Editorial
ആഗ്രഹിച്ചത് കിട്ടാത്തതില്‍ മുറുമുറുപ്പ്
രാജ്യം തിരഞ്ഞെടുപ്പ് ചൂടിലാണ്. രാഷ്ട്രീയ കക്ഷികള്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിരക്കിലാണ്. ആഗ്രഹിച്ച സീറ്റുകള്‍ കിട്ടാത്തതില്‍ ഏറെ പരാതികളുണ്ട്. നേതാക്കള്‍ തന്നെ ഇടഞ്ഞുനില്‍ക്കുന്നത് പാര്‍ട്ടികളില്‍ പ്രതിസന്ധികള്‍ ഉളവാക്കിയിട്ടുണ്ട്. ഏറെ പ്രശ്‌നങ്ങള്‍ പ്രകടമായത് ബി ജെ പിയിലാണ്. പുറത്ത് നിന്നുള്ളവര്‍ തങ്ങളുടെ സീറ്റുകള്‍ കൈയേറുന്നുവെന്നാണ് വ്യാപകമായ പരാതി. മുതിര്‍ന്ന നേതാക്കളായ എല്‍ കെ അഡ്വാനി, ലാല്‍ജി ഠാണ്ഡന്‍, ജസ്വന്ത് സിംഗ് തുടങ്ങിയവരും അസ്വസ്ഥരാണ്. വര്‍ഷങ്ങളായി ജയിച്ചുപോന്ന സീറ്റുകളില്‍ ഇത്തവണയും ജനവിധി തേടാന്‍ പലര്‍ക്കും വിമുഖതയുണ്ട്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഡല്‍ഹി, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നുയരുന്ന അപസ്വരങ്ങളും അതൃപ്തിയും പാര്‍ട്ടിയുടെ “ജനാധിപത്യ” പ്രവര്‍ത്തനത്തിന്റെ തെളിവുകളാണെന്ന് പാര്‍ട്ടി വക്താക്കള്‍ അവകാശപ്പെടുന്നുണ്ടെങ്കിലും അസ്വസ്ഥത നീറിപ്പുകയുകയാണ്. തിരഞ്ഞെടുപ്പിന് “തലേന്ന്” മറ്റു പാര്‍ട്ടികളില്‍നിന്ന് കൂറുമാറിവന്നവര്‍ക്ക് സീറ്റ് നല്‍കാന്‍ വ്യഗ്രത കാണിക്കുന്ന പാര്‍ട്ടി നേതൃത്വം, പാര്‍ട്ടിയോട് എക്കാലവും കൂറ് പുലര്‍ത്തിയവരെ അവഗണിക്കുന്നു എന്നതാണ് പരാതിയുടെ കാതല്‍.
“ഉണ്ടവന് തലചായ്ക്കാന്‍ പായ കിട്ടാഞ്ഞിട്ട് , ഉണ്ണാത്തവന് ഇല കിട്ടാഞ്ഞിട്ടെ”ന്ന് പറഞ്ഞപോലെയാണ് സ്ഥാനാര്‍ഥിനിര്‍ണയം പുരോഗമിക്കുമ്പോഴത്തെ സ്ഥിതി. രണ്ട് പതിറ്റാണ്ടുകളായി ഗുജറാത്തിലെ ഗാന്ധിനഗര്‍ മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന അഡ്വാനിക്ക്, ഇത്തവണ മധ്യപ്രദേശിലെ ഭോപാലിലേക്ക് മാറിയാലോ എന്ന് ഒരു മോഹം. ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയെ ഭയന്നാണ് അഡ്വാനിക്ക് ഈ അവസ്ഥയെന്ന് ആരും വിശ്വസിക്കില്ല. മോദിയെ പ്രധാനമന്ത്രിയാക്കാന്‍ 272ല്‍ കൂടുതല്‍ സീറ്റുകള്‍ ലക്ഷ്യം വെക്കുന്ന ബി ജെ പി അതില്‍ ഒന്നുപോലും കുറയാന്‍ ആഗ്രഹിക്കില്ല. രാജസ്ഥാനിലെ ബാര്‍മെര്‍ മണ്ഡലത്തില്‍ മത്സരിക്കാന്‍ കൊതിച്ച ജസ്വന്ത് സിംഗിനും നിരാശയായിരുന്നു ഫലം. ജസ്വന്തിന് നിഷേധിച്ച സീറ്റ്, മൂന്ന് ദിവസം മുമ്പ് ബി ജെ പിയില്‍ ചേക്കേറിയ മുന്‍ കോണ്‍ഗ്രസ് എം എല്‍ എ സോനാറാം ചൗധരിക്ക് നല്‍കുകയും ചെയ്തു. ഉത്തര്‍ പ്രദേശിലെ ഝാന്‍സി സീറ്റ് അനുവദിച്ചു കിട്ടിയ ഉമാ ഭാരതിക്ക് മധ്യപ്രദേശിലെ ഭോപാല്‍ മതിയെന്നാണ് ശാഠ്യം. കഴിഞ്ഞ ബുധനാഴ്ച കോണ്‍ഗ്രസ് വിട്ട് ബി ജെ പിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജഗദംബിക പാലിന് ദൊമരിയാ ഗഞ്ച് മണ്ഡലം അനുവദിച്ചതിനെതിരെ ബി ജെ പിക്കകത്ത് പട തുടങ്ങിക്കഴിഞ്ഞു. ഏതായാലും വാജ്പയി തലമുറയിലെ പടക്കുതിരകളെ മൂലക്കിരുത്താനും മോദി- രാജ്‌നാഥ് സിംഗ് തലമുറയെ പടക്കിറക്കാനുമുള്ള ശ്രമത്തിലാണ് ബി ജെ പി.
സ്വാതന്ത്ര്യസമര കാലഘട്ടം മുതല്‍ ഇന്ത്യാ ചരിത്രത്തിലെ സുവര്‍ണ അദ്ധ്യായത്തിന്റെ ഭാഗമായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും ആശങ്കയോടെയാണ് പതിനാറാം ലോക്‌സഭാ തിരഞ്ഞെടുപ്പിനെ കാണുന്നത്. ഒന്നും രണ്ടും യു പി എ സര്‍ക്കാറുകള്‍ക്ക് നേതൃത്വം കൊടുത്ത കോണ്‍ഗ്രസ് തങ്ങള്‍ക്കെതിരെ “എസ്റ്റാബ്ലിഷ്‌മെന്റെ്” ഭരണവിരുദ്ധ വോട്ടുകളെ മുന്നില്‍ കാണുന്നു. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് ഉത്കണ്ഠ ഏതുമില്ല; രാജ്യസഭാംഗമായതിനാല്‍. ഇനി പ്രധാനമന്ത്രി പദവിയിലേക്കില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. മന്ത്രിസഭയിലെ മൂന്നാമനായി കരുതപ്പെടുന്ന, പതിറ്റാണ്ടുകള്‍ രാജ്യത്തിന്റെ ധനമന്ത്രിയായിരുന്ന പി ചിദംബരം ഇത്തവണ ലോക്‌സഭയിലേക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ശിവഗംഗ സീറ്റ് മകന് കൈമാറുകയും ചെയ്തു. യു പി എയില്‍ മന്ത്രിമാരായി വാണരുളിയ പലരും ഇത്തവണ സമ്മതിദായകരെ നേരിടാന്‍ തയ്യാറാകാതെ ഒഴിഞ്ഞ ്‌നിന്നപ്പോള്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിര്‍ബന്ധിച്ചാണ് പലരേയും അങ്കത്തട്ടിലിറക്കിയത്. കേരളത്തിലുമുണ്ട് തെളിവുകള്‍.
ഒന്നാം യു പി എ രൂപവത്കരണത്തില്‍ നിര്‍ണായക പങ്ക് വഹിച്ച ഇടതുകക്ഷികള്‍ ഇന്ന് തീര്‍ത്തും ദുര്‍ബലരാണ്. ജനതാത്പര്യം ഉയര്‍ത്തിപ്പിടിച്ചും ജനകീയാവശ്യങ്ങള്‍ക്ക് വേണ്ടിയും ചുറുചുറുക്കോടെ പട നയിച്ചിരുന്ന ഇടതുപക്ഷം ഇപ്പോള്‍ നനഞ്ഞ വെടിക്കെട്ടുപോലെയായിരിക്കുന്നു. കരുത്തുറ്റ സ്ഥാനാര്‍ഥികള്‍ക്കായി സര്‍വതന്ത്ര സ്വതന്ത്രന്മാരെ തേടി ഇടതുപക്ഷത്തിനും നെട്ടോട്ടം ഓടേണ്ടിവന്നു. കേരളത്തിലും പശ്ചിമബംഗാളിലും അധികാരത്തില്‍ നിന്നും പുറത്തായത് സ്വന്തം കൈയിലിരിപ്പുകൊണ്ടുതന്നെ. മറ്റാരേയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. പണ്ട് കമ്മ്യൂണിസ്റ്റുകാര്‍ വഹിച്ചിരുന്ന പങ്കാണ് പേരിനെങ്കിലും ആം ആദ്മി പാര്‍ട്ടി വഹിച്ചത്. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ അതിന് ഫലവും കണ്ടു. പക്ഷെ ശൈശവ ദശപോലും പിന്നിടുന്നതിന് മുമ്പ് ആം ആദ്മി പാര്‍ട്ടിയുടെ ചില നേതാക്കള്‍ ലോക്‌സഭാ സീറ്റ് പോലും വിറ്റ് കാശാക്കുന്നു എന്ന വെളിപ്പെടുത്തല്‍ ഹൃദയഭേദകമാണ്. അഴിമതിക്കെതിരെ യുദ്ധം പ്രഖ്യാപിച്ച ഈ പാര്‍ട്ടി എങ്ങോട്ടാണ്?. രാജ്യം എങ്ങോട്ടാണ്?. ഇതിന് മറുപടി നല്‍കാന്‍ പതിനാറാം ലോക്‌സഭക്കാകുമോ?. മറുപടി നല്‍കേണ്ടത് കോണ്‍ഗ്രസും ബി ജെ പിയും അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളല്ല. അവരുടെയൊക്കെ ജീവവായു ആകേണ്ട സമ്മതിദായകരാണ്.