Gulf
ഒമാന്‍ ഇന്ത്യന്‍ സ്‌കൂള്‍ ബി ഒ ഡി ചെയര്‍മാനായി വില്‍സണ്‍ ജോര്‍ജിനെ തിരഞ്ഞെടുക്കാന്‍ ധാരണ
മസ്‌കത്ത്: രാജ്യത്തു പ്രവര്‍ത്തിക്കുന്ന പത്തൊമ്പത് ഇന്ത്യന്‍ സ്‌കൂളുകളെ നിയന്ത്രിക്കുന്ന ബോര്‍ഡ് ഓഫ് ഡയറക്‌ടേഴ്‌സിന്റെ ചെയര്‍മാനെ നാളെ തിരഞ്ഞെടുക്കും. തിരഞ്ഞെടുപ്പില്‍ കൂടുതല്‍ വോട്ടു നേടിയ വില്‍സന്‍ ജോര്‍ജിനെ ചെയര്‍മാനാക്കാന്‍ ധാരണയായതായി അറിയുന്നു. വോട്ടെടുപ്പില്‍ രണ്ടാംസ്ഥാനത്തെത്തിയ മുഹമ്മദ് ബശീര്‍ ചെയര്‍മാന്‍ മത്സര രംഗത്തു നിന്നും പിന്‍മാറാന്‍ സന്നദ്ധത അറിയിച്ചതോടെയാണ് വില്‍സന്റെ ചെയര്‍മാന്‍സ്ഥാനം ഏതാണ്ട് ഉറപ്പായത്.
നാളെയാണ് പുതിയ ബി ഒ ഡിയുടെ ആദ്യ യോഗം ചേരുന്നത്. അധികാരമൊഴിയുന്ന ബി ഒ ഡി അംഗങ്ങളും പുതിയ ബി ഒ ഡിയും സംയുക്ത യോഗം ചേര്‍ന്നാണ് അധികാര കൈമാറ്റം നടക്കുക. തുടര്‍ന്ന് പുതിയ ബോര്‍ഡ് യോഗം ചേര്‍ന്നാണ് ചെയര്‍മാനെ കണ്ടെത്തുക. ഭരണഘടനയനുസരിച്ച് വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട അഞ്ചു രക്ഷിതാക്കളുടെ പ്രതിനിധികളില്‍നിന്നാണ് ചെര്‍മാനെ കണ്ടെത്തേണ്ടത്. കൂടുതല്‍ വോട്ടു നേടിയ വില്‍സന്‍ ജോര്‍ജും രണ്ടാം സ്ഥാനക്കാരനായ മുഹമ്മദ് ബശീര്‍, മൂന്നാംസ്ഥാനക്കാരനും നിലവിലെ ബോര്‍ഡ് അംഗവുമായ അരുള്‍ മൈക്കിള്‍ എന്നിവര്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് രംഗത്തു വന്നതോടെ തിരിഞ്ഞെടുപ്പിനുള്ള സാധ്യത തെളിഞ്ഞിരുന്നു. അഞ്ചംഗങ്ങളില്‍നിന്നുള്ള ചെയര്‍മാനെ തിരഞ്ഞെടുക്കുന്നതിന് ഒമ്പതു പേര്‍ക്കു കൂടി വോട്ടവകശമുണ്ട്. അംഗങ്ങള്‍ക്കിടയില്‍ പിന്തുണ തേടിയുള്ള ചര്‍ച്ചകളും നടന്നിരുന്നു.
രാണ്ടാംസ്ഥാനക്കാരനേക്കാള്‍ ഇരട്ടി വോട്ടുകള്‍ കൂടുതല്‍ നല്‍കി രക്ഷിതാക്കള്‍ നല്‍കിയ അംഗീകാരം എന്ന നിലയിലാണ് വില്‍സണ്‍ ജോര്‍ജ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് രംഗത്തു വന്നത്. രക്ഷിതാക്കള്‍ അര്‍പ്പിച്ച ഒരു വിശ്വാസമാണിതെന്നും അതനുസരിച്ച് നിലപാടെടുക്കേണ്ടതുമുണ്ടെന്ന് നേരത്തെ അദ്ദേഹം അറിയിച്ചിരുന്നു. തന്റെ ആശയം തിരഞ്ഞെടുക്കപ്പെട്ട അഞ്ച് അംഗങ്ങളെയും അദ്ദേഹം അറിയിക്കുകുയം ചെയ്തു. എന്നാല്‍, ചെയര്‍മാനാകാന്‍ അഞ്ചു പേര്‍ക്കും തുല്യ അവകാശമാണ് ഭരണ ഘടന നല്‍കുന്നതെന്നും ആകെ ബോര്‍ഡ് അംഗങ്ങളുടെ അഭിപ്രായം കൂടി പരിഗണിച്ച് ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന നിലപാടാണ് ബശീറും അരുള്‍ മൈക്കിളും സ്വീകരിച്ചത്. ഇത് വെളിപ്പെടുത്താന്‍ ഇരവരും തയാറായില്ല. അതേസമയം, ചെയര്‍മാനാകാനില്ലെന്നു പറയാനും മുതിര്‍ന്നില്ല. തിരഞ്ഞെടുക്കപ്പെട്ട മറ്റു രണ്ട് അംഗങ്ങളായ കെ റജിമോനും എസ് ശ്രീവാസ്തവയും ചെയര്‍മാനാകാനില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.
കൂടുതല്‍ വോട്ടു നേടിയ അംഗം ചെയര്‍മാനാവുക എന്ന മുന്‍ കീഴ്‌വഴക്കം അഗീകരിക്കാന്‍ മറ്റു അംഗങ്ങള്‍ തയാറാകാതിരിക്കുകയും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്കിടയില്‍ സമവായം രൂപപ്പെടുകയും ചെയ്യാത്തതാണ് വിഷയം സങ്കീര്‍ണമാക്കിയത്. ബി ഒ ഡിക്കെതിരെ രക്ഷിതാക്കള്‍ക്കൊപ്പം നിന്ന് നേരത്തെ പ്രതിഷേധം നയിച്ചിട്ടുള്ള വില്‍സന്‍ ജോര്‍ജ് ചെയര്‍മാനാകാതിരിക്കാനുള്ള ചില നോമിനേറ്റഡ് ബി ഒ ഡി അംഗങ്ങളുടെ നീക്കങ്ങളും ഇതിനു കരുത്തു പകര്‍ന്നു. വോട്ടെടുപ്പ് നടക്കുന്നത് ഉചിതമല്ലെന്നും അഞ്ച് അംഗങ്ങള്‍ക്കിടയില്‍നിന്നും സമവായത്തിലൂടെ ചെയര്‍മാനെ തിരഞ്ഞെടുക്കണമെന്നും നിലിവിലെ ബി ഒ ഡി ചെര്‍മാന്‍ ടോണി ജോര്‍ജ് അഭിപ്രായപ്പെട്ടിരുന്നു.
അതേസമയം, ചെയര്‍മാനാകില്ലെന്ന ധാരണ വെളിപ്പെടുത്താന്‍ മുഹമ്മദ് ബശീര്‍ വിസമ്മതിച്ചു. ബി ഒ ഡി അംഗങ്ങള്‍ക്കിടയില്‍ ചര്‍ച്ചകള്‍ നടന്നു വരികയാണെന്നും ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസവും സ്‌കൂളുകളുടെ പുരോഗതിയും മുന്‍നിര്‍ത്തിയായിരിക്കും നിലപാടെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു. സമവായത്തിനു വേണ്ടി ചെയര്‍മാനാവുക എന്ന അവകാശത്തില്‍ നിന്നു പിന്‍മാറുമോ എന്ന ചോദ്യത്തിനും അതിപ്പോള്‍ പറയാന്‍ പറ്റില്ലെന്നായിരുന്നു മറുപടി. അതിനിടെ വൈസ് ചെയര്‍മാനാകാമെന്ന ധാരണയിലാണ് ചെയര്‍മാന്‍ സ്ഥാനത്തു നിന്നു പിന്തിരിയാന്‍ ബശീര്‍ തയാറായതെന്നറിയുന്നു. ചെയര്‍മാനാകുന്നതിനുള്ള സാങ്കേതിക തടസങ്ങളും പിന്‍മാറ്റത്തിനു പിന്നിലുണ്ടെന്ന് സൂചനയുണ്ട്.
എന്നാല്‍ അത്തരം ധാരണകള്‍ ഉള്ളതാതായി അറിയില്ലെന്ന് വില്‍സനുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. ചെയര്‍മാനാകുന്നതിനും ധാരണയായിട്ടില്ല. എല്ലാവരുമായും സംസാരിച്ചിട്ടുണ്ട്. കൂടുതല്‍ വോട്ടു നേടിയ അംഗം എന്ന അവകാശത്തില്‍ ചെയര്‍മാനാകുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ പറഞ്ഞു. കൂടുതല്‍ വോട്ടു നേടിയ രണ്ടു പേര്‍ക്കിടയില്‍ ധാരണയായ സാഹചര്യത്തില്‍ അരുള്‍ മൈക്കിളും ചെയര്‍മാനാകാനുള്ള അവകാശവാദത്തില്‍ നിന്നും പിന്തിരിയുന്നുവെന്നാണ് സൂചന. അതിനിനിടെ രണ്ടു പ്രധാന സ്ഥാനാര്‍ഥികള്‍ക്കിടയില്‍ അവിഹിതമായി ഒത്തു തീര്‍പ്പുണ്ടാക്കിയെന്ന ആക്ഷേപവുമായി സ്ഥനാര്‍ഥികള്‍ക്കു വണ്ടി പ്രവര്‍ത്തിച്ചവരും ജയിച്ച മറ്റു അംഗങ്ങളും രംഗത്തു വന്നിട്ടുണ്ട്. ബി ഒ ഡിയെ രാഷ്ട്രീയക്കളിക്കു വേദിയാക്കുന്നുവെന്നാണ് ഇവരുടെ ആരോപണം.