Ongoing News
ചെങ്കോട്ടയെന്ന് ഇടത്; സമ്മതിക്കില്ലെന്ന് വലത്

ഇടതിന്റെ ഉറച്ച സീറ്റുകളിലൊന്നായാണ് ആലത്തൂര്‍ പൊതുവെ അറിയപ്പെടുന്നത്. ഇടതിന് വേണ്ടി ഇത്തവണയും പി കെ ബിജുവാണ് രംഗത്തുള്ളത്. ഭൂരിപക്ഷം എത്ര കൂടുമെന്നതിനെക്കുറിച്ചാണ് ഇടതിന്റെ സംസാരം. ഇടത് ക്യാമ്പുകളില്‍ നിന്ന് ഇത്തരത്തില്‍ ആരവം ഉയരുമ്പോള്‍ യു ഡി എഫാകട്ടെ ഒരു തമാശ കേള്‍ക്കും പോലെയാണ് ഇതിനോട് പ്രതികരിക്കുന്നത്. ആലത്തൂരില്‍ ഇ എം എസിനെ പോലും വിറപ്പിച്ച ചരിത്രമുണ്ടെന്നും അത് വീണ്ടും ആവര്‍ത്തിക്കാന്‍ അത്ര പ്രയാസമുണ്ടാകില്ലെന്നുമാണ് യു ഡി എഫുക്കാരുടെ പ്രതിവചനം. ഒരിക്കല്‍ ആലത്തൂര്‍ നിയമസഭാ മണ്ഡലവും പിടിച്ചെടുത്ത ചരിത്രവുമുണ്ട്.
കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും മൂന്‍തൂക്കമുള്ള മണ്ഡലം ചെങ്കോട്ടയാണെന്ന് ഇടതു മുന്നണി വാദിക്കുമ്പോള്‍ പഴയകാല ചരിത്രത്തിലെ ഇടത് മുന്നണിക്കേറ്റ തിരിച്ചടികള്‍ ഓര്‍ത്തെടുത്ത് വലത് മുന്നണിയും ഇടതിന് മുന്നറിയിപ്പ് നല്‍കുന്നു. രണ്ടാമതും അങ്കത്തിനിറങ്ങുന്ന സി പി എമ്മിലെ പി കെ ബിജുവിനെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ചിറ്റൂര്‍ നഗരസഭാ കൗണ്‍സിലര്‍ കെ എ ഷീബയെയാണ് അങ്കത്തിനിറക്കിയിരിക്കുന്നത്. ഇതുവരെ ഗ്രൂപ്പിസത്തിന്റെ പേരിലുണ്ടായ പ്രശ്‌നങ്ങളാണ് ഇടത് മുന്നണിയുടെ ചരിത്ര വിജയത്തിന് പിന്നിലെന്ന് യു ഡി എഫ് വാദിക്കുന്നു. ഇത്തവണ യു ഡി എഫ് മത്സരിക്കുന്നത് ആലത്തൂര്‍ പിടിച്ചെടുക്കാനാണെന്നും അല്ലാതെ വെറും ഒരു പരീക്ഷണത്തിനല്ലെന്നുമാണ് യു ഡി എഫ് വാദം.
ആലത്തൂര്‍ മണ്ഡലം വൈവിധ്യത്താലും ഏറെ ശ്രദ്ധേയമാണ്. ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ മുന്നെണ്ണം തൃശൂരും നാലെണ്ണം പാലക്കാട്ടുമാണ്. അതുകൊണ്ട് ഇവിടെ ജയിച്ചാല്‍ എം പിക്ക് രണ്ട് ജില്ലകളുടെ കാര്യം കൂടി നോക്കേണ്ട സ്ഥിതിവിശേഷവുമുണ്ട്.
പെണ്‍കരുത്തിന്റെ പിന്‍ബലത്തോടെ ഇടത് കോട്ട തകര്‍ക്കാമെന്ന കണക്കുക്കൂട്ടലുമായാണ് യു ഡി എഫ് രംഗത്തെത്തുന്നത്. ഇതിനു പുറമെ രണ്ടാം അങ്കത്തിനിറങ്ങുന്ന പി കെ ബിജുവിനേക്കാള്‍ സ്വന്തം നാട്ടുകാരിയെന്ന പരിഗണനയുമുണ്ട്. വനിതാ വോട്ടുകളില്‍ കണ്ണും നട്ടാണ് ഷീബ തിരഞ്ഞെടുപ്പ് ഗോദയില്‍ പയറ്റാനിറങ്ങുന്നത്.
തിരഞ്ഞടുപ്പിന്റെ അവസാനഘട്ടത്തിലെത്തി നില്‍ക്കേ ഇരു മുന്നണികളും പ്രചാരണത്തില്‍ ഒപ്പത്തിനൊപ്പമാണ് നില്‍ക്കുന്നത്. ബി ജെ പി സ്ഥാനാര്‍ഥിയായ പട്ടിക മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജു വട്ടേക്കാടും പ്രചാരണത്തില്‍ സജീവമായുണ്ട്.
2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ചിറ്റൂരും വടക്കാഞ്ചേരിയും യു ഡി എഫിനൊപ്പമായിരുന്നു. ശേഷിക്കുന്ന മണ്ഡലങ്ങളില്‍ തരൂര്‍, ആലത്തൂര്‍, ചേലക്കര എന്നിവിടങ്ങളില്‍ വിജയിച്ച എല്‍ ഡി എഫ് സ്ഥാനാര്‍ഥികളുടെ ഭൂരിപക്ഷം കാല്‍ ലക്ഷത്തിനടുത്താണ്. കുന്നംകുളത്ത് മാത്രമാണ് ഭൂരിപക്ഷം അഞ്ഞൂറില്‍ താഴെയായത്. തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ യു ഡി എഫ് നില മെച്ചപ്പെടുത്തിയിരുന്നു.
രണ്ട് നഗരസഭകളും 56 പഞ്ചായത്തുകളുമാണ് മണ്ഡലത്തിലുള്ളത്. സോഷ്യലിസ്റ്റ് ജനതക്ക് ശക്തിയുള്ള കേന്ദ്രമായും ആലത്തൂര്‍ അറിയപ്പെടുന്നുണ്ട്. കെ കൃഷ്ണന്‍കുട്ടി വിഭാഗം സോഷ്യലിസ്റ്റ് ജനത ഇടതു മുന്നന്നിയില്‍ ചേര്‍ന്നതോടെ യു ഡി എഫിന് വോട്ട് കുറയുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍, അത് വെറും പ്രചാരണം മാത്രമാണെന്നാണ് യു ഡി എഫ് വാദം.
മണ്ഡലത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് പി കെ ബിജുവിന്റെ പ്രചാരണം. ദേശീയപാത വികസനം, കൊല്ലങ്കോട് റെയില്‍പ്പാത സര്‍വേ നടപടികള്‍, തൃശൂര്‍ മെഡിക്കല്‍ കോളജ് വികസന പ്രവര്‍ത്തനം തുടങ്ങിയവ അക്കമിട്ട് നിരത്തി ബിജു പ്രചാരണത്തിനിറങ്ങുമ്പോള്‍ മണ്ഡലത്തില്‍ എം പിയുടെ സാന്നിധ്യമില്ലായ്മയും വികസന പ്രവര്‍ത്തനങ്ങളുടെ അഭാവവുമാണ് യു ഡി എഫിന്റെ തുറുപ്പു ചീട്ട്. വടക്കഞ്ചേരി – മണ്ണുത്തി ദേശീയപാതാ വികസന പ്രവര്‍ത്തനങ്ങളുടെ തടസ്സം, പൂര്‍ത്തിയാകാത്ത പൊള്ളാച്ചി- പാലക്കാട് റെയില്‍പ്പാത, കര്‍ഷകരുടെയും തൊഴിലാളികളുടെയും ദുരിതങ്ങള്‍ തുടങ്ങിയവ ഉയര്‍ത്തിപ്പിടിച്ച് യു ഡി എഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഇടത് മുന്നണിക്കെതിരെ ആഞ്ഞടിക്കുകയാണ്.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പി കെ ബിജു 20,960 വോട്ടിന്റെ ഭൂരിപക്ഷമാണ് നേടിയത്. എതിര്‍ സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെ എന്‍ കെ സുധീര്‍ 3,66,392 വോട്ട് നേടി. ബി —ജെ പി യുടെ എം ബിന്ദു 53,890 വോട്ടാണ് നേടിയത്.
എന്നാല്‍, ഇത്തവണ ഈ സംഖ്യ ഉയര്‍ത്താനായി ഇടത് മുന്നണി കിണഞ്ഞു ശ്രമിക്കുമ്പോള്‍, പരമാവധി ആരോപണങ്ങള്‍ ഉന്നയിച്ച് പ്രചാരണത്തില്‍ മുന്നേറി, ലക്ഷ്യം കാണാമെന്ന വിശ്വാസത്തിലാണ് യു ഡി എഫ്. ബി ജെ പിയാകട്ടെ, കഴിഞ്ഞ തവണ ലഭിച്ച വോട്ടുകളേക്കാള്‍ കൂടുതല്‍ വോട്ട് മണ്ഡലത്തില്‍ നിന്ന് സ്വന്തമാക്കാമെന്ന രീതിയില്‍ പ്രചാരണം കൊഴുപ്പിച്ച് മുന്നേറുകയാണ്.