Ongoing News
അസ്ത്രമേന്തി അഴഗിരി
തെക്കന്‍ തമിഴകത്തിലെ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ അഗ്രഗണ്യനായ നേതാവ്, തമിഴ് രാഷ്ട്രീയത്തിലെ ചാണക്യന്‍ മുത്തുവേല്‍ കരുണാനിധിയുടെ മൂത്ത മകന്‍. അഴഗിരിയെ അടയാളപ്പെടുത്താന്‍ ആവോളം പദങ്ങളുണ്ട്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മധുരയില്‍ നിന്ന് ലോക്‌സഭയിലെത്തി. പിതാവ് കരുണാനിധിയുടെ നിര്‍ദേശം ശിരസ്സാവഹിച്ച് രാസവളമന്ത്രിക്കുപ്പായവുമണിഞ്ഞു. എന്നാല്‍, ഇപ്പോള്‍ സ്ഥിതി മാറിയിരിക്കുന്നു. ഇത്തവണ തമിഴകത്ത് തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുമ്പോള്‍ അഴഗിരിയുടെ സ്ഥാനം പാര്‍ട്ടിക്ക് പുറത്താണ്. വിധി വൈപരീത്യം എന്നല്ലാതെ എന്തു പറയാന്‍. പുറത്താക്കപ്പെട്ട താന്‍ ഇനിയൊരങ്കത്തിനില്ലെന്ന് വ്യക്തമാക്കുമ്പോഴും കാര്യങ്ങള്‍ കണ്ടറിയണം എന്ന തോതിലാണ് ആവനാഴിയില്‍ അസ്ത്രം നിറച്ചുള്ള അഴഗിരിയുടെ മുന്നോട്ടുള്ള സഞ്ചാരം.
മധുരയില്‍ ജനിച്ച അഴഗിരി കരുണാനിധിയുടെ രണ്ടാമത്തെ ഭാര്യയായ ദയാലു അമ്മാളിന്റെ മൂത്ത മകനാണ്. ചെന്നൈയിലെ പ്രസിഡന്‍സി കോളജില്‍ നിന്ന് ബി എ ബിരുദം നേടിയ ശേഷം വീണ്ടും മധുരയിലേക്ക്. അക്രമത്തിനും ഗുണ്ടായിസത്തിനും കുപ്രസിദ്ധി നേടിയ തെക്കന്‍ ജില്ലകളില്‍ ഡി എം കെ യെ അതേ നാണയത്തില്‍ വളര്‍ത്താന്‍ അഴഗിരിക്ക് പാടുപെടേണ്ടി വന്നില്ല. ചെന്നൈ മേഖലയില്‍ സ്റ്റാലിന് നിരവധി അവസരങ്ങള്‍ കരുണാനിധി നല്‍കിയെങ്കിലും ഇതൊന്നും അഴഗിരിയുടെ കാര്യത്തിലുണ്ടായില്ല. പാര്‍ട്ടിയില്‍ ഉന്നത സ്ഥാനത്തേക്ക് അഴഗിരിയെ കൊണ്ടുവരുന്നതില്‍ കുടുംബത്തില്‍ നിന്ന് തന്നെ എതിര്‍പ്പുയര്‍ന്നിരുന്നു. അതൊന്നും വകവെക്കാതെ സ്വപ്രയത്‌നത്താല്‍ തെക്കന്‍ തമിഴകത്തെ പാര്‍ട്ടിയുടെ ജീവനാഡിയായി അദ്ദേഹം ഉയര്‍ന്നു. ഇതിനുവേണ്ടി കൊല്ലും കൊലയും നടത്തി എന്നും സംസാരമുണ്ട്. ചില കേസുകളില്‍ പ്രതിയായി. ഇത്തരം കേസുകളൊന്നും ഡി എം കെയുടെ വളര്‍ച്ചയെയും അഴഗിരിയുടെ മുന്നേറ്റത്തെയും മധുരയിലും മറ്റ് ജില്ലകളിലും ബാധിച്ചില്ല. എ ഐ ഡി എം കെ ഇറക്കിയ തുറുപ്പ് ചീട്ടുകളൊന്നും എങ്ങും ഏശിയില്ല. ജയലളിതയുടെ തന്ത്രങ്ങള്‍ക്ക് ഒരു മുഴം മുമ്പെ എറിയാന്‍ അഴഗിരിക്ക് കൂടുതലൊന്നും ചിന്തിക്കേണ്ടി വന്നില്ല.
2009ല്‍ ആയിരുന്നു കന്നിപ്പോരാട്ടം. മധുരൈയില്‍ സി പി എമ്മിലെ പി മോഹനനെതിരെ 54.48 ശതമാനം വോട്ട് നേടിയാണ് ലോക്‌സഭയിലെത്തിയത്. 2009 ജൂണ്‍ 13 മുതല്‍ 2013 മാര്‍ച്ച് 20 വരെ കേന്ദ്ര മന്ത്രിയായി. 2008 ലെ തിരുമംഗലം ഉപ തിരഞ്ഞെടുപ്പാണ് അഴഗിരിയുടെ രാഷ്ട്രീയ ജീവിതത്തില്‍ വഴിത്തിരിവായത്. ഡി എം കെ വെല്ലുവിളി നേരിട്ട തിരഞ്ഞെടുപ്പില്‍ അഴഗിരിയുടെ നീക്കത്തില്‍ തെക്കന്‍ മേഖലയില്‍ വിജയം കൊയ്യാന്‍ പാര്‍ട്ടിക്കായി. തുടര്‍ന്ന് തെക്കന്‍ ജില്ലകളിലെ പാര്‍ട്ടി ഓര്‍ഗനൈസിംഗ് സെക്രട്ടറിയായി നിയോഗം. ഈ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്ക് പണം കൊടുത്തുവെന്ന കേസും പിന്നാലെ വന്നു. വോട്ടര്‍മാര്‍ക്ക് 5000 രൂപയാണ് നല്‍കിയതെന്ന് വിക്കിലീക്‌സും പിന്നീട് വെളിപ്പെടുത്തി. സ്റ്റാലിനെ പിന്‍ഗാമിയായി കരുണാനിധി പ്രഖ്യാപിച്ചതോടൊ പിതാവുമായി അകലാന്‍ തുടങ്ങി. കഴിഞ്ഞ ജനുവരി 24 ന് അഴഗിരിയെ തെക്കന്‍ മേഖലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്ഥാനത്ത് നിന്ന് കരുണാനിധി നീക്കിയതോടെയാണ് അഴഗിരി പാര്‍ട്ടിയുമായി അകന്നത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് അഴഗിരിയെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പുറത്താക്കിയത്. അഴഗിരിയെ ഒപ്പം നിര്‍ത്താന്‍ വൈകോയുടെ എം ഡി എം കെയും രംഗത്തുവന്നിട്ടുണ്ട്. ഇന്നലെ പിതാവ് വീട്ടിലില്ലാത്തപ്പോള്‍ കുടുംബത്തെ സന്ദര്‍ശിച്ച് പിന്തുണ തേടിയ അഴഗിരിയുടെ പുതിയ നീക്കം എന്താകുമെന്ന് ഉറ്റുനോക്കുകയാണ് തമിഴകം.