Connect with us

Kozhikode

വി എസില്‍ നിന്ന് വേറിട്ട ശബ്ദമാണ് ആഗ്രഹിക്കുന്നത്: കെ കെ രമ

Published

|

Last Updated

കോഴിക്കോട്: സി പി എമ്മിന്റെയും വി എസിന്റെയും സ്വരം ഒന്നായെന്നും നിലപാടുമാറ്റം വി എസിനു തിരിച്ചടിയാകുമെന്നും കെ കെ രമ. സത്യത്തിനും നീതിക്കും വേണ്ടിയുള്ള വേറിട്ട ശബ്ദമാണ് സി പി എമ്മില്‍ ഇതുവരെ വി എസ് ഉയര്‍ത്തിയത്. ആ ശബ്ദമാണ് വി എസില്‍ നിന്ന് ആഗ്രഹിക്കുന്നത്.

വി എസിന്റെ രാഷ്ട്രീയ നിലപാടുകളെ ഉയര്‍ത്തിപ്പിടിച്ചാണ് തങ്ങള്‍ സമരം നടത്തിയതും ആര്‍ എം പി രൂപവത്കരിച്ചതും. വി എസ് പിന്നാക്കം പോയാലും ആര്‍ എം പി നിലപാട് മാറ്റില്ല. ആര്‍ എം പിക്കു വി എസിന്റെ പൂര്‍ണ പിന്തുണ ഉണ്ടായിരുന്നു. ഇനിയും അതുണ്ടാകുമെന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നു. ഇനി എല്ലാം വി എസ് തീരുമാനിക്കട്ടെയെന്നും രമ പറഞ്ഞു. വടകരയിലെ ആര്‍ എം പി സ്ഥാനാര്‍ഥി പി കുമാരന്‍കുട്ടിയുടെ പത്രികാ സമര്‍പ്പണത്തിനു ശേഷം സംസാരിക്കുകയായിരുന്നു അവര്‍.
ഏതെങ്കിലും സ്ഥാനമാനങ്ങള്‍ പ്രതീക്ഷിച്ചാണ് വി എസ് നിലപാട് മാറ്റിയതെന്ന് ആര്‍ എം പി പറയില്ല. അതൊക്കെ ജനം തീരുമാനിക്കട്ടെ. വി എസിനെ സ്വന്തം പിതാവിനെ പോലയാണ് സ്‌നേഹിച്ചത്. ടി പിയുടെ മരണ സമയത്ത് വി എസ് കൂടെ നിന്നപ്പോള്‍ വല്ലാതെ ആശ്വസിച്ച ആളാണ് താന്‍. ഈ നിമിഷം പോലും വി എസിനെ തള്ളി പറയാനില്ല. വി എസ് നല്‍കിയ പിന്തുണ വില കുറച്ചു കാണുന്നുമില്ല.
അന്നും ഇന്നും ബഹുമാനത്തോടെയാണ് വി എസിനെ താന്‍ കാണുന്നതെന്നും രമ പറഞ്ഞു. ടി പി കേസില്‍ അദ്ദേഹത്തിന്റേത് കൃത്യമായ നിലപാടായിരുന്നു. പക്ഷേ അതില്‍ നിന്നെല്ലാം പിന്നാക്കം പോയത് വി എസാണ്.
ആര്‍ എം പി വലതുപക്ഷത്തിന്റെ വാലായി എന്നത് വി എസിനെ ആരോ തെറ്റിദ്ധരിപ്പിച്ചു പറയിച്ചതാണ്. ആര്‍ എം പിയുടെ രാഷ്ട്രീയവും തന്റെ രാഷ്ട്രീയവും വി എസിനു നന്നായി അറിയാം. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ വാക്കുകള്‍ കേട്ടു താന്‍ പ്രവര്‍ത്തിച്ചു എന്ന പരമാര്‍ശം വല്ലാതെ വേദനിപ്പിച്ചു. അവര്‍ പറഞ്ഞു.

 

Latest