Kerala
ഇന്ത്യ ഭരിക്കുന്നത് കോര്‍പറേറ്റ് മാഫിയയെന്ന് പ്രശാന്ത് ഭൂഷണ്‍
തിരുവനന്തപുരം: ഇന്ത്യ ഭരിക്കുന്നത് കോര്‍പറേറ്റ് മാഫിയയാണെന്ന് ആം ആദ്മി പാര്‍ട്ടി (എ എ പി) നേതാവ് പ്രശാന്ത് ഭൂഷണ്‍. കോണ്‍ഗ്രസായാലും ബി ജെ പിയായാലും കോര്‍പറേറ്റുകളോടുള്ള നയങ്ങളില്‍ മാറ്റം വരുന്നില്ല. ഇതിനാലാണ് ഡല്‍ഹിയില്‍ എ എ പിക്ക് ജനങ്ങള്‍ വോട്ടു ചെയ്തതെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.
മന്ത്രിസഭയില്‍ ആര് അംഗങ്ങളാവണം എന്നു മുതല്‍ പാര്‍ലമെന്റില്‍ ആരെല്ലാം പ്രസംഗിക്കണം എന്നു വരെ തീരുമാനിക്കുന്നത് കോര്‍പറേറ്റുകളാണ്. റിലയന്‍സിന് ഏതു സാധനവും വാങ്ങാനുള്ള കടയായി കോണ്‍ഗ്രസും ബി ജെ പിയും മാറി. സര്‍ക്കാറുകള്‍ ജനങ്ങളുടെതായിരിക്കണം എന്നതുകൊണ്ടാണ് എ എ പി എന്ന പാര്‍ട്ടി തങ്ങള്‍ രൂപീകരിച്ചതെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.
ഭരിക്കാന്‍ അറിയാത്തതുകൊണ്ടല്ല ഡല്‍ഹിയില്‍ ഭരണത്തില്‍ നിന്നും ഇറങ്ങിയത്. ജന്‍ലോക്പാല്‍ ബില്‍ പാസ്സാക്കാന്‍ കോണ്‍ഗ്രസ് പിന്തുണക്കാതിരുന്നപ്പോള്‍ തങ്ങള്‍ക്ക് വറെ വഴിയില്ലായിരുന്നു എന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. ആര്‍ക്ക് പിന്തുണ നല്‍കണമെന്ന് തെരെഞ്ഞെടുപ്പ് കഴിഞ്ഞതിനുശേഷമെ തീരുമാനിക്കൂ എന്നും പ്രശാന്ത് ഭൂഷണ്‍ കൂട്ടിച്ചേര്‍ത്തു.