Connect with us

Ongoing News

ശല്യക്കാരനായ വ്യവഹാരി

Published

|

Last Updated

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച സോഷ്യലിസ്റ്റ് രാം മനോഹര്‍ ലോഹ്യയില്‍ നിന്നാണ് സോഷ്യലിസത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ചത്. സോഷ്യലിസ്റ്റ് രാഷ്ട്രീയത്തെ ജാതി രാഷ്ട്രീയവുമായി സമം ചേര്‍ത്തപ്പോള്‍ ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തിലെ അതികായനായി. അതുവഴി ദേശീയ രാഷ്ട്രീയത്തിലെ ശല്യക്കാരനായ വ്യവഹാരിയും. സോണിയാ ഗാന്ധിയുടെ പിടിയില്‍ നിന്ന് രാജ്യത്തെ രക്ഷിച്ച് ഫെഡറല്‍ മുന്നണിയുടെ കൈകളില്‍ സുരക്ഷിതമായി ഏല്‍പ്പിക്കണം. അതാണ് മുലായം സിംഗ് യാദവിന്റെ ഇപ്പോഴത്തെ പ്രധാന ലക്ഷ്യം. ഉത്തര്‍പ്രദേശിലെ ആകെയുള്ള എണ്‍പത് സീറ്റില്‍ ഇരുപത്തൊന്നുമായാണ് നില്‍പ്പ്. ഒരു തവണയെങ്കിലും പ്രധാനമന്ത്രി കസേരയിലിരിക്കണമെന്നത് ഏറെക്കാലമായി കൊണ്ടുനടക്കുന്ന സ്വപ്‌നമാണ്. ഒപ്പം സോഷ്യലിസം പറഞ്ഞു നടന്നവരൊക്കെ പ്രധാനമന്ത്രി വരെയായി. അതിനിടെയാണ് ഉത്തര്‍പ്രദേശിലൂടെ മാത്രമേ ഡല്‍ഹിയിലെത്താനാകൂവെന്ന പഴയ ചൊല്ലുമായി മോദിയും കൂട്ടരും ഇറങ്ങിക്കളിക്കുന്നത്. മോദിയുടെ വലംകൈയായ അമിത് ഷാ മാസങ്ങള്‍ക്കു മുമ്പെ കളി തുടങ്ങിയിട്ടുണ്ട്. അതിനു പുറമെ രാഹുല്‍, സോണിയ, മായാവതി എന്നിങ്ങനെ വേറെയും. ഇടതു പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പിന് മുമ്പ് തട്ടിക്കൂട്ടിയ മൂന്നാം മുന്നണിയില്‍ ഇത്തവണയുണ്ടെന്നാണ് പറയുന്നത്. അവിടെയുണ്ടെന്നതിന് വ്യക്തമായ ഉറപ്പൊന്നുമില്ല.

1989നു ശേഷം കേന്ദ്രത്തില്‍ തൂക്കു സഭകള്‍ പതിവായതോടെയാണ് മുലായം ദേശീയ രാഷ്ട്രീയത്തിലെ കരുത്തുറ്റ കളിക്കാരനായത്. ഇടതു പാര്‍ട്ടികള്‍ക്കൊപ്പമായിരുന്നു എല്ലായ്‌പ്പോഴും സ്ഥാനം. ആണവ കരാറെന്ന വലിയ കോടാലി ദേശീയ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയത് കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്താണ്. ആദ്യമൊക്കെ കരാറില്‍ ദോഷമാണ് മുലായവും ദര്‍ശിച്ചത്. ഇടതു മുന്നണി പിന്തുണ പിന്‍വലിച്ച് കേന്ദ്ര സര്‍ക്കാര്‍ വീഴുമെന്നായപ്പോള്‍ ഇടതു ബന്ധം മറന്ന് കോണ്‍ഗ്രസിന്റെ എല്ലാ തെറ്റുകളും ക്ഷമിക്കാന്‍ തയ്യാറായവനാണ്. മായാവതിയോട് തോറ്റ് നില്‍ക്കുമ്പോള്‍ ആരു വന്നാലും തള്ളാനാവില്ലല്ലോ എന്ന് ചിലര്‍ അടക്കം പറഞ്ഞതൊന്നും അത്ര കാര്യമായി എടുത്തിട്ടില്ല.
ഇറ്റാവയിലെ കര്‍ഷക കുടുംബത്തില്‍ ജനിച്ച മുലായം അധ്യാപകനാകാനാണ് പഠിച്ചത് മുഴുവന്‍. സമാജ്‌വാദി യുവജന സഭയില്‍ അംഗമായി മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്കിറങ്ങിയതോടെ അണികളുടെ നേതാജിയായി. 1967 മുതല്‍ 2007 വരെയുള്ള നാല്‍പ്പത് വര്‍ഷത്തിനിടെ പത്ത് തവണ ഉത്തര്‍പ്രദേശ് നിയമസഭയിലേക്ക് അനായാസം ജയിച്ചു കയറി. ഇതിനിടെ മന്ത്രിയും പ്രതിപക്ഷ നേതാവുമൊക്കെയായി. മൂന്ന് തവണയാണ് മുഖ്യമന്ത്രി പദം അലങ്കരിച്ചത്. ഉത്തര്‍പ്രദേശില്‍ അധികാര പദവികളില്ലാതിരുന്നപ്പോഴൊക്കെ ലോക്‌സഭയിലേക്ക് മത്സരിച്ച് ജയിച്ചു.
ലോക്ദളിന്റെ ഉത്തര്‍പ്രദേശ് ഘടകം പ്രസിഡന്റായി. 1988ല്‍ വി പി സിംഗ് ജനതാദള്‍ രൂപവത്കരിച്ചപ്പോള്‍ ലോക്ദളി (ബി)നെ അതില്‍ ലയിപ്പിച്ചു. 1992ല്‍ ജനതാദളില്‍ നിന്ന് പിളര്‍ന്ന് സമാജ്‌വാദി എന്ന സ്വന്തം പാര്‍ട്ടിയുണ്ടാക്കി. സമാജ്‌വാദിയെ ഉത്തര്‍പ്രദേശില്‍ അധികാരത്തിലേറ്റി. 1996ല്‍ കേന്ദ്രത്തില്‍ മൂന്നാം മുന്നണി അധികാരത്തിലേറിയപ്പോള്‍ പ്രതിരോധ മന്ത്രിയായി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മെയ്ന്‍പുരിയില്‍ നിന്ന് ലോക്‌സഭയിലെത്തി. ഇത്തവണ മെയ്ന്‍പുരിക്ക് പുറമെ അസംഗഢില്‍ നിന്നും മത്സരിക്കാനാണ് മുലായത്തിന്റെ തീരുമാനം.
ഒറ്റക്ക് കളത്തിലിറങ്ങിയ മുലായത്തിന്റെ കളികള്‍ തിരഞ്ഞെടുപ്പിന് ശേഷമാണ്. ലഭിക്കുന്ന സീറ്റിന്റെ എണ്ണത്തിനനുസരിച്ചായിരിക്കും മുന്നണി ബന്ധങ്ങള്‍ മാറിമിറിയുക. കോണ്‍ഗ്രസും ബി ജെ പിയും തലപ്പത്തിരുന്ന് കൊണ്ടുനടക്കുന്ന മുന്നണികള്‍ ഇത്തവണ രക്ഷപ്പെടില്ലെന്നാണ് പറഞ്ഞു കേള്‍ക്കുന്നത്. അങ്ങനെയെങ്കില്‍ മൂന്നാം മുന്നണിയില്‍ തന്നെ. അധികാരത്തിന്റെ ഇടനാഴികളില്‍ സ്വാധീനം ഉറപ്പിക്കാനുള്ള വഴി മുലായത്തിന് ആരും പറഞ്ഞുകൊടുക്കേണ്ടതില്ല.

Latest