International
സിറിയന്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്‌റാഈല്‍ ആക്രമണം

ദമസ്‌കസ്: പിടിച്ചെടുത്ത ജൗലാന്‍ കുന്നുകളില്‍ നടന്ന ബോംബാക്രമണത്തില്‍ തങ്ങളുടെ നാല് സൈനികര്‍ക്ക് പരുക്കേറ്റതിന് പ്രതികാരമായി സിറിയന്‍ സൈന്യത്തിന്റെ നിരവധി കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതായി ഇസ്‌റാഈല്‍. അതേസമയം ഇസ്‌റാഈല്‍ ആക്രമണത്തില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടതായും ഏഴ് പേര്‍ക്ക് പരുക്കേറ്റതായും സിറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സൈനിക ആസ്ഥാനം, സൈനിക പരിശീലന കേന്ദ്രം തുടങ്ങിയവ ലക്ഷ്യം വെച്ചായിരുന്നു ആക്രമണമെന്ന് ഇസ്‌റാഈല്‍ സൈന്യം പറഞ്ഞു. യാബ്‌റൗദ്, വടക്കന്‍ ദമാസ്‌കസ് എന്നിവ തിരിച്ചുപിടിച്ചു സിറിയന്‍ സൈന്യം വിമത സൈന്യത്തിനു മേല്‍ നേടിയ വിജയത്തില്‍ നിന്നും ശ്രദ്ധതിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വ്യോമാക്രമണമെന്ന് സിറിയന്‍ സൈന്യത്തിന്റെ ജനറല്‍ കമാന്‍ഡ് പറഞ്ഞു. ഇസ്‌റാഈലിന്റെ ഇത്തരം അതിക്രമങ്ങള്‍ മേഖലയിലെ സുരക്ഷയേയും സുസ്ഥിരതയേയും ബാധിക്കുമെന്നും പ്രതിരോധത്തിന് നിര്‍ബന്ധിതമാകുമെന്നും സിറിയ മുന്നറിയിപ്പ് നല്‍കി. സിറിയയില്‍ സംഘര്‍ഷം ഉടലെടുത്ത ശേഷം നിരവധി വ്യോമാക്രമണങ്ങള്‍ ഇസ്‌റാഈല്‍ നടത്തിയിട്ടുണ്ട്.