Connect with us

Articles

ആര് മണി കെട്ടും ഈ കോര്‍പ്പറേറ്റുകള്‍ക്ക്?

Published

|

Last Updated

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസി (ഇന്ദിര)ന്റെ പ്രവര്‍ത്തക സമിതി അംഗവും കേന്ദ്ര പ്രതിരോധ മന്ത്രിയുമായ എ കെ ആന്റണി ഒടുവില്‍ കോര്‍പ്പറേറ്റുകള്‍ക്കെതിരെ സംസാരിക്കുന്നു. നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കിയ ബി ജെ പിയുടെ പ്രചാരണത്തിന് നേതൃത്വം നല്‍കുന്നത് രാഷ്ട്രീയ സ്വയം സേവക് സംഘും കോര്‍പ്പറേറ്റുകളുമാണെന്നാണ് എ കെ ആന്റണി പറയുന്നത്. രാജ്യത്തിന്റെ ഐക്യത്തെ തകര്‍ക്കുന്ന അജന്‍ഡയാണ് നരേന്ദ്ര മോദി മുന്നോട്ടു വെക്കുന്നതെന്ന് ആന്റണി കുറ്റപ്പെടുത്തുന്നുണ്ട്. ആ അജന്‍ഡ നടപ്പാക്കാനുള്ള അവസരം തുറന്നു കിട്ടാനുള്ള പ്രചാരണത്തിന് നേതൃത്വം നല്‍കുകയാണ് കോര്‍പ്പറേറ്റുകള്‍ എന്നാണ് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തക സമിതിയംഗം പറഞ്ഞുവെക്കുന്നത്. നിയമവിധേയവും അല്ലാത്തതുമായ ആനുകൂല്യങ്ങള്‍ വാരിക്കോരി നല്‍കി ഈ കുത്തകകളെ വളര്‍ത്തിവലുതാക്കുന്നതില്‍ ഇക്കാലത്തിനിടെ കോണ്‍ഗ്രസ് നല്‍കിയ സംഭാവനകള്‍ എത്രയെന്നും അത്തരം നയങ്ങളിലൊരു പുനരാലോചന ഇനിയുണ്ടാകുമോയെന്നും ആന്റണി വ്യക്തമാക്കേണ്ടതുമുണ്ട്.
അദാനി, അംബാനി, എസ്സാര്‍ എന്നു തുടങ്ങി വേദാന്ത വരെ നീളുന്ന ഒരേ സമയം കോണ്‍ഗ്രസിനും ബി ജെ പിക്കും കൈയയച്ച് പണം നല്‍കിയ കുത്തകകളെക്കുറിച്ചാണ് എ കെ ആന്റണി പറയുന്നത്. പാര്‍ട്ടി ഫണ്ടിലേക്ക് സംഭാവന നല്‍കുന്നുവെങ്കിലും ഇപ്പറഞ്ഞ കോര്‍പ്പറേറ്റുകളുടെ ഈ തിരഞ്ഞെടുപ്പിലെ താത്പര്യം നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വരിക എന്നതാണ്. ആ താത്പര്യം സംരക്ഷിക്കപ്പെടുന്നതിനു വേണ്ട പണം അവരൊഴുക്കുന്നുവെന്നതാണ് ആന്റണിയെ അലോസരപ്പെടുത്തുന്നത്. തങ്ങളൊഴുക്കുന്ന പണം ഫലം കാണുന്നുണ്ടെന്ന തോന്നല്‍ കോര്‍പ്പറേറ്റ് മേധാവികളില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നുവെന്നതിന് ഓഹരി വിപണികളിലേക്ക് ഒഴുകിയെത്തുന്ന വിദേശ മൂലധനം തന്നെയാണ് തെളിവ്.
ഈ കോര്‍പ്പറേറ്റുകള്‍ ഭരണത്തില്‍ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും അതിലൂടെ അവര്‍ നേടിയെടുക്കുന്ന അനര്‍ഹമായ സമ്പാദ്യത്തെക്കുറിച്ചും പലരും ഉറക്കെപ്പറഞ്ഞിട്ടുണ്ട്. ക്രമക്കേടുകള്‍ക്ക് വഴിവെച്ചു കൊടുക്കുന്ന ഭരണ നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. കൃഷ്ണ – ഗോദാവരി ബേസിനില്‍ നിന്ന് ഖനനം ചെയ്യുന്ന പ്രകൃതി വാതകത്തിന്റെ വില നിശ്ചയിക്കുന്നതില്‍ മുകേഷ് അംബാനിയുടെ കമ്പനിക്ക് അനുകൂലമായ തീരുമാനം ഡോ. മന്‍മോഹന്‍ സിംഗ് അധ്യക്ഷനായ മന്ത്രിസഭ എടുക്കുമ്പോള്‍ അവിടെ എ കെ ആന്റണിയുടെ സാന്നിധ്യമുണ്ടായിരുന്നു. ഖനനത്തിനായി എണ്ണപ്പാടം അനുവദിക്കുമ്പോള്‍, പൊതുമേഖലാ സ്ഥാപനമായ ദേശീയ താപോര്‍ജ കോര്‍പ്പറേഷനുമായി മുകേഷ് അംബാനിയുടെ കമ്പനിയുണ്ടാക്കിയ കരാറില്‍ പറഞ്ഞതിന്റെ ഇരട്ടിയിലധികം വില, പ്രകൃതി വാതകത്തിന് നിശ്ചയിച്ചു കൊടുത്തിരുന്നു. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് വാതക വില വീണ്ടും വര്‍ധിപ്പിക്കാന്‍ മന്‍മോഹന്‍ സിംഗ് മന്ത്രിസഭ തീരുമാനിച്ചു. ആം ആദ്മി പാര്‍ട്ടിയുടെ നേതാവ് അരവിന്ദ് കെജ്‌രിവാള്‍, തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതിനാല്‍ മാത്രമാണ് അവസാനമെടുത്ത തീരുമാനം നടപ്പാകാതെ പോയത്. ഇത് റിലയന്‍സിന്റെ കമ്പനിയുടെ കാര്യം മാത്രമാണ്.
ഒഡീഷയില്‍ അലുമിനിയം പ്ലാന്റ് സ്ഥാപിക്കാനായി ആദിവാസികളുടെ ഭൂമി ഏറ്റെടുത്ത് വേദാന്ത കമ്പനിക്ക് കൈമാറാന്‍, അവസാന നിമിഷം വരെ പിന്തുണയുമായി നിന്നിരുന്നു യു പി എ സര്‍ക്കാര്‍. കല്‍ക്കരിപ്പാടങ്ങള്‍ എസ്സാറിന് അനുവദിച്ചു കൊടുക്കുന്നതിലും ലോഭം കാട്ടിയിട്ടില്ല മന്‍മോഹന്‍ സിംഗ് ഭരണകൂടം. ഗുജറാത്തില്‍ നരേന്ദ്ര മോദി സര്‍ക്കാറിന്റെ പിന്തുണയോടെ അദാനി ഗ്രൂപ്പ് നടപ്പാക്കിയ പദ്ധതികള്‍ക്കെല്ലാം വേണ്ട അനുമതികള്‍ കൃത്യസമയത്ത് ലഭ്യമാക്കുന്നതില്‍ മടി കാട്ടിയിട്ടില്ല ഇവര്‍. ഇങ്ങനെയൊക്കെ പോറ്റിവളര്‍ത്തിയവര്‍ ശത്രുപക്ഷം ചേര്‍ന്ന്, രാജ്യത്തിന്റെ സര്‍വനാശത്തിന് കാരണമായേക്കാവുന്ന അവസ്ഥ (ആന്റണിയുടെ വാക്കുകളാണിത്) സൃഷ്ടിക്കാന്‍ നില്‍ക്കുമ്പോഴാണ് കോര്‍പ്പറേറ്റുകളുടെ പങ്കാളിത്തത്തെക്കുറിച്ച് ആന്റണി വിലപിക്കുന്നത്.
പ്രകൃതി വാതകത്തിന്റെ വില വര്‍ധിപ്പിച്ച് നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതോടെ (പ്രകൃതി വിഭവങ്ങളുടെ വില നിശ്ചയിക്കാനുള്ള അധികാരം സര്‍ക്കാറിനാണെന്ന സുപ്രധാന വിധിയിലൂടെ സുപ്രീം കോടതിയുടെ ചീഫ് ജസ്റ്റിസായിരുന്ന കെ ജി ബാലകൃഷ്ണന്‍ ഇക്കാര്യത്തില്‍ നല്‍കിയ സുപ്രധാന സംഭാവനയെ സ്മരിക്കുന്നു) മുകേഷ് അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പിനുണ്ടാകുന്ന ലാഭത്തിന്റെ കണക്ക് ലക്ഷം കോടിയില്‍ നിരത്തിയിരുന്നു സി പി ഐ നേതാവും ലോക്‌സഭാംഗവുമായ ഗുര്‍ദാസ് ദാസ്ഗുപ്ത. ഖനനത്തിനു വേണ്ട ചെലവ് കൃത്രിമമായി വര്‍ധിപ്പിച്ച് കാട്ടി പ്രകൃതിവാതകത്തിന്റെ വില വര്‍ധിപ്പിക്കാന്‍ റിലയന്‍സ് ഗ്രൂപ്പ് ആവശ്യപ്പെട്ടുവെന്ന ആരോപണത്തിലും അതിന് കേന്ദ്ര സര്‍ക്കാര്‍ വഴങ്ങിയതിലും ക്രമക്കേടുണ്ടോ എന്ന സംശയം കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി എ ജി) ചൂണ്ടിക്കാട്ടുകയും ചെയ്തു. ഇത് കണ്ടെത്താന്‍ റിലയന്‍സിന്റെ കണക്കുകള്‍ പരിശോധിക്കണമെന്ന സി എ ജിയുടെ ആവശ്യത്തെ കോടതിയില്‍ ചോദ്യം ചെയ്യുകയാണ് അംബാനി ഗ്രൂപ്പ് ചെയ്തത്. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് സി എ ജിയെ അനുകൂലിക്കുന്നതായിരുന്നില്ല. അനുകൂല നിലപാടെടുത്തിരുന്നുവെങ്കില്‍ കാലാവധി അവസാനിക്കുന്നതിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ വാതകവില വീണ്ടും വര്‍ധിപ്പിക്കാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിക്കില്ലായിരുന്നുവല്ലോ?
ഇങ്ങനെ സ്വരുക്കൂട്ടിയ ലാഭത്തിലൊരംശം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഫണ്ടിലേക്ക് എത്തിയിട്ടുണ്ടാകുമെന്നതില്‍ തര്‍ക്കമില്ല. അതിനേക്കാളധികം ബി ജെ പിയുടെ പക്കലെത്തുകയും നരേന്ദ്ര മോദിയെ അധികാരത്തിലെത്തിക്കുക എന്ന ഉദ്ദേശ്യത്തില്‍ പണമൊഴുക്കുകയും ചെയ്യുന്ന സാഹചര്യം യഥാര്‍ഥത്തില്‍ എ കെ ആന്റണിയടക്കമുള്ളവരുടെ സൃഷ്ടിയാണ്. സ്വയംകൃതാനര്‍ഥത്തിന്റെ കൂടി ബാക്കിയാണ് ഇപ്പോഴത്തെ വേവലാതിയെന്ന് ചുരുക്കം. മുന്നണി രാഷ്ട്രീയത്തിന്റെ സമ്മര്‍ദം മൂലം പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പന മാറ്റിവെക്കേണ്ടിവരികയും സാമ്പത്തിക പരിഷ്‌കാര നടപടികളുടെ വേഗം കുറക്കുകയും ചെയ്യേണ്ടിവന്ന യു പി എയേക്കാള്‍ മുന്നണി സര്‍ക്കാറിന് നേതൃത്വം നല്‍കുമ്പോള്‍ തന്നെ ഓഹരി വില്‍പ്പനക്ക് പ്രത്യേക മന്ത്രാലയമുണ്ടാക്കിയ ബി ജെ പി തന്നെയാണ് കോര്‍പ്പറേറ്റുകള്‍ക്ക് പഥ്യം. അത്തരം നയങ്ങള്‍ക്ക് തുടക്കമിട്ടുകൊടുത്ത കോണ്‍ഗ്രസും അതിന്റെ വേഗം കൂട്ടിക്കൊടുത്ത എ കെ ആന്റണിയുടെ ഇപ്പോഴത്തെ നേതാവ് മന്‍മോഹന്‍ സിംഗുമാണ് ഇവിടെയും പ്രതിസ്ഥാനത്തു നില്‍ക്കേണ്ടിവരിക.
മോദിക്ക് വേണ്ടിയുള്ള കോര്‍പ്പറേറ്റ് ഇടപെടലിനെക്കുറിച്ച് ആന്റണി കേരളത്തില്‍ വന്ന് മലയാളത്തില്‍ വിലപിക്കുന്നതിന് മുമ്പ് തന്നെ അരവിന്ദ് കെജ്‌രിവാള്‍ ദേശീയതലത്തില്‍ ഈ വിഷയം ഉന്നയിച്ചിരുന്നു. ഡല്‍ഹിയില്‍ വൈദ്യുതി വിതരണം ചെയ്യുന്ന അനില്‍ അംബാനിയുടെ കമ്പനിയുടെ കണക്കുകള്‍ ഓഡിറ്റിംഗിന് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയായിരിക്കെ ഉയര്‍ത്തിക്കൊണ്ടുവന്ന വിഷയം പിന്നീട് തിരഞ്ഞെടുപ്പ് പ്രചാരണത്തിലുമുന്നയിച്ചു കെജ്‌രിവാള്‍. നിങ്ങള്‍ അംബാനിമാര്‍ക്കൊപ്പമോ ജനങ്ങള്‍ക്കൊപ്പമോ എന്ന ചോദ്യം കോണ്‍ഗ്രസിനോടും ബി ജെ പിയോടും ചോദിച്ചപ്പോള്‍ ദേശീയ നേതാക്കളാരും ദേശീയ ഭാഷയില്‍ മറുപടി പറയാന്‍ തയ്യാറായിരുന്നില്ല. പ്രകൃതി വാതകത്തിന്റെ വില, പെട്രോളിന്റെ വില നിര്‍ണയിക്കാനുള്ള അധികാരം കമ്പനികള്‍ക്ക് വിട്ടുനല്‍കിയത്, ഡീസലിന്റെ വില നിര്‍ണയിക്കാനുള്ള അധികാരം പടിപടിയായി കമ്പോളത്തിന് കൈമാറിക്കൊണ്ടിരിക്കുന്നത് ഇതൊക്കെ ആര്‍ക്കുവേണ്ടിയാണ് എന്ന ചോദ്യമാണ് കെജ്‌രിവാള്‍ പ്രധാനമായും ഉന്നയിച്ചത്. ബഹു ബ്രാന്‍ഡുകളുടെ ചില്ലറ വില്‍പ്പനയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിച്ച് വാള്‍മാര്‍ട്ടിനും കാരെഫോറിനും ടെസ്‌കോക്കുമൊക്കെ വഴി തുറന്നിടുന്നത് ആര്‍ക്കുവേണ്ടിയാണ് എന്നും കെജ്‌രിവാള്‍ ചോദിച്ചു.
രാജ്യത്തെ സാമ്പ്രദായിക ഇടതുപക്ഷം വര്‍ഷങ്ങളായി ചോദിച്ചുകൊണ്ടിരിക്കുന്ന ചോദ്യങ്ങളാണ് ഇവയൊക്കെ. പക്ഷേ, ഒരിക്കല്‍പ്പോലും അംബാനിമാരെ തിരഞ്ഞെടുപ്പ് വിഷയമാക്കാനോ സാമ്പത്തിക നയങ്ങളെ സാമാന്യ ജനങ്ങള്‍ക്ക് മുന്നിലൊരു സജീവ വിഷയമാക്കുന്നതിനോ (വടക്കേ ഇന്ത്യയില്‍ പ്രത്യേകിച്ചും) ഇടത് പാര്‍ട്ടികള്‍ക്ക് സാധിച്ചിരുന്നില്ല. അതിലൊരു മാറ്റമുണ്ടാക്കുകയാണ് അരവിന്ദ് കെജ്‌രിവാള്‍ ചെയ്തത്. അത് എത്രത്തോളം സ്വാധീനമുണ്ടാക്കുമെന്നറിയണമെങ്കില്‍ മെയ് പതിനാറിന് അസ്തമനമാകണം. നിലവിലുള്ള അധികാര രാഷ്ട്രീയത്തില്‍ യാതൊരു മാറ്റവും തത്കാലമുണ്ടാക്കിയില്ലെങ്കില്‍പ്പോലും എ കെ ആന്റണിയെപ്പോലൊരു മുതിര്‍ന്ന നേതാവ് കോര്‍പ്പറേറ്റുകളുടെ സ്വാധീനത്തെക്കുറിച്ച് വിലപിക്കുന്ന അവസ്ഥയെങ്കിലുമുണ്ടാക്കി എന്നത് പ്രധാനമാണ്. ഈ വിലാപം പക്ഷേ, ഡല്‍ഹിയിലെത്തി നടത്താന്‍ ആന്റണി തയ്യാറാകില്ല. സാമ്പത്തിക പരിഷ്‌കാരനയങ്ങളെ വിമര്‍ശിച്ച് ബംഗളൂരുവിലെ എ ഐ സി സി സമ്മേളനത്തില്‍ പ്രസംഗിച്ച വയലാര്‍ രവിക്ക് പിന്നീട് കോണ്‍ഗ്രസ് രാഷ്ട്രീയത്തിലൊരു മേല്‍വിലാസമുണ്ടാകാന്‍ ഏതാണ്ടൊരു ദശകത്തോളം വേണ്ടിവന്നുവെന്ന ഓര്‍മ ആന്റണിക്കുണ്ടാകും. അല്ലെങ്കില്‍ മന്‍മോഹന്റെ സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടപ്പെടുന്ന സോണിയക്കു ശേഷം കോണ്‍ഗ്രസ് അധ്യക്ഷനാകാനിരിക്കുന്ന രാഹുല്‍ ഗാന്ധി, ഇപ്പോള്‍ പാര്‍ട്ടി അഭിമുഖീകരിക്കുന്ന ദുരവസ്ഥക്ക് പരിഹാരം കാണാന്‍ പാകത്തില്‍ ദീര്‍ഘദൃഷ്ടി കാട്ടണം. മഹാരാഷ്ട്രയിലെ ഗ്രാമത്തില്‍, അടുപ്പ് കൂട്ടാന്‍ വിറക് പെറുക്കുന്ന കലാവതിയുടെ ദുരിതങ്ങള്‍ക്ക് പരിഹാരം കാണാന്‍ പാകത്തിലുള്ളതെന്ന് ഇന്തോ – അമേരിക്കന്‍ സിവിലിയന്‍ ആണവ സഹകരണ കരാറിനെ വിശേഷിപ്പിച്ച സവിശേഷ ബുദ്ധിയില്‍ ഇക്കാലത്തിനിടെ വലിയ മാറ്റമൊന്നുമുണ്ടായതായി കാണുന്നില്ല. അതുകൊണ്ട് കോര്‍പ്പറേറ്റ് ഇടപെടലിനെക്കുറിച്ചുള്ള വിലാപം കാസര്‍കോട് മുതല്‍ പാറശ്ശാലവരെയുള്ള ദേശീയപാതയില്‍ മലയാളത്തില്‍ വിലപിക്കുന്നതാകും ആന്റണിക്ക് നന്ന്.
ആന്റണി പ്രതീക്ഷിക്കുന്നതു പോലെ, സര്‍വനാശത്തെ പ്രതിരോധിക്കാന്‍ മതേതര കക്ഷികളൊക്കെ തീരുമാനിക്കുകയും അവര്‍ യു പി എയെ പിന്തുണച്ച് അധികാരത്തിലെത്തിച്ചാലും ആന്റണി ഭയക്കുന്നത് പോലെ രാജ്യത്തിന്റെ ഐക്യത്തെ തകര്‍ക്കുന്ന അജന്‍ഡയുള്ള നരേന്ദ്ര മോദി അധികാരത്തിലെത്തിയാലും അംബാനി മുതല്‍ വേദാന്ത വരെയുള്ള കമ്പനികളോടുള്ള സൗമനസ്യവും ഉദാര നിലപാടുകളും തുടരുമെന്ന് കരുതണം. ഭൂരിപക്ഷ മതത്തിന്റെ ആചാരങ്ങളോട് ചേര്‍ന്നു നില്‍ക്കുന്നവനാണ് താനെന്ന് ഗംഗയിലെ സ്‌നാനം കൊണ്ട് ബോധ്യപ്പെടുത്തിയെങ്കിലും കോര്‍പ്പറേറ്റുകളോട് വിട്ടുവീഴ്ചയില്ലെന്ന് പ്രഖ്യാപിക്കുന്ന അരവിന്ദ് കെജ്‌രിവാളും അദ്ദേഹത്തിന്റെ പാര്‍ട്ടിയും ഈ തിരഞ്ഞെടുപ്പിനു ശേഷം എങ്ങനെ മുന്നോട്ടു പോകുമെന്നതിനെ ആശ്രയിച്ചിരിക്കും കോര്‍പ്പറേറ്റുകളെക്കുറിച്ചുള്ള സംഭാഷണങ്ങളുടെ ഭാവി. അല്ലെങ്കില്‍ കെജ്‌രിവാളിന്റെ മാതൃക സ്വാംശീകരിക്കാന്‍ സാമ്പ്രദായിക ഇടതുപക്ഷത്തിന് സാധിക്കണം. അതൊരു മരീചിക മാത്രമല്ലോ!

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest