Ongoing News
ആ സുവര്‍ണകാലം തിരിച്ചുവരുമോ?
യു എസ് പ്രസിഡന്റായിരിക്കെ ഇന്ത്യാ സന്ദര്‍ശനത്തിന് ഇറങ്ങിപ്പുറപ്പെട്ട ബില്‍ ക്ലിന്റണ് ഒരാഗ്രഹമുണ്ടായിരുന്നു. “സൈബറാബാദ്” ഒന്നു കാണണം. ഒപ്പം ഹൈദരാബാദിനെ സൈബറാബാദാക്കിയ ദീര്‍ഘദര്‍ശിയുടെ കൈ മുത്തണം. അത്രമേലുണ്ടായിരുന്നു നാരാ ചന്ദ്രബാബു നായിഡുവിന്റെ വലിപ്പം. ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലയറും ആ വലിപ്പം മനസ്സിലാക്കിയാണ് ഹൈദരാബാദിലെത്തിയത്. ഒരു വ്യാഴവട്ടക്കാലം കഴിയുമ്പോള്‍ അതില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നിരിക്കുന്നു. ഏതെങ്കിലും പ്രാദേശിക പാര്‍ട്ടിയുടെ നേതാവ് ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെങ്കില്‍ അത് താനായിരിക്കുമെന്ന് സ്വപ്‌നം കണ്ടിരുന്ന കാലമൊക്കെ മാറി. ഗോദാവരി നദിയിലൂടെ ഒരുപാട് വെള്ളം ഒഴുകിപ്പോയി. ഗോദാവരിയിപ്പോള്‍ സീമന്ധ്രയിലും തെലങ്കാനയിലുമായാണ് കിടപ്പ്. നായിഡുവാകട്ടെ ജീവന്മരണ പോരാട്ടത്തിലും.
ആന്ധ്രയിലെ ചിറ്റൂര്‍ ജില്ലയിലെ നരവരൈ പല്ലെ ഗ്രാമത്തിലാണ് ചന്ദ്രബാബു നായിഡുവിന്റെ ജനനം. സാമ്പത്തികശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദമെടുത്ത ശേഷം ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കെയാണ് രാഷ്ട്രീയം തലക്കു പിടിച്ചത്. പിന്നെ ഗവേഷണം മുഴുവന്‍ രാഷ്ട്രീയത്തിലായി. കോണ്‍ഗ്രസിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. ഇരുപത്തെട്ടാമത്തെ വയസ്സില്‍ ചന്ദ്രഗിരി മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ സഭയില്‍. മന്ത്രിസഭയുടെ അവസാനത്തെ മൂന്ന് വര്‍ഷക്കാലം മന്ത്രിക്കസേരിയിലുമിരുന്നു. പിന്നീട് നടന്ന തിരഞ്ഞെടുപ്പിലേറ്റ പരാജയം രാഷ്ട്രീയ ജീവിതത്തില്‍ വഴിത്തിരിവായി. തെലുഗ് സിനിമയിലെ ഇതിഹാസ താരവും ഭാര്യാ പിതാവുമായ നന്ദമുരി താരക രാമറാവു തെലുഗ് ദേശം പാര്‍ട്ടിയുണ്ടാക്കിയ കാലം. സംസ്ഥാനത്തെമ്പാടും രഥത്തില്‍ സഞ്ചരിച്ച് ജനമുന്നേറ്റമുണ്ടാക്കിയ എന്‍ ടി ആര്‍ മരുമകനായ ചന്ദ്രബാബുവിനെ കൂടെക്കൂട്ടി. 1989ല്‍ ചിറ്റൂരിലെ കുപ്പം മണ്ഡലത്തില്‍ നിന്ന് നിയമസഭയിലെത്തി. കോണ്‍ഗ്രസ് അധികാരത്തിലെത്തിയപ്പോള്‍ ടി ഡി പി പ്രതിപക്ഷത്തിരുന്നു. 94ല്‍ കുപ്പത്ത് വിജയം ആവര്‍ത്തിച്ചു. എന്‍ ടി ആര്‍ മുഖ്യമന്ത്രിയായപ്പോള്‍ ചന്ദ്രബാബു ധനം, റവന്യൂ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായി.
എന്‍ ടി ആറിന്റെ ജീവിത കഥ രചിക്കാനെത്തിയ ലക്ഷ്മി പാര്‍വതി അദ്ദേഹത്തിന്റെ ജീവിത പങ്കാളിയായി. ടി ഡി പി ലക്ഷ്മിയുടെ നിയന്ത്രണത്തിലാകുമെന്ന് കണ്ടതോടെ റാവുവിന്റെ മക്കളെ കൂട്ടുപിടിച്ച് 95ല്‍ നടത്തിയ രാഷ്ട്രീയ അട്ടിമറിയില്‍ നായിഡു വിജയം കണ്ടു. പാര്‍ട്ടിയിലെ ആധിപത്യത്തിന് അരക്കെട്ടുറപ്പിച്ച് മുഖ്യമന്ത്രിയായി. പാവപ്പെട്ടവര്‍ക്ക് രണ്ട് രൂപക്ക് അരി തുടങ്ങി എന്‍ ടി ആറിന്റെ കാലത്തുണ്ടായിരുന്ന ജനപ്രിയ പദ്ധതികള്‍ അവസാനിപ്പിച്ച് വിവരസാങ്കേതികവിദ്യാ രംഗത്തെ രാജ്യത്തിന്റെ വിശപ്പടക്കാനാണ് നായിഡു ഇറങ്ങിപ്പുറപ്പെട്ടത്. ഹൈദരാബാദിനെ ഹൈടെക് നഗരമാക്കി. ആന്ധ്രയുടെ മുഖ്യമന്ത്രിയല്ല സി ഇ ഒയാണെന്ന് അഭിമാനത്തോടെ സ്വയം വിളിച്ചുപറഞ്ഞു. പിന്നീട് 99ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ അധികാരം നിലനിര്‍ത്തി. കേന്ദ്രത്തില്‍ ബി ജെ പിയുടെ നേതൃത്വത്തിലുള്ള എന്‍ ഡി എ മുന്നണിയുമായി സഖ്യമുണ്ടാക്കി. വാജ്പയി സര്‍ക്കാറിന് പിന്തുണ നല്‍കി. ഇതിനിടയില്‍ ഗ്രാമീണ മേഖല തഴയപ്പെട്ടു. രാജ്യത്ത് വിപ്ലവം കൊണ്ടുവരാന്‍ ഇറങ്ങിപ്പുറപ്പെട്ട പീപ്പിള്‍സ് വാര്‍ ഗ്രൂപ്പിന് ഇത് സഹിച്ചില്ല. അവര്‍ നായിഡുവിന്റെ വഴിയില്‍ കുഴിബോംബുകള്‍ പാകിയാണ് ഇക്കാര്യം അറിയിച്ചത്.
ഇത്തവണയും ബി ജെ പിയും സഖ്യത്തിനുള്ള ശ്രമത്തിലാണ് നായിഡു. തെലങ്കാനയുണ്ടാക്കിയപ്പോള്‍ ടി ഡി പിയുടെ രാഷ്ട്രീയ അന്ത്യം കൂടി കണ്ട കോണ്‍ഗ്രസിന്റെ സ്വപ്‌നങ്ങള്‍ പൊലിയുന്ന കാഴ്ചയാണിപ്പോള്‍. ജഗന്‍ മോഹന്‍ റെഡ്ഢിയെ വെല്ലുവിളിച്ച് നായിഡു ഇപ്പോള്‍ സീമാന്ധ്രയിലെ താരമാകുകയാണ്. തെലങ്കാനയെ പിന്തുണച്ച ബി ജെ പിയുമായുള്ള സഖ്യം സീമാന്ധ്രയിലെ തന്റെ സ്വപ്‌നങ്ങള്‍ തകര്‍ക്കുമോയെന്ന് മാത്രമാണ് നായിഡുവിന്റെ ചിന്ത. പണ്ട് താന്‍ ഭരിച്ച ആന്ധ്രയല്ല ഇപ്പോള്‍. അതിന്റെ പകുതിയേയുള്ളൂ. അവിടെ ഒരു മുഖ്യമന്ത്രി. നായിഡുവിന്റെ ആ സുവര്‍ണകാലം വീണ്ടും തിരിച്ചെത്തുമോ?