Connect with us

Articles

ഊര്‍ജ പ്രതിസന്ധി നേരിടാന്‍ വെള്ളം

Published

|

Last Updated

ഇന്ന് ലോക ജലദിനം

കഴിഞ്ഞ വര്‍ഷം ലോക ജലദിനം ആചരിച്ചത് പ്രധാനമായും “കുടിവെള്ള ടാപ്പുകളുടെ ഉപയോഗം കുറക്കുക” എന്ന ഉദ്ദേശ്യം മുന്നോട്ട് വെച്ചായിരുന്നു. എന്നാല്‍ ഈ വര്‍ഷം ലോക ജലദിനം ആചരിക്കുമ്പോള്‍ ഐക്യരാഷ്ട്ര സഭ സന്ദേശമായി തിരഞ്ഞെടുത്തിരിക്കുന്നത് “ജലവും ഊര്‍ജവും” എന്നതാണ്.
ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളും ജലദൗര്‍ലഭ്യവും ഊര്‍ജ പ്രതിസന്ധിയും നേരിടുന്ന ഘട്ടമാണിത്. കുടിവെള്ളം ഇന്ന് കിട്ടാക്കനി എന്നത് അക്ഷരാര്‍ഥത്തില്‍ പുലര്‍ന്നിരിക്കുന്നു. രാജ്യങ്ങള്‍ വെള്ളത്തിനു വേണ്ടിയുള്ള യുദ്ധത്തിന് വരെ തയ്യാറെടുത്തുവരുന്നു. അതുപോലെ തന്നെയാണ് നിലവിലെ ഊര്‍ജ സ്രോതസ്സുകളുടെ കാര്യവും. ഫോസില്‍ ഇന്ധന ലഭ്യത ശുഷ്‌കമായിക്കൊണ്ടിരിക്കുകയും അവയുടെ ഉപയോഗം രാജ്യാന്തര തലത്തില്‍ വന്‍ മലിനീകരണത്തിനും ആഗോള താപനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനും വഴിവെക്കുകയും ചെയ്യുന്ന സ്ഥിതിയാണുള്ളത്. ഈ സാഹചര്യത്തിലാണ് ജലവും ഊര്‍ജവുമെന്ന മുദ്രാവാക്യത്തിന് പ്രസക്തിയേറുന്നത്.
ഫോസില്‍ ഇന്ധനങ്ങള്‍ വഴി ഉത്പാദിപ്പിക്കുന്ന ഊര്‍ജത്തേക്കാള്‍ സവിശേഷമാണ് ജലവൈദ്യുത പദ്ധതികള്‍ വഴിയുള്ളത്. മലിനീകരണ സാധ്യത തുലോം കുറഞ്ഞ ഈ ഊര്‍ജ സ്രോതസ്സ് ആശ്രയിക്കുന്ന ഒട്ടനവധി രാജ്യങ്ങളുണ്ട്. ആണവോര്‍ജ ഉത്പാദനത്തിനും താപനിലയങ്ങള്‍ വഴിയുള്ള ഊര്‍ജ ഉത്പാദനത്തിനും ജലം അത്യന്താപേക്ഷിതമാണ്. ലോകത്ത് ഉത്പാദിപ്പിക്കുന്ന ഊര്‍ജത്തിന്റെ എട്ട് ശതമാനവും ജലം പമ്പ് ചെയ്യുന്നതിനും ജലം വിവിധ ആവശ്യങ്ങള്‍ക്കായി വിതരണത്തിനുമാണ് ഉപയോഗിച്ചുവരുന്നത്.
2014ലെ ജല ദിനം ആചരിക്കപ്പെടുമ്പോള്‍ സമൂഹത്തിലെ താഴെ തട്ടിലുള്ള ദശലക്ഷക്കണക്കിനാളുകള്‍ ശുദ്ധജലത്തിനായും കാര്‍ഷികാവശ്യത്തിനായും ആരോഗ്യപരിപാലനത്തനത്തിനും കുളിക്കുമായും ജലം ഉപയോഗിച്ചുള്ള ഊര്‍ജ ഉത്പാനത്തിനു വേണ്ടിയും ദുരിതമനുഭവിക്കുകയാണെന്ന വസ്തുതയാണ് അംഗരാജ്യങ്ങളെ ഓര്‍മിപ്പിക്കുന്നത്. അമിത ഉപയോഗം കുറച്ച് ഹരിത സമ്പദ്‌വ്യവസ്ഥയിലേക്ക് നീങ്ങണമെന്നാണ് യു എന്‍ ആഹ്വാനം.
എന്നാല്‍, ദിനം പ്രതി ജലത്തിന്റെ ദുരുപയോഗം വര്‍ധിക്കുന്നതിനാല്‍, ശുദ്ധജല സ്രോതസ്സുകള്‍ മലിനീകരണത്തിന്റെ പിടിയിലാണ്. ഭൂഗര്‍ഭ ജലസ്രോതസ്സുകള്‍ ഭൂമിയിലെ മാലിന്യക്കൂമ്പാരം വഴി മലിനപ്പെട്ടുവരികയാണ്. ഇത് പലപ്പോഴും ജലജന്യരോഗങ്ങളുടെ ആധിക്യത്തിലേക്കാണ് ലോകത്തെ എത്തിക്കുന്നത്. നമ്മുടെ നഗരങ്ങളും ഗ്രാമങ്ങളും ഇതു മൂലം രോഗാതുരമാകുകയാണ്.
ഭൂഗര്‍ഭ ജലാശയങ്ങളില്‍ നിന്ന് വെള്ളം പുറത്തെത്തിക്കാന്‍ നാം വന്‍തോതില്‍ ഊര്‍ജം ഉപയോഗിക്കുന്നുണ്ട്. ഇത് കൂടാതെയാണ് ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്കുള്ള ജലമൊഴുക്കിനായി ഉപയോഗിക്കുന്ന ഊര്‍ജം. കാര്‍ഷിക രംഗത്ത് ജലമെത്തിക്കാന്‍ പ്രവചനാതീതമായ രീതിയിലാണ് ഊര്‍ജോപയോഗം നടക്കുന്നത്. വന്‍ തോതില്‍ ഊര്‍ജം ഉത്പാദിപ്പിക്കുന്നതിനും ജലം ഉപയോഗിക്കുന്നു. അതുകൊണ്ടാണ് ജലം ഊര്‍ജമാണെന്ന അടിസ്ഥാന തത്വത്തെ അടിസ്ഥാനമാക്കി യു എന്‍ ഈ വര്‍ഷത്തെ മുദ്രാവാക്യം തിരഞ്ഞെടുത്തത്. ജല സംരക്ഷണമെന്നാല്‍ ഊര്‍ജ സംരക്ഷണമെന്ന നിലയിലേക്കാണ് കാര്യങ്ങള്‍ എത്തിക്കുക.
പലപ്പോഴും ഉത്പാദിപ്പിക്കപ്പെടുന്ന ഊര്‍ജത്തേക്കാളേറെ ഊര്‍ജ സ്രോതസ്സുകള്‍ ജലവൈദ്യുത പദ്ധതികള്‍ വഴി പ്രാദേശിക സമൂഹത്തിന് നഷ്ടപ്പെടാന്‍ ഇടയുണ്ട്. ഓരോ ജലവൈദ്യുത പദ്ധതിയും നഷ്ടമാക്കുന്നത് വില മതിക്കാനാകാത്ത വിധമുള്ള വനപ്രദേമാണ്. ഇത് പ്രാദേശിക കാലാവസ്ഥയില്‍ മാറ്റം വരുത്തുകയും കൂടുതല്‍ വൈദ്യുതി ഉപയോഗിച്ച് ഫാന്‍, എ സി, മറ്റ് ശീതീകരണ ഉപാധികള്‍ എന്നിവ പ്രവര്‍ത്തിപ്പിക്കേണ്ടിവരികയും ചെയ്യുന്നു. ഉത്പാദിപ്പിക്കപ്പെടുന്ന ഊര്‍ജത്തിന് ആനുപാതികമല്ലാത്ത രീതിയില്‍ ഊര്‍ജ ഉപയോഗം വര്‍ധിക്കുന്നു. അതുകൊണ്ട് പലപ്പോഴും ലോകം ഊര്‍ജ പ്രതിസന്ധിയിലേക്ക് എത്തുന്നു.
കേരളത്തിലെ പെരിയാര്‍ നദിയില്‍ കെട്ടിപ്പൊക്കിയ ജലവൈദ്യുത പദ്ധതികള്‍ “ജലവും ഊര്‍ജവും” എന്ന ആശയത്തിന്റെ വെളിച്ചത്തില്‍ വിലയിരുത്തപ്പെടുന്നത് ഇങ്ങനെയാണ്: ശെങ്കുളം സ്ഥാപിത ശേഷി 48 മെഗാവാട്ട്. ഉത്പാദനം 20.8, പന്നിയാര്‍ 30 സ്ഥാപിത ശേഷിയുണ്ടെങ്കിലും ഉത്പാദനം 17 മെഗാവാട്ട് മാത്രം. നേര്യമംഗലത്തിന് 45 സ്ഥാപിതശേഷിയും 27 ഉത്പാദനവും. ഇടുക്കി 780 മെഗാവാട്ട് സ്ഥാപിത ശേഷിയും 273.7 ഉത്പാദനവുമാണ് നടക്കുന്നത്. ഇടമലയാറിന്റെ സ്ഥാപിത ശേഷി 75 മെഗാവാട്ടാണെങ്കിലും ഉത്പാദനം 36.5 മെഗാവാട്ട് മാത്രമാണ്. മിക്കവാറും ജലവൈദ്യുത പദ്ധതികളും സ്ഥാപിതശേഷിയുടെ പകുതിയോ അതിന് താഴെയോ മാത്രമാണ് ഉത്പാദനം നടത്തുന്നത്.
എന്നാല്‍ ഈ ജലവൈദ്യുത പദ്ധതികള്‍ക്കായി വെട്ടിമാറ്റിയയത് ആയിരക്കണക്കിന് ഹെക്ടര്‍ പശ്ചിമഘട്ട വനപ്രദേശമാണ്. ഇത് രൂക്ഷമായ മണ്ണൊലിപ്പിനും അണക്കെട്ടുകളുടെ സംഭരണ ശേഷി കുറക്കുന്നതിനും കാരണമായി. കോടികള്‍ ചെലവാക്കി പണിത ജലസേചന കനാലുകള്‍ വേനലില്‍ ജലമൊഴുക്കാന്‍ ഇല്ലാത്തതിനാല്‍ ഖജനാവിന് വന്‍ നഷ്ടം വരുത്തി.
ഇടുക്കി ജില്ലയിലെ താപനിലയില്‍ വന്‍ മാറ്റമാണ് പെരിയാര്‍ നദിയിലെ ചെറുതും വലുതുമായ ജലവൈദ്യുത പദ്ധതികള്‍ക്കായി മുറിച്ചുമാറ്റിയ വനമേഖലനാശം മൂലം സംഭവിച്ചത്. ഇതിന്റെ ആകെത്തുക ഊര്‍ജ ഉപയോഗത്തിന്റെ ക്രമാതീതമായ വളര്‍ച്ച പഠിച്ചാല്‍ മനസ്സിലാകും. സംസ്ഥാനത്തെ മറ്റ് ജലവൈദ്യുത പദ്ധതികളും ഇതില്‍ നിന്ന് വിഭിന്നമല്ല. എന്നാല്‍, നമുക്കിനിയും പരിസ്ഥിതി സൗഹൃദ നയമോ ഊര്‍ജ ഉത്പാനമോ സാധ്യമായിട്ടില്ല എന്നതാണ് സത്യം. ജലവൈദ്യുത പദ്ധതികള്‍ വരുത്തുന്ന ഇക്കോളജിക്കല്‍ നാശം വിലയിരുത്താതെ ഇനിയും അതിരപ്പിള്ളി, പാത്രക്കടവ്, പൂയംകൂട്ടി തുടങ്ങിയ വന്‍കിട ജലവൈദ്യുത പദ്ധതികള്‍ക്ക് പിറകെയാണ് കേരളം മാറി മാറി ഭരിക്കുന്ന സര്‍ക്കാറുകള്‍. ജലവും ഊര്‍ജവും എന്ന ആപ്തവാക്യം ലോകം ചര്‍ച്ച ചെയ്യുമ്പോള്‍ പോലും കേരളത്തിലെ ഭരണകര്‍ത്താക്കള്‍ക്ക് ഇത്തരത്തില്‍ ചിന്തിക്കാന്‍ പോലും കഴിയുന്നില്ല. സൗരോര്‍ജം, കാറ്റില്‍ നിന്ന് വൈദ്യുതി, ചെറുകിട സൂക്ഷ്മ ജലവൈദ്യുത പദ്ധതികള്‍ എന്നിവയെ കുറിച്ചൊന്നും ചിന്തിക്കാതെ കേരളം ലോക വ്യവസ്ഥക്ക് അനേക കാതം പിറകെയാണിന്നും സഞ്ചരിക്കുന്നത്. ജലം ഊര്‍ജമെന്ന തത്വം സാക്ഷാത്കരിക്കപ്പെടുന്നത് അതിന്റെ ഉപയോഗം ശാസ്ത്രീയമാകുമ്പോഴും പരിസ്ഥിതിസൗഹൃദമാകുമ്പോഴുമാണ്. സംസ്ഥാനത്ത് ജലസ്രോതസ്സുകള്‍ സംരക്ഷിക്കപ്പെടണമെങ്കില്‍ പശ്ചിമ ഘട്ടവും നദികളും സംരക്ഷിക്കപ്പെടണം.
എങ്കില്‍ മാത്രമേ ജലം ഊര്‍ജസ്രോതസ്സായി ഉപയോഗിക്കാനാകൂ. അങ്ങനെ ഉപയോഗിക്കാനായാല്‍ മാത്രമേ ഭക്ഷ്യസുരക്ഷയും കുടിവെള്ള ലഭ്യതയും ഉറപ്പാക്കാനാകൂ.

Latest