Connect with us

Editorial

സാമ്രാജ്യത്വ താത്പര്യങ്ങളും ശ്രീലങ്കയും

Published

|

Last Updated

ശ്രീലങ്കന്‍ സേനയും തമിഴ് ഈഴം വിമോചന പുലികളും (എല്‍ ടി ടി ഇ) തമ്മില്‍ നടന്ന ആഭ്യന്തര യുദ്ധത്തിന്റെ അവസാന ഘട്ടത്തില്‍ (2009) നടന്ന യുദ്ധക്കുറ്റങ്ങളെ കുറിച്ച് അന്താരാഷ്ട്ര അന്വേഷണം നടത്തണമെന്ന് യു എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ശ്രീലങ്കന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. മാര്‍ച്ച് 27ന് പ്രമേയം വോട്ടിനിട്ടപ്പോള്‍ ഇന്ത്യയടക്കം ഏതാനും ചില രാജ്യങ്ങള്‍ വിട്ടുനിന്നെങ്കിലും അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ കൊണ്ടുവന്ന പ്രമേയം വന്‍ ഭൂരിപക്ഷത്തോടെ പാസ്സാക്കി. ഇങ്ങനെയൊരു പ്രമേയത്തെ ചെറുക്കാന്‍ ശക്തമായ ലോബിയിംഗ് ശ്രീലങ്കന്‍ സര്‍ക്കാര്‍ നടത്തിയിരുന്നു. അന്താരാഷ്ട്ര അന്വേഷണവുമായി സഹകരിക്കുന്ന പ്രശ്‌നമില്ലെന്ന് ശ്രീലങ്കന്‍ മന്ത്രി മഹിന്ദ സമരസിംഹ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണവുമായി ശ്രീലങ്ക സഹകരിക്കണമെന്ന് യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. മാത്രമല്ല, യുദ്ധക്കുറ്റങ്ങളും മനുഷ്യാവകാശലംഘനങ്ങളും സംബന്ധിച്ച് ശ്രീലങ്ക സ്വന്തം നിലയില്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വിടണമെന്നും യു എന്‍ കമ്മീഷന്‍ പാസ്സാക്കിയ പ്രമേയത്തില്‍ ആവശ്യപ്പെടുന്നുണ്ട്. ആഭ്യന്തര യുദ്ധാനന്തരവും ശ്രീലങ്കയില്‍ തമിഴ് വംശജരുടെ നില അതീവ ദയനീയമാണ്. യുദ്ധാനന്തരം വാഗ്ദാനം ചെയ്യപ്പെട്ടിരുന്ന പുനരധിവാസ, പുനര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും ഇഴഞ്ഞാണ് നീങ്ങുന്നത്. തമിഴ് വംശജരെ ഉന്മൂലനം ചെയ്ത് പ്രശ്‌നത്തിന് പരിഹാരം കാണാനാണ് ശ്രീലങ്കന്‍ സേനയും സര്‍ക്കാറും ശ്രമിച്ചത്. ആഭ്യന്തര യുദ്ധത്തിന്റെ അവസാന ഘട്ടത്തില്‍ 40,000 സിവിലിയന്മാര്‍ വടക്ക്, വടക്ക് കിഴക്കന്‍ പ്രവശ്യകളില്‍ കൊല ചെയ്യപ്പെട്ടതായാണ് കണക്ക്. പത്ര സ്വാതന്ത്ര്യമില്ല, ജുഡീഷ്യറിയില്‍ നിരന്തരം രാഷ്ട്രീയ ഇടപെടല്‍ നടക്കുന്നു. ജാഫ്‌നയില്‍ ഇപ്പോഴും യുദ്ധത്തെ ഓര്‍മിപ്പിക്കുന്ന സൈനിക സാന്നിധ്യം ആരെയും അസ്വസ്തരാക്കും.
ബ്രിട്ടീഷ് സാമ്രാജ്യത്വത്തില്‍ നിന്ന് 1948ല്‍ സ്വാതന്ത്ര്യം നേടിയ ശ്രീലങ്കയില്‍ (പഴയ സിലോണ്‍)1980ലാണ് സിംഹള, തമിഴ് വംശീയത രൂക്ഷമായത്. ശ്രീലങ്കന്‍ തമിഴരില്‍ 70 ശതമാനവും വടക്ക്, വടക്ക് കിഴക്കന്‍ പ്രവിശ്യകളിലായിരുന്നു. ശ്രീലങ്കന്‍ തമിഴരില്‍ മൂന്നിലൊന്നും ശ്രീലങ്കക്ക് പുറത്താണ്. വംശീയ സംഘര്‍ഷത്തെ തുടര്‍ന്ന് എട്ട് ലക്ഷത്തിലധികം തമിഴ് വംശജര്‍ ശ്രീലങ്ക വിട്ടുപോയിട്ടുണ്ട്. ഇന്ത്യക്ക് പുറമെ കാനഡ, യൂറോപ്പ് എന്നിവിടങ്ങളില്‍ അഭയാര്‍ഥികളായി കഴിയുന്നവര്‍, തങ്ങള്‍ക്ക് എപ്പോഴെങ്കിലും പിറന്ന നാട്ടില്‍ തിരിച്ചെത്താനാകുമെന്ന് പ്രതീക്ഷയില്ലാത്തവരാണ്. ശ്രീലങ്കയിലുണ്ടായിരുന്ന അവരുടെ സ്ഥാവരജംഗമ സ്വത്തുക്കള്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ പിടിച്ചെടുത്തിരിക്കുകയാണ്. അതിനിടയിലാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 15 തമിഴ് സംഘടനകളെ നിരോധിച്ചത്. ഭീകരപ്രവര്‍ത്തനങ്ങളെ നേരിടാനും ഭീകരര്‍ക്ക് ധനസഹായം ലഭിക്കുന്നത് തടയാനുമാണ് ഈ നിരോധമെന്നാണ് ഔദ്യോഗിക ഭാഷ്യം. ശ്രീലങ്കയിലെന്നപോലെ അന്യ രാജ്യങ്ങളില്‍ അഭയാര്‍ഥികളായി കഴിയുന്ന നിരപരാധികളായ തമിഴ് വംശജരെ കൂടി ഭീകരപ്രവര്‍ത്തനങ്ങള്‍ ആരോപിച്ച് അടിച്ചമര്‍ത്താനുള്ള നീക്കമാണ് നിരോധത്തിലൂടെ ശ്രീലങ്കന്‍ സര്‍ക്കാര്‍ ഉന്നം വെക്കുന്നതെന്ന് സംശയിക്കപ്പെടുന്നുണ്ട്.
അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ താത്പര്യങ്ങള്‍ക്കും താളത്തിനും അനുസരിച്ച് പ്രവര്‍ത്തിക്കാത്തവരെ, രാജ്യങ്ങളായാലും വ്യക്തികളായാലും, വേട്ടയാടുകയെന്നത് സാമ്രാജ്യത്വത്തിന്റെ നയമാണ്. ആടിനെ പട്ടിയാക്കുക, പട്ടിയെ പേപ്പട്ടിയാക്കി തല്ലിക്കൊല്ലുക എന്ന രീതി ഇറാഖിലും മറ്റും നാം കണ്ടുകഴിഞ്ഞതാണ്. ഇത്തരം സൈനിക ഇടപെടലുകള്‍ക്ക് ലോകത്തെവിടെയും കളമൊരുക്കാനും അവര്‍ക്കാകും. ശ്രീലങ്കയുടെ കാര്യത്തിലും അവരുടെ നയം അതുതന്നെയാണ്. സ്വന്തം ജനതയെ തമിഴരെന്ന് മുദ്ര കുത്തി വേട്ടയാടുന്ന ശ്രീലങ്കന്‍ ഭരണകൂടം സാമ്രാജ്യത്വത്തിന്റെ കുതന്ത്രങ്ങള്‍ തിരിച്ചറിയണം. തമിഴ് വംശജരെ വേട്ടയാടുന്നത് നിര്‍ത്തി അവര്‍ക്ക് തുല്യനീതി ഉറപ്പാക്കണം. ഇക്കാര്യത്തില്‍ ഐക്യരാഷ്ട്ര സഭയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ശ്രീലങ്കയിലെ മഹിന്ദ രാജ്പക്‌സെ സര്‍ക്കാര്‍ സന്നദ്ധമാകണം. ജനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യു എന്‍ മനുഷ്യാവകാശ കമ്മീഷനില്‍ ശ്രീലങ്കക്കെതിരായ പ്രമേയം പാസ്സാക്കിയത് 12നെതിരെ 23 വോട്ടുകള്‍ക്കാണ്. ശ്രീലങ്കക്കെതിരായ പ്രമേയത്തിലെ സമീപനം “പ്രകോപനപരവും ദേശീയ പരമാധികാരം മാനിക്കാത്തതുമാണെ”ന്ന് ചൂണ്ടിക്കാട്ടി ഇന്ത്യ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.തമിഴരുടെ പൊതുതാത്പര്യ സംരക്ഷണത്തിന്റെ പേരില്‍ “രാഷ്ട്രീയമായി എടുത്ത ഈ തീരുമാന”ത്തില്‍ വിയോജിപ്പുള്ളവരും സര്‍ക്കാറിലുണ്ട്.
ശ്രീലങ്കന്‍ സര്‍ക്കാറിനെതിരെ പ്രയോഗിക്കാന്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിന് ഒരു ആയുധം കൈയില്‍ കിട്ടിയിരിക്കുകയാണ്. ഇതിന് മുമ്പും ഐക്യരാഷ്ട്രസഭയെ തങ്ങളുടെ ചട്ടുകമാക്കി മാറ്റാനും, സത്യത്തിന്റെ കണിക പോലുമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് സ്വതന്ത്ര പരമാധികാര രാഷ്ട്രങ്ങളില്‍ പോലും സൈനിക ഇടപെടലുകള്‍ നടത്താനും അമേരിക്ക മുതിര്‍ന്നിട്ടുണ്ട്. ഇങ്ങനെയൊരു അവസ്ഥ ശ്രീലങ്കയിലുണ്ടായിക്കൂടാ. തമിഴ് വംശജരുടെ എന്നല്ല ആരുടെയും മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെട്ടുകൂടാ. അയല്‍ രാജ്യമെന്ന നിലയില്‍ ഇന്ത്യക്ക് ഇതില്‍ പ്രധാന പങ്ക് വഹിക്കാനുണ്ട്.

Latest