Ongoing News
ഇടം വലം മാറുന്ന കിഴക്കിന്റെ വെനീസ്
പുന്നപ്ര വയലാറിന്റെ വിപ്ലവ വീര്യുമുള്ള ആലപ്പുഴയുടെ മണ്ണ് മുന്നണികള്‍ക്കെല്ലാം പ്രിയങ്കരമാണ്. ആരെയും വെറുപ്പിക്കാത്ത, എല്ലാവര്‍ക്കും അവസരങ്ങള്‍ നല്‍കി, പോരായ്മകള്‍ കണ്ടാല്‍ എത്ര വമ്പനെയും വീഴ്ത്താന്‍ മടിക്കാത്തവരാണ് മണ്ഡലത്തിലേത്. രാഷ്ട്രീയ പ്രബുദ്ധതയില്‍ മുന്നിലാണെങ്കിലും ആരെയും സ്ഥിരമായി ജയിപ്പിച്ച് വിടുന്ന പാരമ്പര്യം ലോക്‌സഭാ മണ്ഡലത്തിലോ അതിലുള്‍പ്പെട്ട നിയമസഭാ മണ്ഡലങ്ങള്‍ക്കോ ഇല്ലെന്നതിന് ചരിത്രം സാക്ഷി.
ഇടത്, വലത് മുന്നണികളിലെ പ്രമുഖ നേതാക്കള്‍ ഏറ്റുമുട്ടിയ മണ്ഡലമാണ് ആലപ്പുഴ. അരൂര്‍, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം, കരുനാഗപ്പള്ളി നിയമസഭാ മണ്ഡലങ്ങളാണ് ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിലുള്ളത്. ഐക്യ കേരളം നിലവില്‍ വരും മുമ്പ് തിരുവിതാംകൂറിന്റെ ഭാഗമായിരുന്നു ആലപ്പുഴ. 1977ലാണ് ആലപ്പുഴയുടെ പേരില്‍ ലോക്‌സഭാ മണ്ഡലം നിലവില്‍ വരുന്നത്. അതിന് മുമ്പ് അമ്പലപ്പുഴയുടെ പേരിലായിരുന്നു മണ്ഡലം. 1957 മുതല്‍ 1971 വരെയുള്ള നാല് തിരഞ്ഞെടുപ്പുകളില്‍ അമ്പലപ്പുഴ മണ്ഡലം നിലനിന്നു. 1957ലെ ആദ്യ തിരഞ്ഞെടുപ്പില്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവായ പി ടി പുന്നൂസും കോണ്‍ഗ്രസ് നേതാവ് കെ പി എം ശരീഫും തമ്മിലായിരുന്നു പോരാട്ടം. 4,31,468 പേരായിരുന്നു ആകെ വോട്ടര്‍മാര്‍. 30,195 വോട്ടുകള്‍ക്ക് പി ടി പുന്നൂസ് വിജയിച്ച് ലോക്‌സഭയിലെത്തി. 1962ലെ തിരഞ്ഞെടുപ്പില്‍ സി പി ഐ നേതാവ് പി കെ വിയെയും 1967ലെ തിരഞ്ഞെടുപ്പില്‍ സി പി എമ്മിലെ സുശീലാ ഗോപാലനെയും ലോക്‌സഭയിലെത്തിച്ച അമ്പലപ്പുഴ, 1971ലെത്തിയപ്പോള്‍ കോണ്‍ഗ്രസിനൊപ്പമായി. സുശീലാ ഗോപാലനെ 25,918 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കോണ്‍ഗ്രസിലെ കെ ബാലകൃഷ്ണന്‍ അമ്പലപ്പുഴയുടെ സാരഥിയായത്.
ഇപ്പോഴത്തെ കെ പി സി സിയുടെ അമരക്കാരനും അന്നത്തെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനുമായിരുന്ന വി എം സുധീരനാണ് അടിയന്തരാവസ്ഥക്ക് ശേഷം നടന്ന, ആലപ്പുഴ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായെത്തിയത്. സി പി എമ്മിന്റെ പ്രമുഖ നേതാവ് ഇ ബാലാനന്ദനെ സുധീരന്‍ അന്ന് മുട്ടുകുത്തിച്ചു. 64,016 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് സുധീരന്‍ വിജയിച്ചത്. 1980ലെ തിരഞ്ഞെടുപ്പില്‍ എ കെ ജിയുടെ സഹധര്‍മിണി സുശീല ആലപ്പുഴയിലെത്തിയപ്പോള്‍ ചരിത്ര വിജയം നേടി. സുശീലയുടെ ഭൂരിപക്ഷത്തിന്റെ റെക്കോര്‍ഡ് ഇന്നേ വരെ ആരും തകര്‍ത്തിട്ടില്ല. 1,14,764 വോട്ടുകള്‍ക്കാണ് സുശീല ജനതാ പാര്‍ട്ടിയുടെ ഓമനപ്പിള്ളയെ പരാജയപ്പെടുത്തിയത്. 1984ല്‍ സുശീലക്ക് കോണ്‍ഗ്രസിലെ വക്കം പുരുഷോത്തമനോട് പരാജയം സമ്മതിക്കേണ്ടി വന്നു. 1989ലും വക്കത്തിനൊപ്പം നിന്ന ആലപ്പുഴയിലെ വോട്ടര്‍മാര്‍ 1991ലെത്തിയപ്പോള്‍ കന്നിയങ്കത്തിനെത്തിയ സി പി എമ്മിലെ ടി ജെ ആഞ്ചലോസിനെ തുണച്ചു. 14,075 വോട്ടുകള്‍ക്കാണ് ആഞ്ചലോസ് വക്കത്തെ പരാജയപ്പെടുത്തിയത്.
1996ലെ തിരഞ്ഞെടുപ്പില്‍ വി എം സുധീരന്റെ രണ്ടാം വരവില്‍ ആഞ്ചലോസിന് പിടിച്ചുനില്‍ക്കാനായില്ല. 1998ല്‍ സി എസ് സുജാതയെയും 1999ല്‍ സിനിമാ നടന്‍ മുരളിയും സി പി എം രംഗത്തിറക്കിയെങ്കിലും സുധീരനെ തളക്കാനായില്ല. 2004ല്‍ ഡോ. കെ എസ് മനോജിനെ ഇറക്കി ഇടതുപക്ഷം ആലപ്പുഴയെ തങ്ങള്‍ക്കൊപ്പം നിര്‍ത്തി. അപരന്റെ രംഗപ്രവേശം സുധീരനെ പരാജയത്തിന്റെ കയ്പ്പുനീര്‍ കുടിപ്പിച്ചു. 1009 വോട്ടുകള്‍ക്ക് വി എം സുധീരന്‍ പരാജയം രുചിച്ചപ്പോള്‍ അപരന്‍ നേടിയത് 8332 വോട്ടുകളാണ്. 2009 ഓടെ മത്സരരംഗം വിട്ട സുധീരന് പകരക്കാരനായി കോണ്‍ഗ്രസ് കണ്ടെത്തിയത് ആലപ്പുഴ നിയമസഭാംഗമായിരുന്ന കെ സി വേണുഗോപാലിനെയായിരുന്നു. ഡോ. കെ എസ് മനോജിനെ രണ്ടാം തവണയും സി പി എം കളത്തിലിറക്കിയെങ്കിലും ആലപ്പുഴയുടെ മനസ്സ് വേണുഗോപാലിനൊപ്പമായി. 57,635 വോട്ടുകള്‍ക്കാണ് കെ സി വേണുഗോപാല്‍ വിജയിച്ചത്.
ഇക്കുറിയും കെ സി വേണുഗോപാല്‍ തന്നെയാണ് യു ഡി എഫ് സ്ഥാനാര്‍ഥി. ഇടതു മുന്നണി സ്ഥാനാര്‍ഥിയായി രംഗത്തുള്ളത് സി പി എം ജില്ലാ സെക്രട്ടറി കൂടിയായ സി ബി ചന്ദ്രബാബുവാണ്. ഇടതുപക്ഷ ഐക്യമുന്നണി സ്ഥാനാര്‍ഥിയായി എസ് യു സി ഐ യിലെ എസ് ബിന്ദു മത്സരരംഗത്തുണ്ട്. എന്‍ ഡി എ സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത് ആര്‍ എസ് പി (ബോള്‍ഷെവിക്) ജനറല്‍ സെക്രട്ടറി പ്രൊഫ. എ വി താമരാക്ഷനാണ്.