Connect with us

Ongoing News

സമുദായക്കോട്ടയില്‍ വി ഐ പി പോരാട്ടം

Published

|

Last Updated

ഭൂപ്രകൃതിയിലെ വൈവിധ്യം കൊണ്ട് ശ്രദ്ധേയമായ മാവേലിക്കര മണ്ഡലം സാമുദായിക ശക്തികളുടെ ഉരുക്കുകോട്ട കൂടിയാണ്. 2009ലാണ് മാവേലിക്കര സംവരണ മണ്ഡലമാകുന്നത്. അതുവരെ ജനറല്‍ സീറ്റായിരുന്ന ഇവിടെ ജയിച്ചു കയറിയത് അധികവും യു ഡി എഫില്‍ നിന്നുള്ളവരാണ്. യു ഡി എഫിലെ തന്നെ പ്രമുഖരെ കൊമ്പുകുത്തിച്ച ചരിത്രവും മാവേലിക്കരക്കുണ്ട്. മണ്ഡലത്തിന്റെ ഒരറ്റം നെല്ലറയായ കുട്ടനാടാണെങ്കില്‍ എതിര്‍ ഭാഗം കൊല്ലം ജില്ലയിലെ മലമ്പ്രദേശവും. ആലപ്പുഴ, കോട്ടയം, കൊല്ലം ജില്ലകളിലായി വ്യാപിച്ചു കിടക്കുകയാണ് മാവേലിക്കര ലോക്‌സഭാ മണ്ഡലം.

സിറ്റിംഗ് എം പിയും കേന്ദ്ര തൊഴില്‍ സഹമന്ത്രിയുമായ കോണ്‍ഗ്രസിലെ കൊടിക്കുന്നില്‍ സുരേഷ് വീണ്ടും പോരിനിറങ്ങിയതോടെ മാവേലിക്കര വി ഐ പി മണ്ഡലമായി. ഇടതു മുന്നണി സി പി ഐയിലെ ചെങ്ങറ സുരേന്ദ്രനെ കളത്തിലിറക്കിയതോടെ ഇക്കുറി പോരാട്ടത്തിന് കടുപ്പം കൂടുതലാണ്. മുമ്പ് അടൂര്‍ മണ്ഡലത്തില്‍ മൂന്ന് തവണ കൊടിക്കുന്നില്‍ സുരേഷിനെതിരെ മത്സരിച്ച് രണ്ട് വട്ടം വിജയിച്ച ചെങ്ങറ സുരേന്ദ്രന്‍ പഴയ അടൂരിലെ രണ്ട് മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന ഇപ്പോഴത്തെ മാവേലിക്കര മണ്ഡലത്തില്‍ തികഞ്ഞ പ്രതീക്ഷയിലാണ്. സി പി ഐ പത്തനംതിട്ട ജില്ലാ സെക്രട്ടേറിയേറ്റംഗമാണ് അദ്ദേഹം. മാവേലിക്കര ലോക്‌സഭാ മണ്ഡലം കഴിഞ്ഞ തിരഞ്ഞെടുപ്പിന് മുമ്പാണ് പുനര്‍നിര്‍ണയിച്ചത്. അതോടെ പത്തനംതിട്ട ജില്ല പൂര്‍ണമായും മാവേലിക്കരയില്‍ നിന്ന് ഒഴിവായി. പകരം വന്നതാകട്ടെ കൊല്ലം ജില്ലയിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളും കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയും.
നേരത്തെ മാവേലിക്കര, ചെങ്ങന്നൂര്‍, കായംകുളം, പന്തളം, തിരുവല്ല, കല്ലൂപ്പാറ, ആറന്മുള എന്നീ നിയമസഭാ മണ്ഡലങ്ങളായിരുന്നു മാവേലിക്കരയില്‍. ഇതില്‍ കായംകുളം ആലപ്പുഴ മണ്ഡലത്തിനൊപ്പം പോയപ്പോള്‍ അവിടെയുണ്ടായിരുന്ന കുട്ടനാട് മാവേലിക്കരക്കൊപ്പമായി. മാവേലിക്കര, ചെങ്ങന്നൂര്‍ നിയമസഭാ മണ്ഡലങ്ങളും മാവേലിക്കരയില്‍ ഉള്‍പ്പെടുന്നു. കൊല്ലം ജില്ലയിലെ കൊട്ടാരക്കര, പത്തനാപുരം, കുന്നത്തൂര്‍ മണ്ഡലങ്ങളും ഉള്‍പ്പെട്ടതാണ് മാവേലിക്കര ലോകസഭാ മണ്ഡലം.
സാമുദായിക ശക്തികള്‍ക്കു ശക്തമായ വേരോട്ടമുള്ള മണ്ഡലമാണ് മാവേലിക്കര. പട്ടികജാതി വിഭാഗങ്ങളേറെയുണ്ടിവിടെ. നായര്‍ സമുദായത്തിന്റെ ആസ്ഥാനമായ ചങ്ങനാശ്ശേരി മാവേലിക്കരക്ക് കീഴിലാണ്. നായര്‍ സമുദായത്തിന് മാവേലിക്കരയുടെ കീഴിലെ നിയമസഭാ മണ്ഡലങ്ങളിലെല്ലാം വ്യക്തമായ സ്വാധീനമുണ്ട്. കത്തോലിക്കാ സഭയുടെ രണ്ട് ഭദ്രാസനങ്ങളുടെ ആസ്ഥാനങ്ങള്‍ ഈ മണ്ഡലത്തിലാണ്. കേരള കോണ്‍ഗ്രസിന്റെ സ്ഥാപകരിലൊരാളും യു ഡി എഫ് നേതാവുമായ ബാലകൃഷ്ണപിള്ളയുടെ തട്ടകമായ കൊട്ടാരക്കരയും മകന്‍ ഗണേഷ്‌കുമാറിന്റെ തട്ടകമായ പത്തനാപുരവും പി ഡി പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയുടെ തട്ടകവുമെല്ലാം മാവേലിക്കരക്ക് കീഴിലാണെന്നതും ശ്രദ്ധേയമാണ്.
2009ലെ തിരഞ്ഞെടുപ്പില്‍ 48,048 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കൊടിക്കുന്നില്‍ എ ഐ വൈ എഫ് നേതാവ് ആര്‍ എസ് അനിലിനെ പരാജയപ്പെടുത്തിയത്. മാവേലിക്കര ഒഴികെയുള്ള ആറ് നിയമസഭാ മണ്ഡലങ്ങളിലും കൊടിക്കുന്നിലിന് വ്യക്തമായ ഭൂരിപക്ഷം നേടാനായി. എന്നാല്‍, 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മാവേലിക്കരക്ക് പുറമെ കുട്ടനാട്, കൊട്ടാരക്കര, കുന്നത്തൂര്‍ മണ്ഡലങ്ങളും യു ഡി എഫിനെ കൈവിട്ടു. തന്നെയുമല്ല, ചങ്ങനാശേരിയിലടക്കം നേരത്തെയുണ്ടായിരുന്ന ഭൂരിപക്ഷം നിലനിര്‍ത്താനും കഴിഞ്ഞില്ല. പത്തനാപുരം, ചെങ്ങന്നൂര്‍ നിയമസഭാ മണ്ഡലങ്ങളില്‍ മാത്രമാണ് യു ഡി എഫിന് ഭൂരിപക്ഷം വര്‍ധിച്ചത്. അതേസമയം, ആര്‍ എസ് പി ഇടതു മുന്നണി വിട്ടതോടെ കുന്നത്തൂര്‍ മണ്ഡലം യു ഡി എഫിനൊപ്പമാണെന്നത് കൊടിക്കുന്നിലിന് നേട്ടമാകും. കോവൂര്‍ കുഞ്ഞുമോന്‍ 12088 വോട്ടുകള്‍ക്കാണ് ഇവിടെ നിന്ന് ജയിച്ചത്. കുഞ്ഞുമോന്റെ ഭൂരിപക്ഷം 2009ല്‍ കൊടിക്കുന്നിലിന് ലഭിച്ചതിനേക്കാളേറെയാണ്. കൊടിക്കുന്നിലിന് ഇവിടെ 1996 വോട്ടിന്റെ ഭൂരിപക്ഷമേ ലഭിച്ചിരുന്നുള്ളൂ.
പുതിയ വോട്ടര്‍മാരായിരിക്കും മണ്ഡലത്തിന്റെ ഗതി നിര്‍ണയിക്കുക. ഇക്കുറി 1,05,506 വോട്ടര്‍മാര്‍ പുതിയതായി ചേര്‍ന്നതോടെ വോട്ടര്‍മാരുടെ എണ്ണം 12,52,668 ആയിട്ടുണ്ട്. മാവേലിക്കര ഇ എസ് ഐ മെഡിക്കല്‍ കോളജ്, പുനലൂര്‍- ഗുരുവായൂര്‍ ട്രെയിന്‍, പ്രധാന ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിച്ചത് തുടങ്ങിയവയാണ് കൊടിക്കുന്നില്‍ ഉയര്‍ത്തിക്കാട്ടുന്നത്. കേരളത്തിന്റെ നെല്ലറയായ കുട്ടനാടിന്റെ രക്ഷക്കായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച 1,840 കോടിയുടെ കുട്ടനാട് പാക്കേജ് നടപ്പാക്കുന്നതിലെ കാലതാമസം തിരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചാ വിഷയമാണ്. നിരന്തരമായ ഇടപെടലുകള്‍ നടത്തിയെന്ന് അവകാശപ്പെടുമ്പോഴും പദ്ധതിയുടെ കാലാവധി അവസാനിക്കാറായിട്ടും കാര്യമായ പുരോഗതിയുണ്ടാകാത്തതിലുള്ള അമര്‍ഷം കുട്ടനാടന്‍ ജനതയില്‍ ആളിക്കത്തിക്കാന്‍ മറുപക്ഷം പ്രത്യേകം ശ്രദ്ധ ചെലുത്തുന്നു. സോളാര്‍ കേസും ആര്‍ ബാലകൃഷ്ണപിള്ള ഉയര്‍ത്തുന്ന പ്രശ്‌നങ്ങളുമൊക്കെ തങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകുമെന്ന കണക്കുകൂട്ടലിലാണ് ഇടതുപക്ഷം. ഗണേഷിന് മന്ത്രി സ്ഥാനം നല്‍കിയില്ലെങ്കില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കാണാമെന്ന് പിള്ള നേരത്തെ ഭീഷണി മുഴക്കിയിരുന്നു.
ഇടതു മുന്നണി സ്ഥാനാര്‍ഥി ചെങ്ങറ സുരേന്ദ്രന്‍ പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത നേതാവാണെന്നതിന് പുറമെ രണ്ട് തവണ കൊടിക്കുന്നിലിനെതിരെ വിജയം നേടിയിട്ടുള്ളയാള്‍ കൂടിയാണ്. അതുകൊണ്ടു തന്നെ മാവേലിക്കരയിലെ ഇത്തവണത്തെ മത്സരം തീ പാറുന്നതാണ്. എണ്ണയിട്ട യന്ത്രം പോലെ ഇരു മുന്നണികളും പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. കൊടും ചൂടിനെ അവഗണിച്ചും മാവേലിക്കരയെ ഒപ്പം നിര്‍ത്താനുള്ള പോരാട്ടത്തിലാണ് മുന്നണികള്‍.
പി സുധീര്‍ ആണ് ഇവിടെ ബി ജെ പി സ്ഥാനാര്‍ഥി. ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി എന്‍ സദാനന്ദന്‍, എസ് ഡി പി ഐ സ്ഥാനാര്‍ഥി ജ്യോതിഷ് എന്നിവരെ കൂടാതെ ജയകൃഷ്ണന്‍ (ബി എസ് പി), ശ്രീധരന്‍ (റിപ്പബ്ലിക്കന്‍ പാര്‍ട്ടി), കെ എസ് ശശികല (എസ് യു സി ഐ), സുരേന്ദ്രന്‍ (സ്വതന്ത്രന്‍) എന്നിവരും സ്ഥാനാര്‍ഥികളായി രംഗത്തുണ്ട്.

Latest