Connect with us

Ongoing News

വാണിജ്യ നഗരം ആര് വാഴും?

Published

|

Last Updated

12 ERANAKULAMതീപ്പൊരി ചിതറാതെ, ആവേശം അതിരുകടക്കാതെ, പരസ്പരമുള്ള ചെളിവാരിയെറിയലോ ആരോപണ പ്രത്യാരോപണങ്ങളോ ഇല്ലാതെ മാന്യവും സൗമ്യവുമായാണ് എറണാകുളത്ത് പ്രൊഫ. കെ വി തോമസും ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസും പോരിനിറങ്ങിയത്. ഒരാള്‍ പ്രാഗത്ഭ്യം തെളിയിച്ച ഭരണാധികാരി. മറ്റൊരാള്‍ അതിലും പ്രഗത്ഭനായ ബ്യൂറോക്രാറ്റ്. മത്സരം അങ്ങേയറ്റം ഗൗരവതരവും ബൗദ്ധികവുമായി മാറുന്നതിന് വേറെ കാരണങ്ങള്‍ വേണ്ട. കുറച്ചുകൂടി സൂക്ഷ്മമായി നോക്കിയാല്‍ സമീപ മണ്ഡലങ്ങളായ ചാലക്കുടിയും ഇടുക്കിയുമാണ് രാഷ്ട്രീയ പ്രബുദ്ധരായ എറണാകുളത്തെ വോട്ടര്‍മാരില്‍ കുറേ കൂടി ഉത്സാഹവും ആവേശവും നിറക്കുന്നത്. ചാലക്കുടിയില്‍ ഇന്നസെന്റ് പൊട്ടിക്കുന്ന ചിരിയുടെ അമിട്ടുകളും പി സി ചാക്കോയുടെ വിവാദ ഗുണ്ടുകളും ഇടക്കിടെ ബൗണ്ടറി കടന്ന് എറണാകുളത്ത് എത്താറുണ്ട്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ ചൊല്ലിയുണ്ടായ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഇടുക്കിയിലെ രാഷ്ട്രീയ ചലനങ്ങള്‍ എറണാകുളവും ആകാംക്ഷയോടെ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നു.

തിരഞ്ഞെടുപ്പില്‍ വിരുദ്ധ ധ്രുവങ്ങളിലാണെങ്കിലും ആത്മാര്‍ഥ സുഹൃത്തുക്കളാണ് യു ഡി എഫ് സ്ഥനാര്‍ഥി കെ വി തോമസും എല്‍ ഡി എഫ് സ്ഥനാര്‍ഥി ക്രിസ്റ്റി ഫെര്‍ണ്ടാസും. അതുകൊണ്ടു തന്നെ ഇവിടെ നടക്കുന്നത് സൗഹൃദ മത്സരമാണെന്ന പ്രചാരണം തുടക്കം മുതല്‍ ഉണ്ട്. എന്നാല്‍, തിരഞ്ഞെടുപ്പ് വ്യക്തിബന്ധങ്ങളുടെ മാറ്റുരക്കലല്ലെന്നും ജയവും തോല്‍വിയും സൗഹൃദത്തെ ബാധിക്കില്ലെന്നും പ്രൊഫ. കെ വി തോമസ് പറയുന്നു. കെ വി തോമസുമായുള്ള വ്യക്തിബന്ധത്തെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് ക്രിസ്റ്റി ഫെര്‍ണാണ്ടസ് സൗമ്യനായി ഒഴിഞ്ഞു മാറുകയാണ് പതിവ്. പ്രചാരണ വേദികളിലായാലും വാര്‍ത്താ സമ്മേളനങ്ങളിലായാലും കെ വി തോമസും ക്രിസ്റ്റി ഫെര്‍ണാണ്ടസും പരസ്പരം കുറ്റപ്പെടുത്തിക്കൊണ്ട് ഒരു വാക്കു പോലും പറയാന്‍ തയ്യാറാകുന്നില്ലെന്നതും കൗതുകകരമാണ്.
അധികാര രാഷ്ട്രീയത്തിനൊപ്പം ജാതി, മത, മൂലധന താത്പര്യങ്ങളും കൂടിക്കുഴഞ്ഞു കിടക്കുന്ന സങ്കീര്‍ണമായ ഒരു ഭൂമികയാണ് എറണാകുളം മണ്ഡലത്തിലേത്. കേരളത്തിന്റെ വാണിജ്യ തലസ്ഥാനമായ എറണാകുളം പ്രചാരണത്തിലെ പണക്കൊഴുപ്പിന്റെ കാര്യത്തില്‍ ഒരു പക്ഷേ സംസ്ഥാനത്തെ മറ്റ് മണ്ഡലങ്ങളെയൊക്കെ കടത്തിവെട്ടുമെന്നാണ് പ്രചാരണത്തിന്റെ രണ്ടാം ഘട്ടം പുരോഗമിക്കുമ്പോള്‍ ലഭിക്കുന്ന സൂചന.
മെട്രോ റെയിലിന്റെയും കണ്ടെയ്‌നര്‍, എല്‍ എന്‍ ജി ടെര്‍മിനലുകളുടെയും നഗരത്തില്‍ വികസനം തന്നെയാണ് പ്രചാരണ വേദികളിലെ പ്രധാന ചര്‍ച്ചാ വിഷയം. വികസന നായകന്‍ എന്ന പരിവേഷം എടുത്തണിഞ്ഞാണ് പ്രൊഫ. കെ വി തോമസ് ഇക്കുറി ലോക്‌സഭയിലേക്ക് വീണ്ടും ജനവിധി തേടുന്നത്. ഉച്ചഭക്ഷണ പദ്ധതി, കോളജുകളില്‍ ഡിജിറ്റല്‍ ലൈബ്രറികള്‍, ഗ്രാമദീപം പദ്ധതി, മെട്രോ റെയില്‍ പദ്ധതിക്കായുളള പരിശ്രമങ്ങള്‍, ഭക്ഷ്യ സുരക്ഷാ പദ്ധതി എന്നിവയാണ് കെ വി തോമസ് ഉയര്‍ത്തിക്കാണിക്കുന്ന പ്രധാന നേട്ടങ്ങള്‍. എന്നാല്‍, രാജ്യസഭാംഗമായ പി രാജീവ് മണ്ഡലത്തില്‍ നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് ഒന്നുമല്ലെന്നാണ് ഡോ. സെബാസ്റ്റ്യന്‍ പോളിനെ പോലുള്ള എല്‍ ഡി എഫ് നേതാക്കള്‍ പറയുന്നത്. വികസനം തൊഴിലും അവസരങ്ങളും നല്‍കുന്നതാകണമെന്നും അതല്ല ഇവിടെ നടക്കുന്ന വികസനമെന്നുമാണ് ക്രിസ്റ്റി ഫെര്‍ണാണ്ടസ് മുന്നോട്ടു വെക്കുന്ന വാദഗതി.
അഴിമതിക്കെതിരായ പോരാട്ടത്തിനൊപ്പം സാധാരണക്കാരിലേക്കെത്താത്ത വികസനവും ചൂണ്ടിക്കാട്ടിയാണ് ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി അനിതാ പ്രതാപ് വോട്ട് തേടുന്നത്. ഹിന്ദുത്വ രാഷ്ട്രീയവും മോദിസവും ഉയര്‍ത്തിക്കാട്ടി വോട്ട് തേടുന്ന ബി ജെ പി സ്ഥനാര്‍ഥി എ എന്‍ രാധാകൃഷ്ണനും വികസനം സംബന്ധിച്ച കെ വി തോമസിന്റെ നിലപാടിനെ ഖണ്ഡിച്ചുകൊണ്ടാണ് പ്രചാരണത്തേര് തെളിക്കുന്നത്.
ലത്തീന്‍ കത്തോലിക്ക വോട്ട് ബേങ്കില്‍ കണ്ണുവെച്ചാണ് ഇടതു മുന്നണി അതേ സമുദായക്കാരനായ ക്രിസ്റ്റിയെ എറണാകുളത്ത് ഇറക്കിയത്. ലത്തീന്‍ കത്തോലിക്ക സഭാ നേതൃത്വവും വിശ്വാസികളും തീരസംരക്ഷണ നിയമമടക്കമുള്ള പ്രശ്‌നങ്ങളില്‍ കേന്ദ്ര സര്‍ക്കാറിനും കെ വി തോമസിനുമെതിരെ സ്വീകരിച്ച നിലപാട് വോട്ടാക്കി മാറ്റാന്‍ കഴിയുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു.
എന്നാല്‍, പ്രകടനപത്രികയില്‍ ഇതുസംബന്ധിച്ച് ചില ഉറപ്പുകള്‍ നല്‍കി സഭയെ അനുനയിപ്പിക്കാനുള്ള നീക്കങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വം സജീവമാക്കിയതോടെ കടുത്ത നിലപാട് സ്വീകരിക്കുന്നതില്‍ നിന്ന് സഭ പിന്‍വാങ്ങിയിരിക്കുകയാണ.് എങ്കിലും തീരസംരക്ഷണ നിയമം മൂലം തീരദേശക്കാര്‍ നേരിടുന്ന ദുരിതം തിരഞ്ഞെടുപ്പില്‍ യു ഡി എഫിനെതിരായ ഘടകം തന്നെയാണ്.
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ കാലുവാരലും അവ സൃഷ്ടിക്കുന്ന അടിയൊഴുക്കുകളും ഏറെ കണ്ട മണ്ഡലമാണ് എറണാകുളം. അതു കൊണ്ടു തന്നെ ഇരു മുന്നണികളും വളരെ കരുതലോടെയാണ് പ്രചാരണ രംഗത്ത് നില്‍ക്കുന്നത്. സി പി എമ്മിനെ സംബന്ധിച്ചിടത്തോളം വിഭാഗീയതയുടെ തലസ്ഥാനമാണ് എറണാകുളം എന്ന് ആലങ്കാരികമായി പറയാം. കോണ്‍ഗ്രസിലാണെങ്കില്‍ കെ കരുണാകരന്‍ ചരടുവലിച്ചപ്പോഴൊക്കെ ഇവിടെ ഗ്രൂപ്പിസം ആളിക്കത്തിയിട്ടുണ്ട്. അതില്‍ പല പ്രഗത്ഭരും ചാരമായിട്ടുമുണ്ട്. ബി ജെ പിയും ഇവിടെ വിഭാഗീയതയില്‍ നിന്ന് മുക്തമല്ല. രാഷ്ട്രീയത്തിന്റെ ശൈശവ ദശയിലുള്ള ആം ആദ്മി പോലും ഇവിടെ ആഭ്യന്തര വൈരുധ്യങ്ങള്‍ അഭിമുഖീകരിക്കുന്നു.
വിഭാഗീയത അതിന്റെ ഏറ്റവും നികൃഷ്ട മുഖം കാണിച്ച എറണാകുളത്ത് അതിന്റെ ആഘാതത്തില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് സി പി എം ഈ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. വി എസ് അച്യുതാനന്ദന്‍ പാര്‍ട്ടിയുമായി ഐക്യപ്പെട്ടതിന്റെ ആത്മവിശ്വാസം സി പി എമ്മില്‍ പ്രതിഫലിക്കുന്ന ജില്ലയും എറണാകുളമായിരിക്കും. സ്ഥാനാര്‍ഥി നിര്‍ണയ ഘട്ടത്തില്‍ വിഭാഗീയത തന്നെയാണ് സി പി എമ്മിനെ ഏറ്റവുമധികം നട്ടം തിരിച്ചത്. പി രാജീവ്, കെ ചന്ദ്രന്‍പിള്ള തുടങ്ങി ലോക്‌സഭയിലേക്ക് അവതരിപ്പിക്കാന്‍ കഴിയുന്നവരുടെ നിരതന്നെയുണ്ട് സി പി എമ്മിന് എറണാകുളത്ത്. എന്നാല്‍, ഇവരെ മത്സരിപ്പിച്ചാല്‍ കാലുവാരല്‍ ഉറപ്പായും ഉണ്ടാകുമെന്നതാണ് പാര്‍ട്ടി നേരിട്ട വെല്ലുവിളി. ഇടതുപക്ഷ പശ്ചാത്തലമില്ലാത്ത ക്രിസ്റ്റി ഫെര്‍ണാണ്ടസ് സ്ഥാനാര്‍ഥിയായി വന്നതിന് ഈയൊരു പശ്ചാത്തലം കൂടിയുണ്ട്.
ഗ്രൂപ്പിസത്തിന്റെ അടിയൊഴുക്കുകള്‍ ഇവിടെ ഇപ്പോഴും ശക്തമായി തന്നെ നിലനില്‍ക്കുന്നുണ്ടെന്നത് കോണ്‍ഗ്രസുകാര്‍ തന്നെ അംഗീകരിക്കുന്ന യാഥാര്‍ഥ്യമാണ്. സാക്ഷാല്‍ കെ കരുണാകരന്റെ ശിഷ്യനായ തോമസ് മാഷിന് ഇത്തരം അടിയൊഴുക്കുകളും അപായ മേഖലകളും മുന്‍കൂട്ടി കാണാനും അവയെയൊക്കെ സമര്‍ഥമായി മുറിച്ചു കടക്കാനുമുള്ള അടവുകള്‍ ഹൃദിസ്ഥമാണെന്ന് എതിരാളികള്‍ വരെ സമ്മതിക്കും.

Latest