Connect with us

Ongoing News

ആരാകും മാവേലിക്കരപറ്റുക?

Published

|

Last Updated

കരുത്തന്മാര്‍ അരങ്ങേറ്റം കുറിക്കുകയും ചുവടുറപ്പിക്കുകയും ചെയ്ത മണ്ഡലമാണ് മാവേലിക്കര. 1962ലാണ് മാവേലിക്കര മണ്ഡലം നിലവില്‍ വരുന്നത്. അതേവരെ തിരുവല്ലയുടെ ഭാഗമായിരുന്നു. 1951ലെ ആദ്യ തിരഞ്ഞെടുപ്പില്‍ തിരുവല്ലയില്‍ കോണ്‍ഗ്രസിലെ സി പി മാത്തന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയിലെ 68,899 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി മണ്ഡലത്തിന്റെ വലതുപക്ഷ കൂറ് തെളിയിച്ചു. 1957ലെ രണ്ടാമത്തെ തിരഞ്ഞെടുപ്പില്‍ സി പി ഐയുടെ അനിഷേധ്യ നേതാവായ പി കെ വിയെ രംഗത്തിറക്കി മണ്ഡലത്തെ ഇടതുപക്ഷത്തോടൊപ്പമാക്കി. 3,607 വോട്ടിന്റെ ഭൂരിപക്ഷം മാത്രമേ പി കെ വിക്ക് ലഭിച്ചുള്ളൂവെന്ന് മാത്രം.
1962ല്‍ മാവേലിക്കര മണ്ഡലം രൂപവത്കരിക്കപ്പെട്ടതിന് ശേഷമുള്ള ചരിത്രം പരിശോധിച്ചാല്‍ കൂടുതല്‍ തിരഞ്ഞെടുപ്പിലും വലതുപക്ഷത്തേക്ക് ചേര്‍ന്ന് നില്‍ക്കാനാണ് മണ്ഡലത്തിലെ വോട്ടര്‍മാര്‍ ആഗ്രഹിച്ചതെന്ന് വ്യക്തമാകും. ഇപ്പോഴത്തെ രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ പ്രൊഫ. പി ജെ കുര്യനെ തുടര്‍ച്ചയായി നാല് തവണ പാര്‍ലമെന്റിലെത്തിച്ച മണ്ഡലം 2009ലെ തിരഞ്ഞെടുപ്പോടെ സംവരണ മണ്ഡലമായി മാറി. ആ തിരഞ്ഞെടുപ്പിലാണ് സിറ്റിംഗ് എം പി യും കേന്ദ്ര സഹമന്ത്രിയുമായ കൊടിക്കുന്നില്‍ സുരേഷ് ജയിച്ചു കയറിയത്. മണ്ഡലത്തിലെ ഏറ്റവും കൂടിയതും കുറഞ്ഞതുമായ ഭൂരിപക്ഷത്തിന്റെ റെക്കോര്‍ഡ് പി ജെ കുര്യന്റെ പേരില്‍ തന്നെയാണ്. ഓരോ തിരഞ്ഞെടുപ്പിലും അദ്ദേഹത്തിന് ഭൂരിപക്ഷം കുറഞ്ഞുവരികയായിരുന്നു. കേരളാ കോണ്‍ഗ്രസ് ബി നേതാവ് ആര്‍ ബാലകൃഷ്ണപിള്ള ലോക്‌സഭയുടെ അകത്തളം കണ്ടതും ഇവിടെ നിന്ന് ജയിച്ചാണ്. പിള്ളയുടെ ആദ്യത്തെയും അവസാനത്തെയും ലോക്‌സഭാ പ്രവേശമായി മാറിയ മത്സരം നടന്നത് 1971ല്‍ സി പി എമ്മിന്റെ കരുത്തനായ നേതാവ് എസ് രാമചന്ദ്രന്‍ പിള്ളയുമായിട്ടായിരുന്നു. 55,527 വോട്ടുകള്‍ക്കാണ് പിള്ളമാര്‍ തമ്മില്‍ നടന്ന പോരാട്ടത്തില്‍ എസ് ആര്‍ പിയെ ബാലകൃഷ്ണ പിള്ള തോല്‍പ്പിച്ചത്.
1962ലെ മാവേലിക്കരയുടെ പേരിലുള്ള മണ്ഡലത്തിലെ ആദ്യ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ആര്‍ അച്യുതന്‍ സി പി ഐയിലെ പി കെ കൊടിയനെ പരാജയപ്പെടുത്തിയത് 7,288 വോട്ടുകള്‍ക്കാണ്. 1967ലെ തിരഞ്ഞെടുപ്പില്‍ മണ്ഡലം ഇടത്തോട്ട് മറിഞ്ഞു. എസ് എസ് പിയിലെ ജി പി മംഗലത്തുമഠം കോണ്‍ഗ്രസിലെ എം പി എസ് വി പിള്ളയെ 18,694 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തുകയായിരുന്നു. 1977 മുതല്‍ 2009 വരെയുള്ള പത്ത് തിരഞ്ഞെടുപ്പുകളില്‍ രണ്ട് തവണ മാത്രമാണ് മാവേലിക്കര ഇടതിനൊപ്പം നിന്നത്. 1984ലെ തിരഞ്ഞെടുപ്പില്‍ ജനതാ പാര്‍ട്ടിയുടെ അഡ്വ. തമ്പാന്‍ തോമസ് 1287 വോട്ടുകള്‍ക്ക് യു ഡി എഫ് ഘടക കക്ഷിയായിരുന്ന എന്‍ ഡി പിയുടെ ടി എന്‍ ഉപേന്ദ്രനാഥക്കുറുപ്പിനെയും 2004ലെ തിരഞ്ഞെടുപ്പില്‍ സി പി എമ്മിലെ അഡ്വ. സി എസ് സുജാത കോണ്‍ഗ്രസിലെ രമേശ് ചെന്നിത്തലയെ 7,414 വോട്ടുകള്‍ക്കും പരാജയപ്പെടുത്തിയതുമാണ് ഇടത് നേട്ടങ്ങള്‍.
1980ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ പി ജെ കുര്യന്‍ 63,122 വോട്ടുകള്‍ക്ക് ഇടത് സ്വതന്ത്രന്‍ തേവള്ളി മാധവക്കുറുപ്പിനെ പരാജയപ്പെടുത്തി. 1989 മുതല്‍ 1998 വരെ തുടര്‍ച്ചയായി നാല് തിരഞ്ഞെടുപ്പുകളില്‍ കുര്യന്‍ തന്നെയായിരുന്നു മാവേലിക്കരയില്‍ നിന്ന് ലോക്‌സഭയിലെത്തിയത്. 1989ല്‍ അഡ്വ. തമ്പാന്‍ തോമസിനെ 57,182 വോട്ടുകള്‍ക്കും 1991ലെ തിരഞ്ഞെടുപ്പില്‍ സി പി എമ്മിലെ സുരേഷ് കുറുപ്പിനെ 25,448 വോട്ടുകള്‍ക്കും 1996ലെ തിരഞ്ഞെടുപ്പില്‍ സി പി എമ്മിലെ എം ആര്‍ ഗോപാലകൃഷ്ണനെ 21,076 വോട്ടുകള്‍ക്കും 1998ലെ തിരഞ്ഞെടുപ്പില്‍ സി പി എം സ്വതന്ത്രന്‍ നൈനാന്‍ കോശിയെ 1261 വോട്ടുകള്‍ക്കുമാണ് കുര്യന്‍ പരാജയപ്പെടുത്തിയത്. 1999ലെ തിരഞ്ഞെടുപ്പില്‍ കുര്യന്റെ പിന്‍ഗാമിയായെത്തിയ ചെന്നിത്തല 33,443 വോട്ടുകള്‍ക്ക് നൈനാന്‍കോശിയെ ഒരിക്കല്‍ കൂടി മുട്ടുകുത്തിച്ചു. എന്നാല്‍, തൊട്ടുപിന്നാലെ നടന്ന തിരഞ്ഞെടുപ്പില്‍ ചെന്നിത്തലയെ സ്വന്തം നാട് കൈയൊഴിഞ്ഞു. നാട്ടുകാര്‍ തമ്മിലുള്ള അന്നത്തെ പോരാട്ടത്തില്‍ സി പി എമ്മിലെ സി എസ് സുജാതയെയാണ് മാവേലിക്കരയിലെ വോട്ടര്‍മാര്‍ ലോക്‌സഭയിലെത്തിച്ചത്.
2009ലെ തിരഞ്ഞെടുപ്പോടെ മണ്ഡലത്തിന്റെ ചിത്രമാകെ മാറി. നേരത്തെ സംവരണ മണ്ഡലമായിരുന്ന അടൂര്‍ ഇല്ലാതായതോടെ മാവേലിക്കരയെ സംവരണ മണ്ഡലമാക്കി. അടൂരിനൊപ്പമുണ്ടായിരുന്ന രണ്ട് മണ്ഡലങ്ങളെ കൂടി ഉള്‍പ്പെടുത്തി മാവേലിക്കരയെ പുനഃക്രമീകരിച്ചു. കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി നിയമസഭാ മണ്ഡലവും ആലപ്പുഴ ജില്ലയിലെ മാവേലിക്കര, ചെങ്ങന്നൂര്‍, കുട്ടനാട് മണ്ഡലങ്ങളും കൊല്ലം ജില്ലയിലെ കൊട്ടാരക്കര, പത്തനാപുരം, കുന്നത്തൂര്‍ മണ്ഡലങ്ങളും ഉള്‍പ്പെട്ടതാണ് മാവേലിക്കര ലോക്‌സഭാ മണ്ഡലം. നായര്‍ സമുദായത്തിന്റെ ആസ്ഥാനമായ പെരുന്ന ഉള്‍പ്പെട്ട ചങ്ങനാശ്ശേരിയും പി ഡി പി ചെയര്‍മാര്‍ അബ്ദുന്നാസിര്‍ മഅ്ദനിയുടെ കുടുംബ വീട് നിലനില്‍ക്കുന്ന ശാസ്താംകോട്ട ഉള്‍പ്പെട്ട കുന്നത്തൂരും ബാലകൃഷ്ണപിള്ളയുടെ ശക്തി കേന്ദ്രമായ കൊട്ടാരക്കരയും മകന്‍ ഗണേഷിന്റെ മണ്ഡലമായ പത്തനാപുരവും രണ്ട് ക്രൈസ്തവ സഭകളുടെ ആസ്ഥാനമായ മാവേലിക്കരയുമൊക്കെ ഉള്‍പ്പെട്ട മാവേലിക്കരയുടെ വിധി നിര്‍ണയിക്കുന്നതില്‍ സാമുദായിക ശക്തികള്‍ക്ക് പ്രധാന പങ്കാണുള്ളത്. സിറ്റിംഗ് എം പിയായ കൊടിക്കുന്നില്‍ സുരേഷിനെ തന്നെയാണ് കോണ്‍ഗ്രസ് ഇത്തവണയും രംഗത്തിറക്കിയിരിക്കുന്നത്. ചെങ്ങറ സുരേന്ദ്രനാണ് എല്‍ ഡി എഫ് സ്ഥാനാര്‍ഥി.

Latest