National
കടല്‍ക്കൊല കേസില്‍ ഐക്യരാഷ്ട്ര സഭ ഇടപെടുന്നു
ന്യൂഡല്‍ഹി: ഇറ്റാലിയന്‍ നാവികര്‍ പ്രതികളായ കടല്‍ക്കൊല കേസില്‍ ഐക്യരാഷ്ട്ര സഭ ഇടപെടുന്നു. ഐക്യരാഷ്ട്ര സഭ ജനറല്‍ അസംബ്ലി പ്രസിഡന്റ് ജോണ്‍ ആഷെ ഇന്ന് ഉച്ചക്ക് ശേഷം ഇന്ത്യയിലെത്തും. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്, വിദേശകാര്യ സെക്രട്ടറി എന്നിവരുമായി അദ്ദേഹം ചര്‍ച്ച നടത്തും. പ്രശ്‌നത്തില്‍ ഇറ്റലിയുടെ നിലപാട് അദ്ദേഹം ഇന്ത്യയെ അറിയിക്കുമെന്നാണ് സൂചന.
നാവികരെ കേസില്‍ നിന്നൊഴിവാക്കുന്നതിനായി ഇറ്റലി കഴിഞ്ഞ ദിവസം യു എന്നില്‍ അപ്പീല്‍ നല്‍കിയിരുന്നു. ഇറ്റാലിയന്‍ ആഭ്യന്തര മന്ത്രി എയ്ഞ്ചലോ അല്‍ഫിനോ യു എന്‍ സെക്രട്ടറി ജനറലുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. അതിന് ശേഷമാണ് അപ്പീല്‍ നല്‍കിയത്.
നാവികരുടെ വിചാരണ ഇറ്റലിയിലേക്ക് മാറ്റണമെന്ന ആവശ്യമാണ് പ്രധാനമായും ഇറ്റലി ഉന്നയിക്കുന്നത്. അതേസമയം മുന്‍ നിലപാടില്‍ നിന്ന് ഇന്ത്യ പിന്നോട്ട് പോകില്ലെന്നാണ് റിപ്പോര്‍ട്ട്.