Health
താപ ശരീര ശോഷണവും സൂര്യാഘാതവും: മുന്‍കരുതലെടുക്കണമെന്ന് ആരോഗ്യ വകുപ്പ്
പാലക്കാട്: ഏപ്രില്‍, മെയ് മാസങ്ങളില്‍ ഇനിയും ചൂട് വര്‍ദ്ധിക്കാനാണ് സാധ്യതയെന്നും അന്തരീക്ഷ താപം ക്രമാതീതമായി വര്‍ധിക്കുമ്പോഴുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളില്‍ മുന്‍കരുതലെടുക്കണമെന്നും ആരോഗ്യവകുപ്പ്.
അന്തരീക്ഷ താപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാകുകയും ശരീരത്തിലുണ്ടാകുന്ന താപം പുറത്തേക്ക് കളയുന്നതിന് തടസം നേരിടുകയും ചെയ്യുന്നു. ഇതിനെ തുടര്‍ന്ന് ശരീരത്തിന്റെ പല നിര്‍ണായകമായ പ്രവര്‍ത്തനങ്ങളും തകരാറിലായേക്കാം. വളരെ ഉയര്‍ന്ന ശരീര താപം, വറ്റിവരണ്ട് ചുവന്ന് ചൂടായ ശരീരം, നേര്‍ത്ത വേഗതയിലുളള നാഡീമിടിപ്പ്, ശക്തിയായ തലവേദന, തലകറക്കം, മാനസികാവസ്ഥയിലുളള മാറ്റങ്ങള്‍ തുടങ്ങിയവയും ഇതേ തുടര്‍ന്നുളള അബോധാവസ്ഥയും ഇവയുടെ ലക്ഷണങ്ങളാണ്. സൂര്യാഘാതം മാരകമാകാനും ഇടയാക്കും. ഉടന്‍ തന്നെ ഡോക്ടറെ കണ്ട് ചികിത്സ തേടണം. സൂര്യാഘാതത്തേക്കാള്‍ കുറച്ച് കൂടി കാഠിന്യം കുറഞ്ഞ അവസ്ഥയാണ് താപശരീര ശോഷണം.
കനത്ത ചൂടിനെ തുടര്‍ന്ന് ശരീരത്തില്‍ നിന്ന് ധാരാളം ജലവും ലവണങ്ങളും വിയര്‍പ്പിലൂടെ നഷ്ടപ്പെടുന്നതിനെ തുടര്‍ന്ന് ഉണ്ടാകുന്ന അവസ്ഥയാണിത്. ചൂട് കാലാവസ്ഥയില്‍ ശക്തിയായ വെയിലത്ത് ജോലി ചെയ്യുന്നവരിലും പ്രായാധിക്യമുളളവരിലും രക്തസമ്മര്‍ദം മുതലായ മറ്റ് രോഗങ്ങള്‍ ഉളളവരിലുമാണ് ഇത് അധികമായി കണ്ടുവരുന്നത്. ശക്തിയായ വിയര്‍പ്പ്, വിളര്‍ത്ത ശരീരം, പേശീ വലിവ്, ശക്തിയായ ക്ഷീണം, തലകറക്കം, തലവേദന, ഓക്കാനവും ഛര്‍ദിയും, ബോധം കെട്ടു വീഴുക തുടങ്ങിയവ താപശരീര ശോഷണത്തിന്റെ പ്രാരംഭ ലക്ഷണങ്ങളാണ്. ശരീരം തണുത്ത അവസ്ഥയിലും നാഡീമിടിപ്പ് ശക്തി കുറഞ്ഞ് വേഗത്തിലുളളതും ശ്വസന നിരക്ക് വര്‍ധിച്ച തോതിലുമായിരിക്കും. ശരിയായ രീതിയില്‍ ചികിത്സിച്ചില്ലെങ്കില്‍ താപ ശരീരശോഷണം സൂര്യാഘാതത്തിന്റെ അവസ്ഥയിലേക്ക് മാറിയേക്കാം.—
ശരീര ശോഷണത്തിന്റെ സംശയം തോന്നിയാല്‍ ഉടന്‍ ജോലി ചെയ്തു കൊണ്ടിരിക്കുന്ന വെയിലുളള സ്ഥലത്ത് നിന്ന് തണുത്ത സ്ഥലത്തേക്ക് മാറുക/വിശ്രമമെടുക്കുക, കഴിയുന്നതും വേഗം ചികിത്സ തേടുക. സൂര്യാഘാതം/താപശരീരശോഷണം വരാതിരിക്കാനായി വേനല്‍ക്കാലത്ത് പ്രത്യേകിച്ച് ചൂടിന് കാഠിന്യം കൂടുമ്പോള്‍ ധാരാളം വെള്ളം കുടിക്കുക, ദാഹം തോന്നിയില്ലെങ്കില്‍പോലും ഓരോ മണിക്കൂര്‍ കൂടുമ്പോഴും രണ്ട് മുതല്‍ നാല് ഗ്ലാസ് വെളളം കുടിക്കുക, ചൂട് കാലത്ത് കൂടുതലായുണ്ടാകുന്ന വിയര്‍പ്പിനെ തുടര്‍ന്ന് ശരീരം ചൊറിഞ്ഞ് തിണര്‍ക്കുന്ന ഹീറ്റ് റാഷ് കുട്ടികളില്‍ കൂടതലായി ബാധിക്കാറുണ്ട്.
കഴുത്തിലും നെഞ്ചിന്റെ മുകള്‍ ഭാഗങ്ങളിലുമാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. ചിലര്‍ക്ക് കാലിന്റെ ഒടിയിലും കക്ഷത്തിലും സ്ത്രീകളില്‍ മാറിടത്തിന് താഴെയും റാഷ് ഉണ്ടാകാറുണ്ട്. തിണര്‍പ്പ് ബാധിച്ച ശരീരഭാഗങ്ങള്‍ എല്ലായ്‌പ്പോഴും ഉണങ്ങിയ അവസ്ഥയില്‍ ആയിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി.