Ongoing News
ചൂളമടിച്ചും കൂകിപ്പാഞ്ഞും മേഘാലയന്‍ പ്രചാരണം
മേഘാലയയിലേക്ക് ഇത്തവണ തിരഞ്ഞെടുപ്പ് പ്രചാരണമെത്തുന്നത് ട്രെയിന്‍ കയറിയാണ്. ചെങ്കുത്തായ കുന്നുകളിലൂടെയുള്ള തീവണ്ടിപ്പാതയിലൂടെ മെന്‍തിപഥാര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് ആദ്യ തീവണ്ടിയെത്തുന്നതും കാത്തിരിക്കുകയാണ് ഷില്ലോംഗുകാര്‍. അടുത്ത മാസം ഒന്നിന് 19.47 കിലോമീറ്റര്‍ ദൂരമുള്ള പാതയിലൂടെ ട്രെയിനെത്തും. ഇന്ത്യയുടെ റെയില്‍ ഭൂപടത്തില്‍ മേഘാലയക്ക് സ്ഥാനം എന്നതാണ് ഈ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ തുറുപ്പ് ചീട്ട്. ആദ്യ ട്രെയിന്‍ തിരഞ്ഞെടുപ്പിന് ഒരാഴ്ച മുമ്പ് എത്തുന്ന വിധത്തില്‍ കാര്യങ്ങള്‍ തീരുമാനിച്ചതും യാദൃശ്ചികമല്ല. ഇരുപത് കിലോമീറ്റര്‍ പോലുമില്ലാത്ത റെയില്‍പാത പദ്ധതി യാഥാര്‍ഥ്യമാകുന്നത് 24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ്.
മേഘാലയുടെ വികസനത്തിന്റെ അടയാളമായി ട്രെയിനിനെ ഉയര്‍ത്തിക്കാട്ടി കോണ്‍ഗ്രസ് പ്രചാരണം തുടങ്ങിക്കഴിഞ്ഞു. മുഖ്യമന്ത്രി മുകുള്‍ സാംഗ്മയാണ് പ്രതിപക്ഷം ഒട്ടേറെ അവസരങ്ങള്‍ നഷ്ടമാക്കിയെന്നും തങ്ങളാണ് റെയില്‍പാത യാഥാര്‍ഥ്യമാക്കിയതെന്നും അവകാശപ്പെടുന്നത്.
ഏപ്രില്‍ ഒമ്പതിന് ഒറ്റ ഘട്ടമായാണ് മേഘാലയിലെ രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസ്, എന്‍ പി പി, നാഷനലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍ സി പി), ഹില്‍ സ്റ്റേറ്റ് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (എച്ച് പി ഡി പി), ബി ജെ പി എന്നിവയാണ് സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍. ഷില്ലോംഗ്, തുറ മണ്ഡലങ്ങളാണ് ഇവിടെ ജനവിധി തേടുന്നത്. മുന്‍ ലോക്‌സഭാ സ്പീക്കര്‍ പി എ സാംഗ്മ അദ്ദേഹത്തിന്റെ പാര്‍ട്ടിയായ നാഷനല്‍ പിപ്പീള്‍സ് പാര്‍ട്ടി (എന്‍ പി പി)യുടെ സ്ഥാനാര്‍ഥിയായി തുറയില്‍ മത്സരിക്കും. 15,53,028 വോട്ടര്‍മാരാണ് ഇത്തവണ ജനവിധി നിര്‍ണയിക്കുക. വോട്ടര്‍പട്ടികയിലെ മുഴുവന്‍ പേര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയ സംസ്ഥാനമാണ് മേഘാലയ. തുറ മണ്ഡലത്തില്‍ ഈ തിരഞ്ഞെടുപ്പില്‍ വോട്ടര്‍ വെരിഫയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍ (വി വി പി എ ടി) എന്ന സംവിധാനം തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്.
മൂന്ന് ഗോത്ര വിഭാഗങ്ങളാണ് മേഘാലയുടെ രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണയിക്കുന്നത്. ഗാരോ, ജെയ്ന്തിയ, ഖാസി എന്നീ വിഭാഗങ്ങളാണിവ. മുന്‍ ലോക്‌സഭാ സ്പീക്കര്‍ പി എ സാംഗ്മക്ക് കോണ്‍ഗ്രസ് വിരുദ്ധ വോട്ടുകളിലാണ് പ്രതീക്ഷ. സാംഗ്മക്ക് പിന്തുണ പ്രഖ്യാപിക്കാനാണ് ബി ജെ പി ശ്രമിക്കുന്നത്. കേന്ദ്ര ഗ്രാമ വികസന സഹ മന്ത്രിയും സാംഗ്മയുടെ മകളുമായ അഗതാ സാംഗ്മയാണ് തുറ മണ്ഡലത്തിലെ സിറ്റിംഗ് എം പി. വീണ്ടും ദേശീയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനാണ് ഇത്തവണ മകളെ മണ്ഡലത്തില്‍ നിന്ന് മാറ്റി സ്വയം മത്സരിക്കുന്നത്. എന്‍ സി പിയിലായിരുന്ന അഗതാ സാംഗ്മ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് പിതാവിന്റെ പാര്‍ട്ടിയില്‍ ചേര്‍ന്നിട്ടുമുണ്ട്. ഈ ലോക്‌സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു അവര്‍.
യുനൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കി മത്സരിക്കാനാണ് കോണ്‍ഗ്രസ് തീരുമാനിച്ചതെങ്കിലും പിന്നീട് ഒറ്റക്ക് മത്സരിക്കുകയായിരുന്നു. എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നത് കോണ്‍ഗ്രസിനും എന്‍ പി പിക്കും ഓരോ സീറ്റുകള്‍ ലഭിക്കുമെന്നാണ്. തുറ മണ്ഡലത്തില്‍ ബി ജെ പിക്ക് നിര്‍ണായക സ്വാധീനമുണ്ട്. ഷില്ലോംഗില്‍ കോണ്‍ഗ്രസിനാണ് ജനപിന്തുണ. വൈദ്യുതിയാണ് തുറ മണ്ഡലത്തിലെ പ്രധാന പ്രചാരണ വിഷയം. വൈദ്യുത പദ്ധതികളുടെ അഭാവം കാരണം മണ്ഡലത്തിലെ മിക്ക പ്രദേശങ്ങളും രാത്രി ഇരുട്ടിലാണ്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഇന്നലെ മേഘാലയ എനര്‍ജി കോര്‍പറേഷന്‍ ലിമിറ്റഡ് ശനിയാഴ്ച നൂറ് മെഗാവാട്ടിന്റെ സോളാര്‍ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. യുനൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വര്‍ക്കിംഗ് പ്രസിഡന്റ് പോള്‍ ലിംഗ്‌ദോയാണ് ഇവിടെ സ്ഥാനാര്‍ഥി. ഇദ്ദേഹത്തെ സഖ്യത്തിലെ കെ എച്ച് എന്‍ എ എം, എച്ച് എസ് പി ഡി പി പാര്‍ട്ടികള്‍ പിന്തുണക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. പ്രമുഖ പ്രാദേശിക പാര്‍ട്ടികളാണ് ഇവ. എന്നാല്‍, ദേശീയ പാര്‍ട്ടികള്‍ ഇദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ലിംഗ്‌ദോദിനെ മാറ്റി മുന്‍ ഉപമുഖ്യമന്ത്രി ബിന്ദോ എം ലിനോംഗിനെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് ഈ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടത്.
എന്നാല്‍, മുന്നണിയുടെ തീരുമാനം ഇവരെ ധരിപ്പിക്കുമെന്നും രണ്ട് പാര്‍ട്ടികളുമായി ചര്‍ച്ച നടക്കുകയാണെന്നും യു ഡി പി പ്രസിഡന്റ് ദോംഗ്‌കോപര്‍ റോയ് പറഞ്ഞു. തുറ മണ്ഡലത്തില്‍ ഇത്തവണ കോണ്‍ഗ്രസിന്റെ വിന്‍സെന്റ് എച്ച് പാലയാണ് മത്സരിക്കുന്നത്. ഷില്ലോംഗില്‍ നിന്നുള്ള സിറ്റിംഗ് എം പിയാണ്. മുന്‍ കേന്ദ്ര ജലസേചന സഹമന്ത്രിയായിരുന്നു ഇദ്ദേഹം. കഴിഞ്ഞ തവണ 2.32 ലക്ഷം വോട്ടുകള്‍ക്കാണ് ഇദ്ദേഹം ജയിച്ചത്. വില്യം ചേരനാണ് ഷില്ലോംഗിലെ സ്ഥാനാര്‍ഥി.