Ongoing News
തെലുഗു ദേശത്തെ മുടിചൂടാമന്നന്‍
തെലുഗ് സംസാരിക്കുന്നവര്‍ക്കായി സംസ്ഥാനം വേണമെന്നാവശ്യപ്പെട്ട് നിരാഹാര സമരം ചെയ്ത് ജീവത്യാഗം ചെയ്ത പോറ്റി ശ്രീരാമുലുവിന് ശേഷം തെലുങ്കന്റെ വികാരം ആളിക്കത്തിച്ചയാള്‍. അതാണ് കെ സി ആര്‍ എന്ന് അണികള്‍ക്കിടയില്‍ അറിയപ്പെടുന്ന കല്‍വാകുന്തള ചന്ദ്രശേഖര്‍ റാവു. മദിരാശി ഉള്‍പ്പെടെയുള്ള വിശാല ആന്ധ്രയെന്ന ആവശ്യവുമായാണ് പോറ്റി ശ്രീരാമുലു നിരാഹാര സമരത്തിനൊടുവില്‍ മരണത്തിന് കീഴടങ്ങിയതെങ്കില്‍ ഭാഷാടിസ്ഥാനത്തില്‍ പിറവി കൊണ്ട ആദ്യ സംസ്ഥാനത്തെ രണ്ടാക്കുന്നതിനായാണ് കെ സി ആര്‍ എന്നും പോരാടിയത്. അത് ഒടുവില്‍ ഫലം കണ്ടിരിക്കുന്നു. തെലങ്കാന സംസ്ഥാനത്തിനായി ഇതിനു മുമ്പ് നടത്തിയ എല്ലാ പോരാട്ടങ്ങളും പ്രസ്ഥാനങ്ങളും പരാജയപ്പെട്ടപ്പോള്‍ ചന്ദ്രശേഖര്‍ റാവു കണ്ട വിജയം. ഇനിയുമുണ്ടൊരു ലക്ഷ്യം കൂടി. തെലങ്കാനയുടെ ആദ്യ മുഖ്യമന്ത്രിയെന്ന സ്ഥാനം. തെലങ്കാന സംസ്ഥാനം യാഥാര്‍ഥ്യമാക്കിയാല്‍ കോണ്‍ഗ്രസില്‍ ടി ആര്‍ എസ് ലയിക്കുമെന്ന റാവുവിന്റെ ഒരൊറ്റ വാക്കിന്റെ പ്രതീക്ഷയിലാണ് പാര്‍ട്ടിയില്‍ നിന്നുള്ള എല്ലാ എതിര്‍പ്പുകളും അവഗണിച്ച് സോണിയയും രാഹുലും അതിന് ഇറങ്ങിത്തിരിച്ചത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഏറ്റവും കൂടുതല്‍ സീറ്റ് വാരിക്കൂട്ടിയത് ആന്ധ്രയില്‍ നിന്നാണ്. ദൈവം സഹായിച്ച് അത് ഇത്തവണയുണ്ടാകില്ലെന്നുറപ്പ്. അതുകൊണ്ടാണ് തെലങ്കാനയുണ്ടാക്കി അവിടുന്ന് പത്ത് സീറ്റ് ഒപ്പിക്കാന്‍ രാഹുല്‍ ഓടിയത്. അത് റാവുവിന് അറിയാഞ്ഞിട്ടല്ല. പക്ഷേ, ലോക്‌സഭയേക്കാള്‍ റാവു കണ്ണുവെക്കുന്നത് നിയമസഭയിലേക്കാണ്. നിയമസഭയില്‍ ടി ആര്‍ എസ് ഏറ്റവും വലിയ ഒറ്റക്കകക്ഷിയാകുമെന്നാണ് ഡല്‍ഹിയിലിരുന്ന് ചാനലുകാര്‍ കണക്കുകൂട്ടി പറയുന്നത്. ഇപ്പോഴത്തെ ശ്രമം തെലങ്കാനയില്‍ മാന്ത്രിക സംഖ്യ ഒപ്പിക്കാനാണ്. കേന്ദ്രത്തില്‍ ആര് വരുമെന്നറിഞ്ഞിട്ടുമതി ലയനവും സഖ്യവുമൊക്കെയെന്ന നിലപാടിലാണ് റാവു.
കഴിഞ്ഞ ഫെബ്രുവരിയില്‍ അറുപത് വയസ്സ് പൂര്‍ത്തിയായ കെ സി ആറിന്റെ രാഷ്ട്രീയ പടയോട്ടത്തിന് ഇവിടെ പുതിയ ദിശ കുറിക്കപ്പെടുകയാണ്. മുഖ്യമന്ത്രിക്കസേര ലക്ഷ്യമിട്ടുള്ള പടപ്പുറപ്പാട്. ആന്ധ്രാപ്രദേശിലെ മേദകില്‍ 1954 ഫെബ്രുവരി പതിനേഴിനാണ് ചന്ദ്രശേഖര റാവുവിന്റെ ജനനം. അടിയന്തരാവസ്ഥക്ക് മുമ്പ് സഞ്ജയ് ഗാന്ധിയുടെ നിയന്ത്രണത്തിലുള്ള യൂത്ത് കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചു കൊണ്ടാണ് രാഷ്ട്രീയ ജീവിതത്തിന് തുടക്കമിട്ടത്. അടിയന്തരാവസ്ഥക്ക് ശേഷം ഇന്ദിരാ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി നേരിടുന്നത് വരെ തുടര്‍ന്നു ആ യാത്ര. തെലുഗു സിനിമയിലെ ഇതിഹാസ താരം നന്ദമുരി താരക രാമറാവു തെലുഗു ദേശം പാര്‍ട്ടിയുണ്ടാക്കിയ കാലം. ആ ചുവടുമാറ്റം അതിലേക്കായിരുന്നു. തെലുഗ് സാഹിത്യത്തില്‍ നേടിയ ബിരുദാനന്തര ബിരുദവും ആരെയും വീഴ്ത്തുന്ന വാക്ചാതുരിയും. അത് രണ്ടുമാണ് കെ എസി ആറിനെ എന്നും തുണച്ചിട്ടുള്ളത്. തെലുഗ് ഭാഷയുടെ വ്യത്യസ്ത ശൈലികളും രീതികളും ഹൃദിസ്തമാണ് റാവുവിന്. സാധാരണക്കാരനെ എന്നും ആ വാക്കുകള്‍ ഇന്നും ഇളക്കിമറിച്ചുകൊണ്ടിരിക്കുന്നു.
ടി ഡി പിയില്‍ ചന്ദ്രബാബു നായിഡു രാഷ്ട്രീയ അട്ടിമറി നടത്തിയപ്പോള്‍ ഒപ്പം നിന്ന അടുത്ത അനുയായികളിലൊരാളായിരുന്നു റാവു. 85നും 99നും ഇടയില്‍ നാല് തവണ സിദ്ദിപ്പേട്ട് മണ്ഡലത്തില്‍ നിന്ന് നിയമസഭയിലെത്തി. ഇതിനിടയില്‍ കാബിനറ്റ് മന്ത്രിയും നിയമസഭാ സ്പീക്കറുമൊക്കെയായി. നായിഡുവുമായി ഇടഞ്ഞതോടെ തെലങ്കാന സംസ്ഥാനം എന്ന ഒരൊറ്റ ലക്ഷ്യത്തിനായി തെലങ്കാന രാഷ്ട്ര സമതി രൂപവത്കരിച്ചായി പിന്നീടുള്ള പ്രവര്‍ത്തനം. അധികാരത്തിലെത്തിയാല്‍ തെലങ്കാനയെന്ന് കോണ്‍ഗ്രസ് പറഞ്ഞതോടെ 2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനൊപ്പം നിന്നു. ഒന്നാം യു പി എയില്‍ തൊഴില്‍ മന്ത്രിയുമായി. 2009ല്‍ ടി ഡി പിക്കും ഇടതിനുമൊപ്പമായിരുന്നു മത്സരം. രണ്ട് സീറ്റില്‍ ഒതുങ്ങിയതോടെ എല്ലാവരും എഴുതിത്തള്ളി. അന്ന് ടി ആര്‍ എസ് ടിക്കറ്റില്‍ വിജയിച്ച വിജയശാന്തി ഇന്ന് കോണ്‍ഗ്രസിലാണെന്നതും റാവുവിന് വിനയായിട്ടുണ്ട്. ഇത്തവണ നിയമസഭയിലേക്ക് മാത്രം മത്സരിക്കാനാണ് റാവു ലക്ഷ്യമിടുന്നത്. കേന്ദ്രത്തില്‍ ആരെത്തിയാലാകും തെലങ്കാനക്ക് വികസനമുണ്ടാകുക. അവര്‍ക്കൊപ്പമായിരിക്കും ഇനി ടി ആര്‍ എസും.