Kerala
ഹയര്‍സെക്കന്ററി, എസ് എസ് എല്‍ സി മൂല്യനിര്‍ണയം ആരംഭിച്ചു
തിരുവനന്തപുരം; സംസ്ഥാനത്തെ ഹയര്‍സെക്കന്ററി, എസ് എല്‍ സി മൂല്യനിര്‍ണയം ആരംഭിച്ചു. 54 കേന്ദ്രങ്ങളിലായി 12,000 അധ്യാപകരാണ് എസ് എസ് എല്‍ സി മൂല്യനിര്‍ണയം നടത്തുന്നത്. ഏപ്രില്‍ 12 വരെ മൂല്യനിര്‍ണയ ക്യാമ്പുകള്‍ നീളും. തെരെഞ്ഞെടുപ്പ് പ്രമാണിച്ച് ഏപ്രില്‍ 9 മുതല്‍ 11 വരെ ക്യാമ്പുകള്‍ക്ക് അവധിയായിരിക്കും.
പരീക്ഷയുടെ ദൈര്‍ഘ്യമനുസരിച്ചാണ് ദിനംപ്രതി മൂല്യനിര്‍ണയം നടത്തേണ്ട പേപ്പറുകളുടെ എണ്ണവും പ്രതിഫലവും നിശ്ചയിച്ചിരിക്കുന്നത്. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷയുടെ 64 പേപ്പറുകള്‍, ഒന്നര മണിക്കൂര്‍ നീളമുള്ള പരീക്ഷയുടെ 36 പേപ്പര്‍, രണ്ടര മണിക്കൂറുള്ള പരീക്ഷയുടെ 24 പേപ്പറുകള്‍ എന്നിങ്ങനെയാണ് പ്രതിദിനം ഒരു അധ്യാപകന്‍ മൂല്യനിര്‍ണയം നടത്തേണ്ട രീതി.
ഹയര്‍സെക്കന്ററി മൂല്യനിര്‍ണയത്തിന് 56 ക്യാമ്പുകളില്‍ 16,000 അധ്യാപരെയാണ് നിശ്ചയിച്ചിരിക്കുന്നത്. തെരെഞ്ഞെടുപ്പ് കാരണം ഏപ്രില്‍ 8ന് ക്യാമ്പ് അടച്ച് 21ന് മൂല്യനിര്‍ണയം പുനരാരംഭിക്കും. പ്രവൃത്തി ദിനങ്ങളാണെങ്കിലും ഏപ്രില്‍ 16, 19 തിയതികളില്‍ ക്യാമ്പ് പ്രവര്‍ത്തിക്കില്ല. മതിയായ കാരണങ്ങളില്ലാതെ മൂല്യനിര്‍ണയ ക്യാമ്പില്‍ നിന്ന് വിട്ടുനില്‍ക്കുന്നവര്‍ അച്ചടക്ക നടപടിക്ക് വിധേയമാവുമെന്ന് പരീക്ഷാ സെക്രട്ടറി അറിയിച്ചു.