International
ജപ്പാനില്‍ വിദ്യാര്‍ഥികളുടെ മൊബൈല്‍ ഉപയോഗത്തിന് നിരോധം
ടോക്യോ: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ രാത്രി ഒമ്പത് മണിക്ക് ശേഷം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് ജപ്പാന്‍ നഗരമായ കരിയയില്‍ നിരോധം. കുട്ടികള്‍ക്കിടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം വര്‍ധിച്ച സാഹചര്യത്തിലാണ് നിരോധം ഏര്‍പ്പെടുത്തിയത്. പോലീസിന്റെയും സാമൂഹിക പ്രവര്‍ത്തകരുടെയും അധ്യാപകരുടെയും പ്രയത്‌നഫലമായി ഏര്‍പ്പെടുത്തിയ നിരോധം ഏപ്രില്‍ ഒന്ന് മുതല്‍ നിലവില്‍ വരും.
ജപ്പാനിലെ വിദ്യാര്‍ഥികള്‍ക്കിടയിലെ മൊബൈല്‍ ഫോണിന്റെ വര്‍ധിച്ച ഉപയോഗത്തിന്റെ കണക്ക് ആഴ്ചകള്‍ക്ക് മുമ്പ് സര്‍ക്കാര്‍ പുറത്തു വിട്ടിരുന്നു. പത്തിനും പതിനേഴിനും ഇടക്ക് പ്രായമുള്ള വിദ്യാര്‍ഥികള്‍ ദിവസം ശരാശരി 107 മിനുട്ട് മൊബൈല്‍ ഫോണില്‍ ചാറ്റിംഗിലും മറ്റുമായി ഏര്‍പ്പെടുന്നുവെന്ന് കണ്ടെത്തിയിരുന്നു. നഗരത്തില്‍ മാത്രം ഹൈസ്‌കൂളിലെ 58 ശതമാനം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരാണെന്നാണ് കണ്ടെത്തിയത്.