Connect with us

Religion

ഫസല്‍ തങ്ങള്‍: ആത്മീയ ആരാമത്തിലെ അപൂര്‍വ പുഷ്പം

Published

|

Last Updated

മര്‍ക്കസുസ്സഖാഫത്തിസ്സുന്നിയ മുന്‍ പ്രസിഡന്റ് സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍ ഓര്‍മയായിട്ട് നാലാണ്ട് പിന്നിടുന്നു. ഫസല്‍ തങ്ങളുടെ വഫാത്തിന്റെ ഉടന്‍ പുറത്തിറങ്ങിയ സിറാജ് “സംസ്‌കാരം” സപ്ലിമെന്റില്‍ പ്രസിദ്ദീകരിച്ച ലേഖനം പുനര്‍വായനക്ക്.

സയ്യിദ് ഫസല്‍ ജിഫ്‌രി അല്‍ ശിഹാബ് പൂക്കോയ തങ്ങള്‍ കോഴിക്കോട്ടുകാര്‍ക്ക് പൂക്കാക്കയായിരുന്നു. സുന്നി സംഘടനകളുടെ
ആജ്ഞാശക്തിയുള്ള നേതാവ്. അനുയായികള്‍ക്കു സനേഹസാന്നിധ്യം. നിരാലംബര്‍ക്കു ആശ്രയം. ഏത് നല്ല കാര്യത്തിനും തങ്ങളുടെ
മുന്‍കൈയുണ്ട്. ഏത് കാറ്റിലും കോളിലും കുലുങ്ങാതെ ആ അമരക്കാരന്‍. മനസ്സ് കലങ്ങിയെത്തുന്ന സുന്നീ നേതാക്കളില്‍,
ഫസല്‍ തങ്ങളുടെ തെളിമയാര്‍ന്ന വാക്കുകള്‍ ഊര്‍ജ്ജം നിറച്ചു. ആരാധനകളുടെ അപാരതയില്‍ സഞ്ചരിച്ചു തങ്ങള്‍ നേടിയെടുത്ത ആത്മീയ ഔന്നത്യം നിരവധി രോഗികള്‍ക്ക് ആശ്വാസമായി. ആ വാക്കുകള്‍ പ്രാര്‍ഥനയായി. നേതാക്കള്‍, സംഘടനാ പ്രവര്‍ത്തകര്‍, സ്ഥാപന മേധാവികള്‍, ഒരു കക്ഷിയിലും പെടുത്താനാകാത്ത സാധാരണ മനുഷ്യര്‍, ജാതി- മത ഭേദമന്യേ ആയിരക്കണക്കായ മനുഷ്യര്‍. തങ്ങളുടെ വിയോഗം എല്ലാവരേയും ഉലച്ചിരിക്കുന്നു.
ഈ പൂവ് അവര്‍ക്ക് എന്തൊക്കെയോ ആയിരുന്നുവല്ലോ. തങ്ങള്‍ അവര്‍ക്ക് വാക്കുകള്‍ക്ക് അതീതമായ സ്‌നേഹവായ്പായിരുന്നല്ലോ.
അവര്‍ക്ക് പറയാന്‍ ഒരുപാടൊരുപാടുണ്ട്. ഉപ്പാപ്പയായ സയ്യിദ് ഫസല്‍ തങ്ങളുടെ ചാരത്ത് അന്ത്യ വിശ്രമം കൊള്ളുന്ന മഹാനവര്‍കളുടെ
സവിധത്തിലേക്ക് ആ ഓര്‍മകള്‍ സങ്കീര്‍ത്തനമായി പെയ്യുകയാണ്.

സകരിയ്യാ ബസാറിലെ ബാല്യകാലം
എം എം ഹനീഫ മൗലവി. എസ് വൈ എസ് സുപ്രീം കൗണ്‍സില്‍ അംഗം പറയുന്നത് തങ്ങളുടെ ആലപ്പുഴ ബന്ധത്തെക്കുറിച്ചാണ്.

ആലപ്പുഴയിലെ പ്രമുഖ സാദാത്ത് മഖാമായ സക്കരിയ്യാ ബസാറിലെ മഹ്ദലി തങ്ങള്‍ മഖാമിനോടനുബന്ധിച്ച കൊയിലാണ്ടി തങ്ങന്മാരുടെ വസതിയിലാണ് സയ്യിദ് ഫസല്‍ ബാല്യകാലം ചിലവഴിച്ചത്.തങ്ങളുടെ പിതാമഹരില്‍ ഒരാളായ സയ്യിദ് പൂക്കോയതങ്ങള്‍(ശൈഖ് ജിഫ്‌രി)ക്കൊപ്പം ഏറെ നാള്‍ ആലപ്പുഴയില്‍ താമസിച്ച ഫസല്‍ശിഹാബ് പ്രാഥമിക സ്‌കൂള്‍-മദ്‌റസാ പഠനങ്ങള്‍ പൂര്‍ത്തിയാക്കിയത് ഇവിടെ നിന്നാണ്. ആലപ്പുഴ സനാതന ധര്‍മ്മ വിദ്യാശാല(എസ് ഡി വി)യിലായിരുന്നു സ്‌കൂള്‍ പഠനം . ഈജിപ്തില്‍ നിന്നുള്ള പ്രമുഖരടക്കം അറിയപ്പെട്ട ഒട്ടേറെ പണ്ഡിതര്‍ ദര്‍സ് നടത്തുകയും നിരവധി പണ്ഡിത പ്രതിഭകളെ മുസ്‌ലിം കേരളത്തിന് സമ്മാനിക്കുകയും ചെയ്ത പ്രസിദ്ധമായ ആലപ്പുഴ മദ്രസത്തുല്‍മുഹമ്മദിയ്യയിലായിരുന്നു പ്രാഥമിക ഇസ്‌ലാമിക പഠനം

Fazal thangal photos (1)ആലപ്പുഴ സക്കരിയ്യാ ബസാറിലെ മഹ്ദലിതങ്ങള്‍(മക്ക) മഖാമിനോടനുബന്ധിച്ചുള്ള വലിയമാളിയക്കല്‍ തറവാട്ടില്‍ കോഴിക്കോട് കുറ്റിച്ചിറ ജിഫ്‌രി ഹൗസ്,കൊയിലാണ്ടി വലിയമാളിയക്കല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള നിരവധി സയ്യിദ് കുടുംബക്കാര്‍ താമസമാക്കിയിരുന്നു.ആലപ്പുഴ മുസ്‌ലിംകള്‍ക്ക് ആത്മീയ നേതൃത്വം നല്‍കുന്നതില്‍ വലിയമാളിയക്കല്‍ തറവാട് വഹിച്ച പങ്ക് ചെറുതല്ല. ഏറെക്കാലത്തെ ആലപ്പുഴ വാസത്തിന് ശേഷം ഇവിടം വിട്ട സയ്യിദ് ഫസല്‍ തങ്ങള്‍, ആലപ്പുഴയുമായി ബന്ധമുള്ള ആരെക്കണ്ടാലും ദീര്‍ഘനേരം സംസാരിക്കുകയും വിശേഷങ്ങള്‍ ആരായുകയും ചെയ്യുക പതിവായിരുന്നു.മര്‍ക്കസിന്റെയും എസ് വൈ എസിന്റെയും മറ്റും യോഗങ്ങളില്‍ സംബന്ധിക്കാനെത്തുമ്പോള്‍ എന്നോട് ആദ്യം ചോദിക്കുക മഹ്ദലിതങ്ങള്‍ മഖാമിലെ വിശേഷങ്ങളായിരുന്നു. രണ്ട് നൂറ്റാണ്ട് മുമ്പ് മക്കയില്‍ നിന്ന് മതപ്രബോധനാര്‍ഥമെത്തിയ മഹ്ദലി തങ്ങളെ സംബന്ധിച്ച ചരിത്രകഥകള്‍ ഞാന്‍ മനസ്സിലാക്കിയത് ഫസല്‍ തങ്ങളില്‍ നിന്നാണ്.

മഹ്ദലിങ്ങള്‍ മഖാമും അനുബന്ധ വസ്തുക്കളും അന്യാധീനപ്പെടുന്നതില്‍ ഏറെ വിഷമിച്ചിരുന്ന തങ്ങള്‍ അതിന്റെ നടത്തിപ്പിന്റെ ചുമതല എസ് വൈ എസിനെ ഏല്‍പിക്കാന്‍ മുന്‍കൈയെടുക്കുകയും അത് യാഥാര്‍ഥ്യമാക്കുകയും ചെയ്തു.എസ് വൈ എസ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ കീഴിലാണ് ഇപ്പോള്‍ ഈ സ്ഥാപനം. കേരള വഖഫ് ബോര്‍ഡ് ചെയര്‍മാനായിരിക്കെ വിവിധ പരിപാടികളില്‍ സംബന്ധിക്കാനായി ആലപ്പുഴയിലെത്തിയപ്പോഴൊക്കെ താന്‍ ബാല്യകാലം ചിലവഴിച്ച സക്കരിയ്യാ ബസാറിലെ വലിയമാളിയക്കല്‍ തറവാടും മഹ്ദലിതങ്ങള്‍ മഖാമും മറ്റും സന്ദര്‍ശിച്ചേ തങ്ങള്‍ മടങ്ങാറുണ്ടായിരുന്നുള്ളൂ.

തങ്ങള്‍ പറഞ്ഞു; നാളെയും വരണം ഞാന്‍ ചെന്നു….
ബേപ്പൂര്‍ ഖാസി പി ടി അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍- ഫസല്‍ തങ്ങളുടെ ആത്മ സൂഹൃത്ത് പറയുന്നത് തങ്ങളുടെ മരണത്തിന് തൊട്ടു തലേദിവസത്തെ വാക്കുകളാണ്. തങ്ങള്‍ മരണം മുന്നറിഞ്ഞുവോ?

മരിക്കുന്നതിന്റെ രണ്ടു ദിനം മുമ്പ്- ഞായറാഴ്ച രാത്രി- തങ്ങള്‍ എന്നെ ഫോണില്‍ വിളിച്ചു.”എന്താ ഖാസിയാരെ കുറച്ചു ദിവസമായി കാണുന്നില്ലല്ലോ, നാളെ ജിഫ്‌രി ഹൗസില്‍ വരണം”

അന്ന് ഞാന്‍ അവിടെ ചെന്നു. തങ്ങളുമൊത്ത് കുറേ നേരം കുടുംബ വിഷയങ്ങളും സംഘടനാകാര്യങ്ങളും സംസാരിച്ചു. ഉച്ചക്ക് ഒന്നിച്ചു ഭക്ഷണം കഴിച്ചു. വൈകുന്നേരം മടങ്ങിപ്പോരുമ്പോള്‍, തങ്ങള്‍ തലേ ആഴ്ച ഗള്‍ഫ് പര്യടനം നടത്തി തിരിച്ചു വരുമ്പോള്‍ കൊണ്ടു വന്ന മിഠായിയും കാരക്കയും സമ്മാനിച്ച ശേഷം പറഞ്ഞു. “നിങ്ങള്‍ നാളെയും ഇവിടെ വരണം”. സാധാരണ ഗതിയില്‍ തങ്ങളെ സന്ദര്‍ശിച്ചാല്‍ അടുത്ത ദിവസം തന്നെ വീണ്ടും വരാന്‍ പറയാറുണ്ടായിരുന്നില്ല. അത് കൊണ്ട്തന്നെ എന്തിനായിരിക്കും നാളെ വരാന്‍ പറഞ്ഞതെന്ന ചിന്ത എന്നെ മഥിച്ചു. അന്ന് പാതിരാത്രിയായപ്പോള്‍ തങ്ങള്‍ അസുഖ ബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട വിവരമാണ് ലഭിച്ചത്. നാലു മണിക്ക് തങ്ങള്‍ വഫാതാവുകയും ചെയ്തു. അങ്ങനെ ഞാന്‍ അടുത്ത ദിവസവും ജിഫ്‌രി ഹൗസില്‍ എത്തേണ്ടി വന്നു. തങ്ങളുടെ തലേ ദിവസത്തെ ക്ഷണത്തില്‍, തന്റെ മരണത്തെക്കുറിച്ച സൂചന ഒളിഞ്ഞിരിപ്പുണ്ടായിരുന്നോ?

Fazal thangal photos

സിറാജ് ഒാഫീസ് ഉദ്ഘാടന വേദിയില്‍

മറ്റു സയ്യിദന്മാര്‍ക്കും സംഘടനാ നേതാക്കള്‍ക്കും മാതൃകയാണ് ഫസല്‍ തങ്ങള്‍. മുതഅല്ലിംകളെയും യതീമുകളെയും അഗതികളെയും സ്‌നേഹിച്ചിരുന്ന തങ്ങള്‍ അവരെയെല്ലാം പരമാവധി സാമ്പത്തികമായി സഹായിക്കുകയും ചെയ്തിരുന്നു. സത്കാര പ്രിയനായിരുന്ന തങ്ങള്‍ അതിഥികളെ കേമമായി സത്കരിക്കും. അടുത്തറിഞ്ഞാല്‍ പിന്നെ തങ്ങളെ ആര്‍ക്കും സ്‌നേഹിക്കാതിരിക്കാനാകില്ല.

1974മുതലാണ് ഫസല്‍ തങ്ങള്‍ സുന്നി പ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. ആ വര്‍ഷം എസ് വൈ എസ് കോഴിക്കോട് സിറ്റി പ്രസിഡണ്ടായി അവരോധിതനായി. തുടര്‍ന്നു ജില്ലാ പ്രസിഡണ്ടായും സംസ്ഥാന വൈസ് പ്രസിഡണ്ടായും ഉയര്‍ന്നു വന്ന ഫസല്‍ തങ്ങള്‍ സംഘനയുടെ വളര്‍ച്ചക്കായി ഏറെ യത്‌നിച്ച നേതാവായിരുന്നു. വളരെക്കാലം തങ്ങളുടെ വീടായിരുന്നു സുന്നി സംഘടനകളുടെ ആസ്ഥാനം. കോഴിക്കാട്ടുകാര്‍ “പൂവ”് എന്നാണ് ഫസല്‍ തങ്ങളെ വിളിച്ചിരുന്നത്. തീര്‍ച്ചയായും മഹാനവര്‍കള്‍ ആത്മീയ മേഖലയില്‍ സൗരഭ്യം വിതറുന്ന ഒരപൂര്‍വ പുഷ്പം തന്നെയായിരുന്നു. ആ സൗരഭ്യം ഇനി നമുക്കാസ്വദിക്കാന്‍ കഴിയില്ലല്ലോ.

കുഞ്ഞാലി ഗുരുക്കള്‍ക്ക് ഇത് മറക്കാനാകില്ല
കുഞ്ഞാലി ഗുരുക്കള്‍. കോഴിക്കോട് പറമ്പില്‍ ബസാര്‍-ജിഫ്രി ഹൗസിലെ സ്ഥിരം സന്ദര്‍ശകന്‍. കിടന്നു പോയ മകനെ നടത്തത്തിലേക്ക് തിരിച്ചു കൊണ്ട് വന്ന പ്രാര്‍ഥനയുടെ ശക്തിയെക്കുറിച്ച്.

അഞ്ചു വര്‍ഷം മുമ്പ് എന്റെ താഹാ യാസീന്‍ എന്ന മകന്‍ അയല്‍ പക്കത്തെ വീടിന്റെ അപ്സ്റ്റയറില്‍ നിന്നു താഴേക്കു വീണു. വീഴ്ചയില്‍ മകന്റെ ഊര പൊട്ടുകയും അരയുടെ കീഴോട്ടുള്ള ഭാഗം തളരുകയും ചെയ്തു. മറ്റു ചികിത്സകളിലേക്ക് തിരിയുന്നതിന് മുമ്പ് കുട്ടിയെ ഫസല്‍ തങ്ങളെ കാണിക്കുന്നത് നന്നായിരിക്കുമെന്ന് തോന്നി. ഒരു വണ്ടി വിളിച്ചു മകനെയുമായി ജിഫ്‌രി ഹൗസിലേക്ക് തിരിച്ചു. നടക്കാന്‍ സാധിക്കാത്തതിനാല്‍ വാഹനത്തില്‍ നിന്ന് താങ്ങിയെടുത്താണ് അന്ന് ഒമ്പത് വയസ്സ് പ്രായമുണ്ടായിരുന്ന താഹാ യാസീനെ തങ്ങളുടെ സമീപമെത്തിച്ചത്. ജിഫ്‌രി ഹൗസില്‍ ഒരു കട്ടിലില്‍ തളര്‍ന്നു കിടക്കുകയായിരുന്ന മകനെ മന്ത്രിച്ചു തന്റെ കൈ കൊണ്ട് തടവിയ ശേഷം തങ്ങള്‍ പറഞ്ഞു. “ഇനി എഴുനേറ്റു നടന്നോളൂ”. തളര്‍ന്നു സുഖമില്ലാത്ത താന്‍ എങ്ങനെ നടക്കാന്‍ എന്ന മട്ടില്‍ കുട്ടി തങ്ങളുടെ മുഖത്തേക്ക് നോക്കിയപ്പോള്‍ അദ്ദേഹം വീണ്ടു പറഞ്ഞു.”എഴുനേറ്റ് നടക്കാനല്ലേ പറഞ്ഞത്”. അന്നേരം കുട്ടി ഒന്നെഴുന്നേറ്റു നോക്കി. അത്ഭുതം! അവന്റെ അസുഖമെല്ലാം മാറിയിരിക്കുന്നു. ഒരു പ്രയാസവുമില്ലാതെ നടന്നു ചെന്നാണ് അവന്‍ വണ്ടിയില്‍ തിരിച്ചു കയറിയത്. പിന്നീട് ഈ വീഴ്ചയുമായി ബന്ധപ്പെട്ടു മകന് ഒരു ചികിത്സയും ആവശ്യമായി വന്നിട്ടില്ല. യാസീന്‍ മാലിക് ഇപ്പോള്‍ താമരശ്ശേരിക്ക് സമീപം റശീദ് സഖാഫിയുടെ ദര്‍സില്‍ പഠിച്ചു കൊണ്ടിരിക്കയാണ്.

ആ അനുഭവം ഒറ്റപ്പെട്ടതല്ല. പരപ്പനങ്ങാടിക്ക് സമീപം ചെട്ടിപ്പടിയിലെ ജഅ്ഫര്‍ എന്ന മത്സ്യത്തൊഴിലാളി, ഗള്‍ഫില്‍ നിന്ന് ഒരു വീഴ്ചയില്‍ ഡിസ്‌ക് തകര്‍ന്നു അവശനായി. അറബിയും സുഹൃത്തുക്കളും ചേര്‍ന്നു ചികിത്സക്കായി ജഅ്ഫറിനെ നാട്ടിലേക്ക് അയച്ചു. ശസ്ത്രക്രിയ കൊണ്ടല്ലാതെ രക്ഷപ്പെടില്ലെന്നാണ് അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍മാര്‍ വിധിയെഴുതിയത്. ശസ്ത്രക്രിയക്ക് നല്ലൊരു തുക വേണം. സാമ്പത്തികമായി അവശരായിരുന്ന ജഅ്ഫറും കുടുംബവും, തുടര്‍ചികിത്സയുടെ കാര്യത്തില്‍ ഫസല്‍ തങ്ങളോട് അഭിപ്രായമാരായാമെന്ന തീരുമാനത്തില്‍ ജിഫ്‌രി ഹൗസിലെത്തി. തങ്ങള്‍ ജഅ്ഫറിനെ എറെ നേരം മന്ത്രിച്ച ശേഷം എന്നെ വിളിച്ചു വരുത്തി. “ഞാന്‍ മന്തിച്ചിട്ടുണ്ട്. ഇനി നിങ്ങള്‍ രോഗിയെ ഒന്നുഴിയണം .അതോടെ എല്ലാം സുഖപ്പെടും. ” തങ്ങളുടെ നിര്‍ദേശാനുസാരം ഞാന്‍ ഒറ്റ തവണ ഉഴിച്ചില്‍ നടത്തിയതോടെ രോഗി പൂര്‍വ സ്ഥിതി പ്രാപിച്ചു. ജഅ്ഫ ര്‍ ഇപ്പോള്‍ പൂര്‍ണ്ണ ആരോഗ്യവാനായി നാട്ടില്‍ മത്സ്യബന്ധനം നടത്തി ജീവിക്കുന്നു.

നടുക്കടലില്‍ നിന്നും ഫോണ്‍വിളി. ഇന്നൊന്നും കിട്ടിയില്ല. തങ്ങള്‍ പ്രാര്‍ഥിക്കണം.
പയിമ്പ്ര പോലൂര്‍ ചേക്കുട്ടി- ജിഫ്‌രി ഹൗസിലെ സേവകന്‍.

ആവലാതി പറയാന്‍, സങ്കടം ഉണര്‍ത്തിക്കാന്‍ ജിഫ്‌രി ഹൗസിലെ ആ കസേരയില്‍ ഇനി പൂക്കാക്കയില്ല. ഇനി?
വളപുരം സി എഛ് മുഹമ്മദ് മുസ്‌ലിയാരുടെ മകള്‍ക്ക് വിവാഹാനന്തരം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കുഞ്ഞിക്കാലുകള്‍ കാണാന്‍ ഭാഗ്യമുണ്ടായില്ല. വൈദ്യശാസ്ത്രത്തിന്റെ എല്ലാ ശാഖകളും മാറിമാറി പരീക്ഷിച്ചിട്ടും ഫലം കാണാതെ വന്നപ്പോള്‍ അവര്‍ ഉപ്പയോടൊപ്പം ഫസല്‍ തങ്ങളെ വന്ന് കണ്ടു സങ്കടം ഉണര്‍ത്തിച്ചു. “വിഷമിക്കേണ്ട, നിനക്ക് മക്കളുണ്ടാകും” അവരെ സമാധാനിപ്പിച്ചു കൊണ്ട് തങ്ങള്‍ അല്‍പം പഞ്ചസാര മന്ത്രിച്ചു നല്‍കി അത് തിന്നാന്‍ പറഞ്ഞു. പിന്നീട് അവര്‍ തങ്ങളെ കാണാന്‍ വന്നത് തന്റെ കുഞ്ഞിനെയുമായാണ്. ഇതിന് നന്ദി സൂചകമായി അവര്‍ വിരിച്ചു കൊടുത്തതാണ് ജിഫ്‌രി മഖാമിലെ ടൈല്‍സ്.

കാക്കൂരില്‍ നിന്ന് ഒരു സ്ത്രീ വന്ന്, താന്‍ പ്രസവിച്ച മൂന്നും പെണ്‍കുഞ്ഞുങ്ങളാണെന്നും ഒരു ആണ്‍കുഞ്ഞുണ്ടായിക്കാണാന്‍ ആഗ്രഹമുണ്ടെന്നും ഉണര്‍ത്തിച്ചു. തങ്ങളുടെ പ്രാര്‍ഥനയെ തുടര്‍ന്നു അവര്‍ നാലാമത് പ്രസവിച്ചത് ആണ്‍കുഞ്ഞായിരുന്നു.

കടപ്പുറം ഭാഗങ്ങളിലെ മീന്‍പിടുത്ത തൊഴിലാളികള്‍ക്ക് സമാദരണീയനായിരുന്നു തങ്ങള്‍. പുതിയ തോണി കടലിലിറക്കല്‍, ഗൃഹപ്രവേശനം തുടങ്ങിയ കാര്യങ്ങള്‍ക്ക് അവര്‍ അനുഗൃഹം തേടിയിരുന്നത് തങ്ങളോടായിരുന്നു. കടലിലെ മീന്‍കൊയ്ത്ത് കുറഞ്ഞാലും തങ്ങളെയായിരുന്നു പരിഹാരത്തിനായി സമീപിച്ചിരുന്നത്. തങ്ങള്‍ പ്രാര്‍ഥിച്ചാല്‍ ഫലം ഉറപ്പാണെന്ന് അവര്‍ക്ക് പൂര്‍ണ്ണ വിശ്വാസമുണ്ടായിരുന്നു. ചിലപ്പോള്‍ കടലില്‍ വെച്ചാണ്, ഇന്നൊന്നും കിട്ടിയില്ലെന്നും തങ്ങള്‍ ദുആ ചെയ്യണമെന്നും വിളിച്ചു പറയുക. അത്തരം നിരവധി ഫോണുകള്‍ ഞാന്‍ അറ്റന്റ് ചെയ്തിട്ടുണ്ട്. ഇന്ന ദിശയിലേക്ക് നീങ്ങിയാല്‍ മീന്‍ കിട്ടുമെന്ന് തങ്ങള്‍ ഇവിടെ ഇരുന്ന് കൊണ്ട് അവര്‍ക്ക് നിര്‍ദേശം നല്‍കും. അപ്രകാരം തന്നെ സംഭവിക്കുകയും ചെയ്യും.
ഇങ്ങനെ എത്രയെത്ര അനുഭവങ്ങള്‍! ഇനി അവര്‍ക്ക് പരാതി പറയാന്‍, സങ്കടം ഉണര്‍ത്തിക്കാന്‍ പൂക്കാക്ക ഇല്ല. ജിഫ്‌രി ഹൗസിലെ പൂമുഖത്തെ പ്രൗഡമായ ആ കസേര ഒഴിഞ്ഞു കിടക്കുന്നു.