലൈഞ്ജര്‍
തമിഴ് ദേശീയത രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നയാളാണ് മുത്തുവേല്‍ കരുണാനിധി. ദ്രാവിഡ പ്രസ്ഥാനങ്ങളുടെ എക്കാലത്തെയും വലിയ നേതാവ്. തമിഴ് സാഹിത്യത്തിലും സിനിമയിലും തനതായ സംഭാവനകള്‍. ലങ്കന്‍ തമിഴ് പ്രശ്‌നമുയര്‍ത്തിയാണ് യു പി എയുടെ അവസാന നാളില്‍ ഡി എം കെ സഖ്യം വിട്ടത്. ഒരു കടലിടുക്കിന്റെ ദുരമുണ്ടെങ്കിലും ലങ്കയിലെയും തമിഴ്‌നാട്ടിലെയും തമിഴ് വംശജരുടെ രക്തത്തിന് ഒരേ നിറമാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മനസ്സിലാകുന്നില്ല. രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ സുപ്രീം കോടതിയുടെ വിധിയുടെ അടിസ്ഥാനത്തില്‍ മോചിപ്പിക്കാന്‍ ആജന്മ ശത്രുവായ ജയലളിതയുടെ സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ പതുക്കെയങ്കിലും കൈയടിച്ചത് ആ ഒരൊറ്റ വികാരം കൊണ്ടു മാത്രമാണ്. വീണ്ടുമൊരു ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ തമിഴ് ദേശീയത കുടുംബവാഴ്ചയിലേക്ക് ചുരുങ്ങിയതാണ് കരുണാനിധി എന്ന വലിയ മനുഷ്യനെയും ചെറുതാക്കിയത്. ഇളയ മകന്‍ സ്റ്റാലിനെ തന്റെ പിന്‍ഗാമിയായി അവരോധിച്ചതോടെ തുടങ്ങിയ പോര് മൂത്ത മകന്‍ അഴഗിരിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നതില്‍ വരെ എത്തിനില്‍ക്കുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണം ലഭിച്ചില്ലെന്നത് പോയിട്ട് പ്രതിപക്ഷ സ്ഥാനം പോലും ലഭിക്കാതെ മൂന്നാമതായാണ് ഡി എം കെ സഖ്യം ഫിനിഷ് ചെയ്തത്. രണ്ടാം സ്ഥാനത്തുള്ള വിജയകാന്തിന്റെ ഡി എം ഡി കെ, ബി ജെ പിയുമായി സഖ്യമായാണ് ഇത്തവണ മത്സരിക്കുന്നത്. എം ഡി എം കെയും പി എം കെയും സി പി എമ്മും സി പി ഐയും കൈയൊഴിഞ്ഞു. മുമ്പുണ്ടായിരുന്ന കോണ്‍ഗ്രസുമായും ഇപ്പോള്‍ സഖ്യമില്ല. കാര്യമായ സഖ്യങ്ങളില്ലാതെ തമിഴ്‌നാട്ടില്‍ ഭരണം പിടിക്കാനാവില്ലെന്ന സ്ഥിതിയാണെങ്കിലും ചെറു കക്ഷികളുടെ പിന്തുണയോടെയണ് ഇപ്രവാശ്യത്തെ പോരാട്ടം.
1924 ജൂണ്‍ മൂന്നിന് തഞ്ചാവൂര്‍ ജില്ലയിലെ തിരുക്കുവാലൈ ഗ്രാമത്തിലാണ് ജനനം. ധനാഢ്യ കുടുംബത്തിലെ വത്സല പുത്രനായിരുന്നില്ല താനെന്നാണ് തന്റെ കുടുംബത്തെ കുറിച്ച് കരുണാനിധി തന്നെ പറയുന്നത്. പതിനാലാം വയസ്സില്‍ തന്നെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങി. ജസ്റ്റിസ് പാര്‍ട്ടിയുടെ അഴഗിരി സ്വാമിയുടെ പ്രഭാഷണങ്ങളാണ് കരുണാനിധിയുടെ മനസ്സില്‍ രാഷ്ട്രീയം വളര്‍ത്തിയത്. പിന്നീട് ദ്രവീഡിയന്‍ ആശയങ്ങളെ താലോലിച്ച് തുടങ്ങിയതോടെ ഹിന്ദിവിരുദ്ധ പ്രക്ഷോഭങ്ങളിലും പങ്കെടുത്തു. ദ്രാവിഡ മുന്നേറ്റമെന്ന ആശയത്തിന്റെ ഭാഗമായി തമിഴ്‌നാട് തമിഴ് മാനവര്‍ മന്റം എന്ന പേരില്‍ വിദ്യാര്‍ഥി സംഘടനയുണ്ടാക്കിയായിരുന്നു പിന്നീടുള്ള പ്രവര്‍ത്തനങ്ങള്‍. ആശയ പ്രചാരണത്തിന് ചലച്ചിത്രത്തെ മാധ്യമമാക്കാന്‍ തീരുമാനിച്ചത് ഇതിനിടെയാണ്. തമിഴ് സിനിമകള്‍ക്ക് തിരക്കഥ എഴുതാന്‍ തുടങ്ങി. ശക്തമായ തിരക്കഥകളെ ജനം രണ്ടു കൈയ്യും നീട്ടി സ്വീകരിച്ചു. എം ജി രാമചന്ദ്രന്‍ എന്ന നടന്റെ ഉയര്‍ച്ച കൂടിയായപ്പോള്‍ കരുണാനിധിക്ക് തിരക്കേറി.
ജസ്റ്റിസ് പാര്‍ട്ടി രൂപം മാറി ദ്രാവിഡ കഴകമായി മാറിയപ്പോള്‍ അതിന്റെ പതാകക്ക് രൂപം നല്‍കിയത് കരുണാനിധിയായിരുന്നു. അന്നത്തെ ബ്രാഹ്മണ മേല്‍ക്കോയ്മയില്‍ പ്രതിഷേധിച്ച ഇ വി രാമസ്വാമി നായ്ക്കരെന്ന പെരിയോര്‍ ആണ് ദ്രാവിഡ കഴകം എന്ന പാര്‍ട്ടി രൂപവത്കരിച്ചത്. പിന്നീടുണ്ടായ എല്ലാ ദ്രാവിഡ പാര്‍ട്ടികളുടെയും പിതൃസ്ഥാനം ദ്രാവിഡ കഴകത്തിനാണ്. സി എന്‍ അണ്ണാദുരൈയുടെ നേതൃത്വത്തില്‍ ഡി എം കെ സ്ഥാപിച്ചപ്പോള്‍ ആദ്യം പെരിയോര്‍ക്കൊപ്പം നിന്ന കരുണാനിധി പിന്നീട് ഡി എം കെയിലെ രണ്ടാമനായി. ത്രിഭാഷാ പദ്ധതി കൊണ്ടുവരാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനത്തിനെതിരെയുള്ള പോരാട്ടം ഡി എം കെക്കും കരുണാനിധിക്കും ഇന്നും തമിഴ് മനസ്സുകളിലുള്ള ജനപിന്തുണക്ക് വളരെയധികം സഹായിച്ചിട്ടുണ്ട്. 1969ല്‍ അണ്ണാദുരൈ മരിച്ചപ്പോള്‍ മുഖ്യമന്ത്രി പദത്തിലേക്ക് ഡി എം കെയുടെ ഒരൊറ്റ പേരേ ഉണ്ടായിരുന്നുള്ളൂ. എം കരുണാനിധി.
1989ല്‍ വി പി സിംഗ് സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലേറുമ്പോള്‍ പിന്തുണയുമായി കലൈഞ്ജറുണ്ടായിരുന്നു. പിന്നീട് മൂന്നാം മുന്നണിയുടെയും ബി ജെ പി സഖ്യത്തിന്റെയും ഒടുവില്‍ കോണ്‍ഗ്രസ് സഖ്യത്തിന്റെയും കൂടെ നിന്ന് കേന്ദ്രത്തില്‍ ഭരണം പങ്കിട്ടു. സംസ്ഥാനത്ത് കോണ്‍ഗ്രസുമായി സഖ്യമില്ലെങ്കിലും കേന്ദ്രത്തില്‍ യു പി എ സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള സാഹചര്യമുണ്ടായാല്‍ കരുണാനിധിയുമുണ്ടാകും യു പി എയിലെന്ന് തീര്‍ച്ച.