Connect with us

Gulf

ഗള്‍ഫ് നാടുകള്‍ക്ക് ജലക്ഷാമ മുന്നറിയിപ്പ്

Published

|

Last Updated

മസ്‌കത്ത്: ഒമാനുള്‍പെടെയുള്ള ഗള്‍ഫ് നാടുകള്‍ ലോകത്ത് ഏറ്റവുമധികം ജല ഭീതി നേരിടുന്ന പ്രദേശമാമായി മാറുകയാണെന്ന് ഐക്യരാഷ്ട്ര സഭയുടെ മുന്നറിയിപ്പ്. മുന്‍കരുതലെടുത്തില്ലെങ്കില്‍ പെട്രോള്‍ ഉത്പാദകരായ ഈ രാജ്യങ്ങളില്‍ എണ്ണയേക്കാള്‍ വില വെള്ളത്തിനുണ്ടാകുന്ന കാലം വിദൂരമല്ലെന്ന് ലോകത്തെ ജലസ്രോതസ്സുകളെക്കുറിച്ചുള്ള യു എന്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ലോക ജലദിനത്തോടനുബന്ധിച്ചാണ് റിപ്പോര്‍ട്ട് പുറത്തു വിട്ടത്.

ആറു ഗള്‍ഫ് നാടുകള്‍ക്കൊപ്പം യമന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളും ലോകത്ത് ജല പ്രശ്‌നം നേരിടുന്ന ആദ്യ പത്തു രാജ്യങ്ങളിലുണ്ട്. രാജ്യങ്ങളിലെ ജല ശേഖരത്തിന്റെ വലിയൊരു വിഭാഗവും ഹൈഡ്രോ കാര്‍ബണ്‍ മേഖലയാണ് കുടിച്ചു വറ്റിക്കുന്നത്. ജനസംഖ്യ വര്‍ധിക്കുന്നതും വ്യവസായ രംഗങ്ങളിലെ വളര്‍ച്ചയും വെള്ളത്തിന്റെ ഉപയോഗം വര്‍ധിക്കാന്‍ കാരണമാകുന്നു. 2050 ആകുമ്പോഴേക്കും ഗള്‍ഫ് മേഖലയിലെ ജനസംഖ്യ 70 ദശലക്ഷത്തിലെത്തുമെന്നാണ് കണക്ക്. ഇപ്പോഴത്തെ ജനസംഖ്യ 45 ദശലക്ഷമാണ്. ഓരോ വര്‍ഷവും ഗള്‍ഫ് നാടുകളില്‍ വെള്ളത്തിന്റെയും വൈദ്യുതിയുടെയും ആവശ്യം ഏഴു ശതമാനമാണ് ഉയരുന്നത്.
സാമൂഹിക, സാമ്പത്തിക രംഗങ്ങളിലെ വളര്‍ച്ചയാണ് ജനസംഖ്യയുടെയും ഊര്‍ജോപയോഗത്തിന്റെയും വളര്‍ച്ചയിലും സ്വാധീനിക്കുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. പുനരുത്പാദക ജലസ്‌ത്രോതസുകളല്ല ഗള്‍ഫ് നാടുകളിലുള്ളതെന്നതും ദൗര്‍ലഭ്യത വര്‍ധിക്കാന്‍ കാരണമാകുന്നു. വെള്ളത്തിന്റെ ആവശ്യം വര്‍ധിക്കുന്നതനുസരിച്ച് വെള്ളം വിതരണം ചെയ്യുന്നതിനായുള്ള ഊര്‍ജോപകരണവും വര്‍ധിച്ചു വരികയാണ്. അറബ് രാജ്യങ്ങളില്‍ ദേശീയ വൈദ്യുതി ഉപയോഗത്തിന്റെ ഏതാണ്ട് 15 ശതമാനവും ഇപ്പോള്‍ ജല വിതരണത്തിനാണ് ഉപയോഗിക്കുന്നതെന്നും യു എന്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ ജലവിതരണത്തിനായുള്ള ഊര്‍ജോപയോഗം പ്രതിവര്‍ഷം 1.3 ശതമാനം തോതില്‍ ഉയരുന്നുണ്ട്. 2035 വരെ ഇതു തുടരും. എന്നാല്‍ ആഗോള ശരാശരി ഇത് 0.7 ശതമാനം മാത്രമായിരിക്കും. രാജ്യാന്തര ഊര്‍ജ ഏജന്‍സിയുടെ പഠനമനുസരിച്ചാണിത്. ജല ലഭ്യതക്കുറവു തന്നെയാണ് വൈദ്യുതി ഉത്പാദനത്തിന് ജലം ഉപയോഗിക്കുന്നതില്‍ നിന്നും മിഡില്‍ ഈസ്റ്റ് രാജ്യങ്ങളെ പിന്തിരിപ്പിക്കുന്നത്. വെള്ളമില്ലാത്തിതിനാല്‍ ഊര്‍ജോത്പാദനത്തിന് മറ്റു മാര്‍ഗങ്ങളാണ് ഇപ്പോള്‍ രാജ്യങ്ങള്‍ സ്വീകരിക്കുന്നത്. ഇത് ചെലവേറിയതായി മാറുന്നു.
ജലസംസ്‌കരണ പ്ലാന്റുകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന രാജ്യങ്ങള്‍ കൂടിയാണ് ഗള്‍ഫ്. ശുദ്ധജല ലഭ്യതക്കുറവു തന്നെയാണ് കാരണം. ജലസംസ്‌കരണം ഹൈഡ്രോകാര്‍ബണ്‍ ഉത്പാദനത്തിന് വന്‍തോതില്‍ കാരണമാകുന്നു. ഇതാകട്ടെ ഗല്‍ഫ് നാടുകളുടെ ക്രൂഡ് ഓയില്‍ ഉത്പാദനത്തിനു വരെ പ്രശ്‌നം സൃഷ്ടിക്കുകയും ചെയ്യുന്നു. ലോകതലത്തില്‍ നടക്കുന്ന ജലസംസ്‌കരണത്തിന്റെ 18 ശതമാനവും സഊദി അറേബ്യയിലാണ്. എണ്ണയുത്പാനദത്തോത് കൂടി ഉയരുന്നതോടെ ഇത് 25 ശതമാനമായി ഉയരുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. സഊദി അറേബ്യക്ക് പുതിയ ജല സംസ്‌കരണ പ്ലാന്റുകള്‍ക്കു വേണ്ടി 67 ബില്യന്‍ സഊദി റിയാല്‍ ചെലവിടേണ്ടി വരുമെന്നാണ് കണക്ക്. ഇതു യാഥാര്‍ഥ്യമാകുന്നതോടെ പ്രതിവര്‍ഷം മൂന്നു ലക്ഷം ബാരല്‍ വെള്ളം ഉത്പാദിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
കുവൈത്താണ് ഗള്‍ഫില്‍ രണ്ടാമത് ജല പ്രതിസന്ധി നേരിടുന്ന രാജ്യം. ഇവിടെ പ്രതിദിനം 25 ലക്ഷം ബാരല്‍ ജലമാണ് സംസ്‌കരിക്കേണ്ടി വരുന്നത്. നിലവിലെ കുവത്തിന്റെ ജല ഉത്പാദന ശേഷി പ്രതിദിനം മൂന്നു ദശലക്ഷം ബാരലാണ്. ഒമാനില്‍ മറ്റു ഗള്‍ഫ് രാജ്യങ്ങളെ അപേക്ഷിച്ച ജലലഭ്യത പ്രശ്‌നം രൂക്ഷമല്ലെങ്കിലും ഭീതിയില്‍നിന്നും മുക്തമല്ല. വെള്ള പ്രശ്‌നം പരിഹരിക്കുന്നതിന് ഗള്‍ഫ് നാടുകള്‍ സംയുക്ത ശ്രമം ആരംഭിച്ചിട്ടുണ്ട്. ഓരോ രാജ്യങ്ങളും ജലോത്പാദനം ഉയര്‍ത്തുന്നതിന് വന്‍കിട പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്. രാജ്യങ്ങള്‍ സംയുക്തമായും പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. ഒമാനും കുവൈത്തിനുമിടയില്‍ ജലവിതരണത്തിന് പൈപ്പ് നിര്‍മാണവും പദ്ധതിയിലുണ്ട്.

Latest