Connect with us

National

നാടകീയതകള്‍ക്ക് അന്ത്യം; അദ്വാനി ഗാന്ധിനഗറില്‍ തന്നെ മത്സരിക്കും

Published

|

Last Updated

ന്യൂഡല്‍ഹി: രണ്ട് ദിവസത്തെ നാടകീയതകള്‍ക്കൊടവില്‍ ഗാന്ധിനഗര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് മത്സരിക്കാന്‍ ബി ജെ പിയുടെ മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനി വഴങ്ങി. പാര്‍ട്ടി നേതൃത്വത്തിന്റെയും ആര്‍ എസ് എസിന്റെയും ശക്തമായ സമ്മര്‍ദത്തെ തുടര്‍ന്നാണ് നരേന്ദ്ര മോദി ഭരിക്കുന്ന ഗുജറാത്തിന് പുറത്ത,് ഭോപ്പാലില്‍ മത്സരിക്കാനുള്ള ആഗ്രഹം അദ്ദേഹം ഉപേക്ഷിച്ചത്. ബുധനാഴ്ച ചേര്‍ന്ന പാര്‍ട്ടി തിരഞ്ഞെടുപ്പ് സമിതി യോഗം അദ്വാനി ഗാന്ധിനഗറില്‍ നിന്ന് മത്സരിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ നരേന്ദ്രമോദിയുമായി രൂക്ഷമായ അഭിപ്രായ വ്യത്യാസമുള്ള അദ്വാനി ഭോപ്പാലില്‍ മത്സരിക്കാനാണ് ആഗ്രഹം പ്രകടിപ്പിച്ചത്. തന്നെ അഞ്ച് തവണ ജയിപ്പിച്ച ഗാന്ധിനഗറില്‍ നിന്ന് മത്സരിക്കാന്‍ തയ്യാറല്ലെന്ന് അദ്ദേഹം തറപ്പിച്ച് പറയുകയും ചെയ്തു. ഇതോടെ ബി ജെ പിയില്‍ പ്രതിസന്ധി രൂക്ഷമായി. ഇതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ മുതല്‍ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് സമിതി യോഗം ചേര്‍ന്നെങ്കിലും അദ്വാനിയുടെ നിലപാടില്‍ അയവുണ്ടായില്ല. അതിനിടക്ക് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായ അദ്വാനിക്ക് ഏത് മണ്ഡലം വേണമെങ്കിലും തിരഞ്ഞെടുക്കാമെന്ന പ്രസ്താവനയുമായി അധ്യക്ഷന്‍ രാജ്‌നാഥ് സിംഗ് രംഗത്തെത്തി. അദ്വാനി നിലപാട് തുടര്‍ന്ന സാഹചര്യത്തില്‍ പാര്‍ട്ടി മുതിര്‍ന്ന നേതാക്കളായ സുഷമാ സ്വരാജ്, അരുണ്‍ ജെയ്റ്റ്‌ലി, വെങ്കയ്യ നായിഡു എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് അദ്ദേഹം വഴങ്ങാന്‍ നിര്‍ബന്ധിതനായത്.
ഒടുവില്‍ പാര്‍ട്ടി തീരുമാനം അംഗീകരിച്ചു കൊണ്ട് അദ്വാനി പ്രസ്താവനയിറക്കിയതോടെയാണ് പാര്‍ട്ടി അകപ്പെട്ട പ്രതിസന്ധിക്ക് താത്കാലികമായ വിരാമമായത്. ബി ജെ പി തിരഞ്ഞെടുപ്പ് സമിതിയുടെയും പാര്‍ട്ടിയുടെ ഗുജറാത്ത് ഘടകത്തിന്റെയും ആഗ്രഹത്തെ തുടര്‍ന്നാണ് താന്‍ ഗാന്ധിനഗര്‍ മണ്ഡലത്തില്‍ മത്സരിക്കുന്നതെന്ന് അദ്വാനി പറഞ്ഞു. തീരുമാനം അദ്വാനിയുടെ ആഗ്രഹപ്രകാരമാണെന്നും ഏത് മണ്ഡലത്തില്‍ നിന്നും മത്സരിക്കാന്‍ അദ്ദേഹത്തിന് പാര്‍ട്ടിയുടെ അനുമതിയുണ്ടായിരുന്നെന്നും രാജ്‌നാഥ് സിംഗ് പ്രതികരിച്ചു.

Latest