Connect with us

International

കടല്‍ക്കൊല: ഐക്യരാഷ്ട്ര സഭ ഇടപെടുന്നു

Published

|

Last Updated

ന്യൂയോര്‍ക്ക്: ഇന്ത്യയും ഇറ്റലിയും ഉള്‍പ്പെട്ട കടല്‍ക്കൊലക്കേസില്‍ ഐക്യരാഷ്ട്ര സഭ ഇടപെടാനൊരുങ്ങുന്നു. ഇറ്റലി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് വിഷയത്തില്‍ യു എന്‍ ഇടപെടുന്നത്. മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനിടെ വിഷയം അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് യു എന്‍ ജനറല്‍ അസംബ്ലി പ്രസിഡന്റ് ജോണ്‍ ആഷെ ഇറ്റലിയെ അറിയിച്ചു.
ഇറ്റാലിയന്‍ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ അഞ്ജലിനോ അല്‍ഫാനോ കഴിഞ്ഞ ദിവസം ആഷെയെ സന്ദര്‍ശിച്ച് വിഷയത്തില്‍ ഇടപെടണമെന്ന് അഭ്യര്‍ഥിച്ചിരുന്നു.
ഇന്ന് ആരംഭിക്കുന്ന ആഷെയുടെ സന്ദര്‍ശനം 22 വരെ നീളും. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് തുടങ്ങിയവരുമായി ആഷെ കൂടിക്കാഴ്ച നടത്തും. സന്ദര്‍ശനത്തിനിടെ കടല്‍ക്കൊലക്കേസ് ഇന്ത്യക്ക് മുന്നില്‍ ഉന്നയിക്കുമെന്നാണ് ആഷെയുടെ വക്താവ് ഇറ്റലിയെ അറിയിച്ചിട്ടുള്ളത്.
ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണുമായും ഇറ്റാലിയന്‍ ഉപപ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നെങ്കിലും ഇതുസംബന്ധമായി ഇരുവരും ചര്‍ച്ച ചെയ്തില്ലെന്നാണ് സൂചന. വിഷയം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് ബാന്‍ കി മൂണ്‍ നേരത്തെ നിലപാട് വ്യക്തമാക്കിയിരുന്നു.
ഇറ്റാലിയന്‍ നാവികരായ ലെത്തോറെ മാസിമിലിയാനോ, സാല്‍വത്തോറെ ജിറോണ്‍ എന്നിവരുടെ വെടിയേറ്റ് കൊല്ലം നീണ്ടകരയില്‍ നിന്ന് മത്സ്യബന്ധനത്തിനുപോയ രണ്ട് പേര്‍ കൊല്ലപ്പെട്ടതാണ് കേസിനാസ്പദമായ സംഭവം.

Latest