Ongoing News
ആലത്തൂര്‍ ആരെ തുണക്കും?
കര്‍ഷക തൊഴിലാളികളുടെയും കര്‍ഷകരുടെയും ഈറ്റില്ലമാണ് ചുവപ്പ് കോട്ടയായ ആലത്തൂര്‍. ഇടത് സ്ഥാനാര്‍ഥികള്‍ ഓരോ വര്‍ഷവും ഭൂരിപക്ഷം വര്‍ധിപ്പിച്ച് റെക്കാര്‍ഡിലേക്ക് കടക്കുമ്പോള്‍ ഇത്തവണയും അത് ആവര്‍ത്തിക്കുമെന്ന് ഇടതുപക്ഷം കരുതുന്നു. ശ്രമിച്ചാല്‍ മാര്‍കിസ്റ്റാചാര്യന്‍ ഇ എം എസിനെ പോലും വിറപ്പിച്ച ആലത്തൂര്‍ പിടിച്ചെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് യു ഡി എഫ്.
1977ല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ഉറച്ച സീറ്റായ ആലത്തൂരില്‍ ഇ എം സിനെ സി പി എം സ്ഥാനാര്‍ഥിയാക്കി. എതിര്‍പക്ഷത്ത് യു ഡി എഫ് സ്ഥാനാര്‍ഥി വി എസ് വിജയരാഘവനായിരുന്നു. 1,377 വോട്ടുകള്‍ക്കാണ് ഇ എം എസ് വിജയിച്ചത്. ഇത് വരെ മൃഗീയ ഭൂരിപക്ഷത്തോടെ വിജയിച്ച ആലത്തൂരില്‍ സി എം എമ്മിനേറ്റ തിരിച്ചടിയായിരുന്നു ഇത്.
ഫലം പുറത്ത് വന്നപ്പോള്‍ വിജയിച്ചത് വി എസ് വിജയരാഘവനായിരുന്നുവെന്നാണ് ഇ എം എസിന്റെ വാദം. 91ല്‍ നടന്ന നിയമസഭാ തിരഞ്ഞടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി നിന്ന എ വി ഗോപിനാഥന്‍ 338 വോട്ട് നേടി വിജയിച്ച ചരിത്രവുമുണ്ട്. ഇത്തരത്തില്‍ സി പി എമ്മിനേറ്റ ചെറിയ തിരിച്ചടികളാണ് യു ഡി എഫിന് നേരിയ പ്രതീക്ഷ നല്‍കുന്നത്. ആലത്തൂര്‍ ലോക്‌സഭാ മണ്ഡലമായതിന് ശേഷം രണ്ടാമത്തെ തിരെഞ്ഞടുപ്പാണിത്. മുമ്പ് ഒറ്റപ്പാലം ലോക്‌സഭാ മണ്ഡലമായിരുന്നു. ആലത്തൂര്‍ മണ്ഡലത്തിന്റെ കന്നിയങ്കത്തില്‍ പി കെ ബിജു സീറ്റ് പിടിച്ചടക്കിയെങ്കിലും പഴയ ഒറ്റപ്പാലം മണ്ഡലത്തില്‍ കോണ്‍ഗ്രസും ഇടതുപക്ഷവും മാറി വിജയിച്ച ചരിത്രവുമുണ്ട്.
1977ല്‍ ഒറ്റപ്പാലം ലോക്‌സഭാ‘മണ്ഡലം രൂപവത്കൃതമായപ്പോള്‍ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ കെ കുഞ്ഞുമ്പുവാണ് വിജയിച്ചത്. 80ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ സി പി എമ്മിലെ എ കെ ബാലനും വിജയിച്ചു. 84ല്‍ രാഷ്ടപതിയായിരുന്ന കെ ആര്‍ നാരായണനെ ഒറ്റപ്പാലത്ത് സ്ഥാനാര്‍ഥിയായി നിര്‍ത്തിയപ്പോഴാണ് ഇടതില്‍ നിന്ന് കോണ്‍ഗ്രസ് സീറ്റ് പിടിച്ചെടുത്തത്. 89, 91ലും കെ ആര്‍ നാരായണന്‍ തന്നെ വിജയിച്ചു.
കെ ആര്‍ നാരായണന്‍ തിരഞ്ഞെടുപ്പ് രംഗത്ത് നിന്ന് വിട്ടതോടെയാണ് ഇടതുപക്ഷം വീണ്ടും സീറ്റ് പിടിച്ചെടുത്തത്. 93ല്‍ എസ് ശിവരാമനും പിന്നീട് ഒറ്റപ്പാലം ചരിത്രമാകുന്നത് വരെ നടന്ന 96, 98, 99, 2004 തിരഞ്ഞെടുപ്പുകളില്‍ എസ് അജയകുമാര്‍ ഇടത് സ്ഥാനാര്‍ഥിയായി വെന്നിക്കൊടി പാറിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജനതാദള്‍ യു ഡി എഫിനൊപ്പമായിരുന്നെങ്കില്‍ ഇത്തവണ സോഷ്യലിസ്റ്റ് ജനതാ പ്രവര്‍ത്തകരുണ്ട്. ഒരു സംഘം പ്രവര്‍ത്തകര്‍ എല്‍ ഡി എഫിനൊപ്പമുള്ള ജനതാദളിലേക്ക് തിരികെ പോയിട്ടുണ്ട്. ഇത് ചിറ്റൂര്‍ മേഖലയെ ബാധിക്കില്ലെന്ന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പെരുമാട്ടി പഞ്ചായത്തില്‍ അധികമായിനേടിയ 3000 വോട്ട് ചൂണ്ടിക്കാണിച്ച് യു ഡി എഫ് പ്രവര്‍ത്തകര്‍ പറയുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം നടന്ന 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ചിറ്റൂരും വടക്കാഞ്ചേരിയും യു ഡി എഫിനൊപ്പമായി. ശേഷിക്കുന്ന മണ്ഡലങ്ങളില്‍ തരൂര്‍, ആലത്തൂര്‍, ചേലക്കര എന്നിവിടങ്ങളില്‍ വിജയിച്ച എല്‍ ഡി —എഫ് സ്ഥാനാര്‍ഥികളുടെ ഭൂരിപക്ഷം കാല്‍ ലക്ഷത്തിനടുത്താണ്. കുന്നംകുളത്തുമാത്രമാണ് ഭൂരിപക്ഷം അഞ്ഞൂറില്‍ത്താഴെയായത്. തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ യു ഡി എഫ് നില മെച്ചപ്പെടുത്തിയിരുന്നു. രണ്ട് നഗരസഭകളും 56 പഞ്ചായത്തുകളുമാണ് മണ്ഡലത്തിലുള്ളത്.———
2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആലത്തൂരില്‍ പി കെ ബിജു 20,960 വോട്ടിന്റെ ഭൂരിപക്ഷമാണ് നേടിയത്. ആകെയുള്ള 10,98,366 വോട്ടില്‍ 8,26,891 എണ്ണമാണ് രേഖപ്പെടുത്തിയത്. പി കെ ബിജു 3,87,352 വോട്ടും എതിര്‍ സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെ എന്‍ കെ സുധീര്‍ 3,66,392 വോട്ടും നേടി. ബി —ജെ പി യുടെ എം ബിന്ദു 53,890 വോട്ട് നേടി. ഇത്തവണ ആലത്തൂരില്‍ പി കെ ബിജു തന്നെയാണ് ഇടത് സ്ഥാനാര്‍ഥി. യു ഡി എഫ് തത്തമംഗലം നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ എ ഷീബയുമാണ് ഏറ്റുമുട്ടുന്നത്. ബി ജെ പിക്ക് വേണ്ടി പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട് മത്സരിക്കും. കാര്‍ഷിക മേഖലയമായി ബന്ധപ്പെട്ട പ്രശനങ്ങളാണ് തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുക. പ്ലാച്ചിമട ട്രൈബ്യൂണല്‍ ബില്‍, പറമ്പികുളം- അളിയാര്‍ അന്തര്‍ സംസ്ഥാന നദി ജല കരാര്‍, ദേശീയ പാത 47ന്റെ വികസനം എന്നിവ മണ്ഡലത്തില്‍ ചര്‍ച്ചാ വിഷയമാകും.