Kerala
ടി പി വധക്കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കി
തിരുവനന്തപുരം: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. കുറ്റവാളികള്‍ക്ക് വധശിക്ഷ നല്‍കണമെന്നു സര്‍ക്കാര്‍ അപ്പീലില്‍ ആവശ്യപ്പെട്ടിടുണ്ട്. ക്രിമിനല്‍ പശ്ചാത്തലമുള്ള പ്രതികള്‍ക്ക് പരമാവധി ശിക്ഷനല്‍കണമെന്നും അപ്പീലില്‍ ആവശ്യപ്പെടുന്നു. കേസില്‍ കുറ്റക്കാരെന്നു കോടതി കണ്ടെത്തിയ 12 പ്രതികളില്‍ 11 പേര്‍ക്ക് ജീവപര്യന്തം ശിക്ഷയാണ് ലഭിച്ചത്. ഇവര്‍ക്ക് വധശിക്ഷ നല്‍കണമെന്നാണ് സര്‍ക്കാര്‍ അപ്പീല്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മൂന്ന് വര്‍ഷം ശിക്ഷ ലഭിച്ച പ്രതിക്ക് ഏഴുവര്‍ഷം തടവ് നല്‍കണമെന്നും അപ്പീല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
എം സി അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി, ടി കെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത്, കെ ഷിനോജ്, കെ സി രാമചന്ദ്രന്‍, ട്രൗസര്‍ മനോജ്, പി കെ കുഞ്ഞനന്തന്‍, വാഴപ്പടച്ചി റഫീഖ് എന്നിവര്‍ക്കായിരുന്നു ജീവപര്യന്തം ശിക്ഷ ലഭിച്ചത്. കേസിലെ 31-ാം പ്രതി ലംബു പ്രദീപിനു മൂന്ന് വര്‍ഷമായിരുന്നു തടവ്. ശിക്ഷിക്കപ്പെട്ടവരില്‍ മൂന്ന് സി പി എം നേതാക്കളും ഉള്‍പ്പെട്ടിരുന്നു.
കൊലയ്ക്കു പിന്നില്‍ രാഷ്ട്രീയ പകയാണെന്നും വ്യക്തി വിരോധമില്ലന്നും വിധി പ്രസ്താവിക്കവെ ജഡ്ജി പറഞ്ഞിരുന്നു. അപൂര്‍വങ്ങളില്‍ അപൂര്‍വമായി കേസിനെ കാണാന്‍ കഴിയില്ലന്നും കോടതി നിരീക്ഷിച്ചിരുന്നു. എരഞ്ഞിപ്പാലത്തെ പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ആര്‍ നാരായണ പിഷാരടിയാണ് ശിക്ഷ വിധിച്ചത്. ഈ വിധിക്കെതിരെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ടി പി കേസിലെ ഗൂഢാലോചന കേസ് അന്വേഷിക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം കഴിഞ്ഞദിവസം സി ബി ഐ നിരസിച്ചിരുന്നു.