Connect with us

Ongoing News

അയല്‍ക്കാര്‍ അങ്കംകുറിക്കുന്ന കളരി

Published

|

Last Updated

ഗാമ കപ്പലിറങ്ങിയപ്പോള്‍ ചരിത്രത്തിന്റെ ഭാഗമായ കോഴിക്കോട് തീരത്ത് കടല്‍ക്കാറ്റിനൊപ്പം പലരും വന്നിറങ്ങി. അവരൊക്കെ പിന്നീട് ഈ നഗരത്തിന്റെ ഭാഗമായി. തിരഞ്ഞെടുപ്പ് കാലത്ത് കോഴിക്കോടിന്റെ അപരിചിതത്വത്തിലേക്ക് വന്നിറങ്ങിയവരും പെട്ടെന്നാണ് കോഴിക്കോടിനോട് ഇണങ്ങിയത്. പക്ഷേ, സാമൂതിരിക്കോട്ട പിടിക്കാന്‍ അങ്കം മുറുക്കിയ അയല്‍ക്കാരായ പുതിയ പോരാളികള്‍ക്ക് ഇത്തവണ വിജയിച്ചു മടങ്ങാന്‍ ആവനാഴിയിലെ അവസാന അസ്ത്രവും പ്രയോഗിക്കേണ്ടി വരുമെന്നുറപ്പാണ്.

കേരളത്തിലെ പ്രാചീന കായികാഭ്യാസമായ കളരിപ്പയറ്റില്‍ തെക്കനെ അപേക്ഷിച്ച് കൂടുതല്‍ സങ്കീര്‍ണമാണ് വടക്കന്‍ രീതി. ആയുധാഭ്യാസത്തിനും മെയ്‌വഴക്കത്തിനും പ്രാധാന്യമുള്ള ഇവിടെ തിരഞ്ഞെടുപ്പിന്റെ പോര്‍മുഖത്തും പ്രയോഗിക്കാന്‍ ആയുധങ്ങള്‍ കരുതിവെച്ചിട്ടുണ്ട് ഇരു വിഭാഗവും. കൂടുതല്‍ സ്ഥാനാര്‍ഥികള്‍ പത്രിക നല്‍കിയ കോഴിക്കോട്ട് പോരാളികളുടെ എണ്ണം പോലെ പ്രധാനമാണ് പോരാട്ടത്തിന്റെ തീവ്രതയും.
ഇ കെ ഇമ്പിച്ചിബാവക്ക് ശേഷം കോഴിക്കോട്ട് ചൊങ്കൊടി പാറിക്കാന്‍ അരിവാള്‍ ചുറ്റികയുമായെത്തിയ എ വിജയരാഘവനും അപ്രതീക്ഷിതമായി കോഴിക്കോട്ടെത്തി വിജയക്കൊടി പാറിച്ച എം കെ രാഘവനും രണ്ടും കല്‍പ്പിച്ച പോരാട്ടത്തിലാണ്. തിരഞ്ഞെടുപ്പിലെ പരിചിത മുഖമായ സി കെ പത്മനാഭനും പിന്നെ ഇരു മുന്നണികള്‍ക്കും ഭീഷണിയായി എ എ പിയും ആര്‍ എം പിയും. മീനമാസത്തിലെ കത്തുന്ന വെയിലിനേക്കാള്‍ ചൂടുണ്ട് ഇവിടെ തിരഞ്ഞെടുപ്പ് പോരാട്ടത്തിന്. അശ്രദ്ധയിലും വിഭാഗീയതയിലും കൈവിട്ട മണ്ഡലം തിരിച്ചു പിടിക്കാന്‍ കരുത്തനെ ഇറക്കിയ എല്‍ ഡി എഫും കൈപ്പിടിയിലൊതുക്കിയ മണ്ഡലം ഭദ്രമാക്കാന്‍ സിറ്റിംഗ് എം പിയുമായി യു ഡി എഫും രണ്ടും കല്‍പ്പിച്ച പോരാട്ടത്തിലാണ്. തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പെ സ്ഥാനാര്‍ഥിയായ എം കെ രാഘവന്‍ ആദ്യമെ ഓടിത്തുടങ്ങിയെങ്കിയും വൈകിയെത്തിയ എ വിജയരാഘവനും ഒപ്പമെത്തിയ ആശ്വാസത്തിലാണിപ്പോള്‍. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരരംഗത്തുണ്ടായിരുന്ന ആര്‍ എം പി നേതാവ് ചന്ദ്രശേഖരനായിരുന്നു ഇടതിന് ഭീഷണിയെങ്കില്‍, ഇത്തവണ മരണപ്പെട്ട ചന്ദ്രശേഖരനാണ് സി പി എമ്മിനും മുന്നണിക്കും തലവേദനയാകുന്നത്. എന്നാല്‍, ടി പി കേസില്‍ പാര്‍ട്ടി കമ്മീഷന്‍ പ്രതിയെ കണ്ടെത്തി പുറത്താക്കിയെന്ന വിശദീകരണത്തോടെയാണ് സി പി എം ഇതിനെ നേരിടുന്നത്.
സോളാറും കസ്തൂരിരംഗനുമാണ് യു ഡി എഫിന്റെ നെഞ്ചിടിപ്പേറ്റുന്നത്. ഇവര്‍ക്കും മറുപടിയുണ്ട്. പിന്നെ കൂടുതല്‍ പറയാന്‍ മുഖ്യമന്ത്രിയെയും പരിവാരങ്ങളേയുമാണ് മുന്നണി കളത്തിലിറക്കുന്നത്. എ കെ ആന്റണിയും ചെന്നിത്തലയും പാണക്കാട് തങ്ങളും രാഘവന് വോട്ട് തേടി കോഴിക്കോട്ടെത്തുന്നുണ്ട്. രാഹുല്‍ ഗാന്ധിയെയും സോണിയയെയും കൊണ്ടു വരാന്‍ ശ്രമവും തുടങ്ങിയിട്ടുണ്ട്.
എന്നാല്‍, എല്‍ ഡി എഫിന്റെ പ്രധാന തുറുപ്പ് ചീട്ട് പതിവു പോലെ വി എസ് അച്യുതാനന്ദന്‍ തന്നെ. പക്ഷേ, പതിവു വിട്ട് പാര്‍ട്ടിക്ക് വിധേയനായി പിണറായിക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കി ആര്‍ എം പിയെ തള്ളിപ്പറഞ്ഞ് പാര്‍ട്ടി പ്രവര്‍ത്തകരുടെ ആവേശമായി മാറിയ വി എസിനെ പരമാവധി സ്ഥലങ്ങളില്‍ പ്രചാരണത്തിനെത്തിക്കാനാണ് ശ്രമം തുടങ്ങിയിട്ടുള്ളത്. പാര്‍ട്ടി പരിപാടിക്കായി ഒരു വര്‍ഷം മുമ്പ് ജില്ലയിലെത്തിയ വി എസ് പ്രചാരണത്തിനെത്തുമ്പോള്‍ ലഭിക്കുന്ന സ്വീകാര്യത വോട്ടാക്കി മാറ്റാമെന്നാണ് ഇടതുപക്ഷത്തിന്റെ കണക്കുകൂട്ടല്‍. സി പി എമ്മിന്റെ പി ബി അംഗങ്ങള്‍ മുതല്‍ പ്രമുഖ നേതാക്കളെല്ലാം പ്രചാരണത്തിനെത്തുന്നുണ്ട്.
തിരഞ്ഞെടുപ്പ് കാലത്ത് വോട്ട് മറിച്ചുവില്‍ക്കുന്ന പാര്‍ട്ടിയെന്ന ചീത്തപ്പേര് മാറ്റിയെടുക്കലാണ് ബി ജെ പി സ്ഥാനാര്‍ഥി സി കെ പത്മനാഭന്റെ ലക്ഷ്യം. എന്നാല്‍, അവസാനം വരെ കോഴിക്കോട് മോഹിച്ചിരുന്നവരുടെ സങ്കടം പതിവു പോലെ സി കെ പിക്ക് പാരയായേക്കും. പാര്‍ട്ടിയുടെ തട്ടകമായ ജില്ലയില്‍ പരമാവധി വോട്ട് പെട്ടിയിലാക്കി ശക്തി തെളിയിക്കേണ്ടത് ആര്‍ എം പിയുടെ ബാധ്യതയാണ്. റെയില്‍വേ വികസനവും മെഡിക്കല്‍ കോളജ് വിപുലീകരണവുമാണ് എം കെ രാഘവന്‍ തന്റെ പ്രധാന വികസന മുന്നേറ്റമായി ഉയര്‍ത്തിക്കാണിക്കുന്നത്. നഗരത്തിന്റെ ശാപമായ മാലിന്യ പ്രശ്‌നത്തിന് പരിഹാരമായില്ലെന്നും വെങ്ങളം ബൈപ്പാസ് യാഥാര്‍ഥ്യമായില്ലെന്നുമാണ് ഇടതുപക്ഷം തിരിച്ചടിക്കുന്നത്.
രാഷ്ട്രീയത്തിലും തിരഞ്ഞെടുപ്പിലും പയറ്റിത്തെളിഞ്ഞ പോരാളികള്‍ക്ക് അടവിലും തന്ത്രത്തിലും ഒരു കുറവുമില്ല. അരമനയും പള്ളിയും ക്ഷേത്രമുറ്റവും ഒരുപോലെ ഓടിയെത്തിയ സ്ഥാനാര്‍ഥികള്‍ വോട്ട് തെന്നിമാറാനുള്ള ഒരു ചെറിയ പഴുതു പോലും എവിടെയും ബാക്കിവെക്കുന്നില്ല. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ ഭാഗമായി ആശങ്കയിലായ മലയോര ജനതക്കായി സംസാരിച്ച ഇരുപക്ഷത്തെയും രാഘവന്‍മാര്‍ ബാര്‍വിരുദ്ധ സമരത്തിന് പിന്തുണയര്‍പ്പിക്കാനും സമയം കണ്ടെത്തി.
ഇരുപക്ഷത്തിനും അഭിമാന പോരാട്ടമായ ഇവിടെ ആദ്യ റൗണ്ട് പിന്നിടുമ്പോള്‍ ഇരുപക്ഷവും ഒപ്പത്തിനൊപ്പമാണ്. കൊണ്ടുവന്ന വികസനങ്ങള്‍ എം കെ രാഘവന്‍ എണ്ണിപ്പറയുമ്പോള്‍ അനാഥമായ കോഴിക്കോടിന്റെ സങ്കടമാണ് വിജയരാഘവന്‍ പങ്ക് വെക്കുന്നത്. മണ്ഡലത്തിലെ 11,77,644 വോട്ടര്‍മാര്‍ ആരെ തുണക്കുമെന്ന് പ്രവചിക്കാന്‍ കഴിയാത്ത വിധം ആവേശമാണ് ഇവിടെ പോരാട്ടം.
രാഷ്ട്രീയവും വികസനവും സ്ഥാനാര്‍ഥികളുടെ മികവുമൊക്കെ മണ്ഡലത്തില്‍ ചര്‍ച്ചയാകുന്നുണ്ട്. ന്യൂനപക്ഷ വോട്ടുകളും ദളിത് വോട്ടുകളും ഒരുപോലെ നിര്‍ണായകമാണിവിടെ. മലയോര തീരദേശ മേഖലയുടെ പ്രതികരണങ്ങളും വോട്ടെടുപ്പില്‍ കോഴിക്കോടിന്റെ വിധിയെഴുതുന്നതില്‍ പ്രധാനമാകും.
ബാലുശ്ശേരി, എലത്തൂര്‍, കോഴിക്കോട് നോര്‍ത്ത്, കോഴിക്കോട് സൗത്ത്, ബേപ്പൂര്‍, കുന്ദമംഗലം, കൊടുവള്ളി നിയമസഭാ മണ്ഡലങ്ങളാണ് കോഴിക്കോടിലുള്ളത്. കോഴിക്കോടിന്റെ പൊതുവായ രാഷ്ട്രീയ രൂപരേഖ എല്‍ ഡി എഫിന് അനുകൂലമാണ്. കോഴിക്കോട് സൗത്ത്, കൊടുവള്ളി മണ്ഡലങ്ങളാണ് യു ഡി എഫിന്റെ കൈവശമുള്ളത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ അറുപതിനായിരത്തോളം വോട്ടിന്റെ ലീഡാണ് ഇടതു മുന്നണിക്കുള്ളത്. ഈ കണക്കിന്റെ ആത്മവിശ്വാസത്തിലാണ് ഇടതുപക്ഷം. എന്നാല്‍, കൊടുവള്ളി മണ്ഡലത്തില്‍ നേടിയ പന്ത്രണ്ടായിരം വോട്ടിന്റെ ലീഡുയര്‍ത്തി ഇതു മറികടക്കാമെന്നാണ് യു ഡി എഫ് കണക്കുകൂട്ടുന്നത്. ഔദ്യോഗികമായി ഒരു റൗണ്ട് പര്യടനം പൂര്‍ത്തിയാക്കിയ സ്ഥാനാര്‍ഥികള്‍ രണ്ടാം റൗണ്ട് മണ്ഡല പര്യടനം ആരംഭിച്ചതോടെ പോരാട്ടം മുറുകുകയാണ്.

Latest