International
പര്‍വേസ് മുശര്‍റഫ് നേരിട്ട് ഹാജരാകണമെന്ന് കോടതി
ഇസ്‌ലാമാബാദ്: ബലൂച് ദേശീയ നേതാവ് അക്ബര്‍ ബുക്തിയെ കൊലപ്പെടുത്തിയ കേസില്‍ ആരോപണവിധേയനായ പാക്കിസ്ഥാന്‍ മുന്‍ സൈനിക മേധാവി പര്‍വേസ് മുശര്‍റഫിനോട് കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ ഉത്തരവ്. ഈ മാസം 21ന് മുമ്പായി കോടിയില്‍ ഹാജരാകണമെന്ന് ക്വറ്റയിലെ തീവ്രവാദവിരുദ്ധ കോടതിയാണ് ഉത്തരവിട്ടത്.
ബുക്തി വധക്കേസിലെ ജാമ്യാപേക്ഷ തള്ളിയാണ് മുശര്‍റഫിനോട് കോടതിയില്‍ ഹാജരാകാന്‍ ജഡ്ജി ആവശ്യപ്പെട്ടത്. കോടതിയില്‍ ഹാജരാകാന്‍ സാധിച്ചിട്ടില്ലെങ്കില്‍ മുശര്‍റഫിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കും. 2007ല്‍ നിയമവിരുദ്ധമായി ഭരണഘടന തടസ്സപ്പെടുത്തി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിലാണ് അദ്ദേഹത്തിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തിയതിന് പിന്നാലെയാണ് തീവ്രവാദവിരുദ്ധ കോടതിയുടെ ഉത്തരവ്.
അക്ബര്‍ ബുഗ്തിയെ കൊലപ്പെടുത്തിയ കേസുള്‍പ്പെടെ നാല് കുറ്റങ്ങളാണ് കോടതി അദ്ദേഹത്തിന് മേല്‍ ചുമത്തിയത്. 60 ജഡ്ജിമാരെ അറസ്റ്റ് ചെയ്ത കേസ്, മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയെ കൊലപ്പെടുത്തിയ കേസ്, 2007ല്‍ ലാല്‍ മസ്ജിദ് ഇമാമിനെ കൊലപ്പെടുത്തിയ കേസ് എന്നീ കുറ്റകൃത്യങ്ങളാണ് മുശര്‍റഫിന് മേല്‍ ചുമത്തപ്പെട്ടത്.
ബുക്തിയുടെ മകന്‍ ജാമില്‍ അക്ബര്‍ ബുക്തി നല്‍കിയ പരാതിയില്‍ മുശര്‍റഫിന് പുറമെ മുന്‍ പ്രധാനമന്ത്രി ശൗഖത്ത് അസീസ്, മുന്‍ ആഭ്യന്തര മന്ത്രി അഫ്താബ് അഹ്മദ്ഖാന്‍, ബലൂചിസ്ഥാന്‍ മുന്‍ ആഭ്യന്തര മന്ത്രി മിര്‍ ശുഐബ് നൗശര്‍വാനി എന്നിവര്‍ക്കെതിരെയാണ് കോടതി നടപടി സ്വീകരിക്കുന്നത്.