Articles
സാമ്പത്തിക പ്രതിസന്ധിയും സംസ്ഥാനത്തിന്റെ ഭാവിയും
സംസ്ഥാനം ഇതുവരെ കണ്ട ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും മുടങ്ങുന്ന രീതിയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നത് കേരളത്തിലാദ്യമായാണ്. കേരളം ഒരു കണ്‍സ്യൂമര്‍ സംസ്ഥാനമായതിനാല്‍ സാമ്പത്തിക ബാധ്യത സാധാരണയാണെങ്കിലും വര്‍ഷാവസാനമായതിനാലാണ് ഇത്തവണ ഞെരുക്കം കൂടുതല്‍ പ്രകടമായത്. ഈ മാസം ആദ്യ ആഴ്ച പിന്നിട്ടിട്ടും രണ്ട് ലക്ഷത്തിലധികം ജീവനക്കാര്‍ക്ക് ശമ്പളവും ഒന്നര ലക്ഷത്തോളം പേര്‍ക്ക് പെന്‍ഷനും ലഭിച്ചിട്ടില്ല.
ഈ സാമ്പത്തിക വര്‍ഷാരംഭത്തില്‍ ട്രഷറിനിയന്ത്രണം മൂലം ശമ്പളവും പെന്‍ഷനും വൈകിയത് ഏറെ വിവാദത്തനിടയാക്കിയിട്ടുണ്ട്. ഏപ്രില്‍ മാസം ആദ്യ പാദം പിന്നിട്ടിട്ടും ശമ്പള, പെന്‍ഷന്‍ വിതരണം ഇതുവരെ പൂര്‍ത്തിയായിട്ടില്ല. സോഫ്റ്റ്‌വെയര്‍ തകരാറാണെന്ന പേരില്‍ കഴിഞ്ഞ ദിവസവും ട്രഷറി ഉദ്യോഗസ്ഥരില്‍ നല്ലൊരു ശതമാനത്തിനും തിരഞ്ഞെടുപ്പ് ചുമതലയുള്ളതിനാല്‍ ഇന്നലെയും ട്രഷറിയുടെ പ്രവര്‍ത്തനം കാര്യക്ഷമമായിരുന്നില്ല. നാളെ തിരഞ്ഞെടുപ്പും മറ്റന്നാള്‍ തിരഞ്ഞെടുപ്പ് ചുമതലയിലുണ്ടായിരുന്നവര്‍ക്ക് അവധിയും തുടര്‍ ദിവസങ്ങളില്‍ രണ്ടാം ശനി, ഞായര്‍, അംബേദ്കര്‍ ദിനം, വിഷു, പെസഹ വ്യാഴം, ദുഃഖ വെള്ളി, ഈസ്റ്റര്‍ എന്നിങ്ങനെ നീണ്ട അവധിയായതിനാല്‍ ട്രഷറികളും ബേങ്കും അവധിയായിരിക്കും. ഇത്രയും ദിവസം അങ്ങനെ തള്ളിനീക്കാമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ഇതിനിടയില്‍ 16-ാം തീയതി മാത്രമാണ് പ്രവൃത്തി ദിവസമുള്ളത്. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി പരമാവധി മറച്ചുപിടിക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ ഈ അവധി ദിവസങ്ങള്‍ അനുഗ്രഹമായാണ് കാണുന്നത്. ഇത്രയും സമയം ലഭിക്കുന്നതോടെ ബിവറേജ്‌സ് ഔട്ട്‌ലെറ്റുകളില്‍ നിന്നുള്ള വരുമാനമുള്‍പ്പെടെ വാണിജ്യ നികുതി വരുമാനം ഖജനാവിലെത്തിക്കാമെന്നാണ് സര്‍ക്കാര്‍ കണക്ക് കൂട്ടുന്നത്. എന്നാല്‍ ഉപായം കൊണ്ട് ഓട്ടയടക്കുന്ന സര്‍ക്കാറിന്റെ ഇത്തരം താത്കാലിക നടപടികള്‍ ഏതറ്റം വരെ പോകുമെന്ന് കണ്ടറിയണം.
വ്യാവസായികമായി അടിത്തറയില്ലാത്ത കേരളത്തിന് വേണ്ടത്ര വരുമാന സ്രോതസ്സുകളില്ലാത്തതും വരുമാനത്തേക്കാള്‍ ചെലവ് കൂടുതലുള്ളതുമാണ് സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് പ്രധാന കാരണം. സംസ്ഥാനത്തിന്റെ വരുമാന തോത് അനുസരിച്ച് വാര്‍ഷിക ബജറ്റ് തയ്യാറാക്കുന്നതിലെ വീഴ്ചയും നികുതി മേഖലയില്‍ ഉണ്ടാകാവുന്ന വരുമാനത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ മുന്‍കൂട്ടി കാണുന്നതിലെ ദീര്‍ഘവീക്ഷണക്കുറവുമാണ് പ്രതിസന്ധിയിലേക്ക് നയിക്കുന്ന മൂല കാരണങ്ങള്‍. മാറി മാറി വരുന്ന സര്‍ക്കാറുകളും ധനകാര്യ വകുപ്പും ബജറ്റ് വേളയിലെ തത്സ്ഥിതി മാത്രം പരിഗണിച്ച് ബജറ്റ് തയ്യാറാക്കുകയും പിന്നീട് വരുന്ന ആവശ്യങ്ങള്‍ക്ക് കടമെടുക്കുകയും ചെയ്യുന്ന പ്രവണതയാണ് സ്വീകരിച്ചുവരുന്നത്. ഇത് അതിവിദൂരമല്ലാത്ത ഭാവിയില്‍ വന്‍ സാമ്പത്തിക കെണിയിലേക്ക് സംസ്ഥാനത്തെ തള്ളിയിടുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ പോലും സംസ്ഥാന ഖജനാവിലേക്കുള്ള മുഖ്യ വരുമാന സ്രോതസ്സായ വാണിജ്യ നികുതി കാര്യക്ഷമമായി പിരിച്ചെടുക്കാന്‍ ധനകാര്യ, നികുതി വകുപ്പിന് കഴിഞ്ഞിട്ടില്ലെന്നത് ശ്രദ്ധേയമാണ്.
ഈ സാമ്പത്തിക വര്‍ഷം സംസ്ഥാനത്ത് നിന്ന് വാണിജ്യ നികുതിയിനത്തില്‍ പിരിച്ചെടുക്കാന്‍ ലക്ഷ്യമിട്ടിരുന്ന 28,481 കോടിയില്‍ ഫെബ്രുവരി 28 വരെ 22,404 കോടി രൂപ മാത്രമാണ് പിരിച്ചിരുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന മാസമായ മാര്‍ച്ചില്‍ മാത്രം 6077 കോടി രൂപയാണ് പിരിച്ചെടുക്കേണ്ടിയിരുന്നത്. നിലവില്‍ സംസ്ഥാനത്തെ നികുതി പിരിവ് രീതി വെച്ച് പ്രതിമാസം ശരാശരി 2000, 2400 കോടി രൂപയാണ് പിരിച്ചെടുക്കാറുള്ളത്. വര്‍ഷാവസാന മാസമെന്ന നിലയില്‍ മാര്‍ച്ചില്‍ ഇത് 2800 കോടി വരെ ഉയരാറുണ്ട്. (മാര്‍ച്ച് മാസത്തിലെ നികുതി പിരവ് പൂര്‍ത്തിയായിട്ടുണ്ടെങ്കിലും ഇതിന്റെ പൂര്‍ണമായ കണക്ക് ഈ മാസം രണ്ടാം വാരമാകുമ്പോഴാണ് വ്യക്തമാകുക). ഇങ്ങനെ വന്നാല്‍ തന്നെ ലക്ഷ്യത്തുകയില്‍ 3700 കോടിയോളം രൂപയുടെ കുറവ് വരും. ചരിത്രത്തിലാദ്യമായിരിക്കും സംസ്ഥാനത്ത് നികുതി വരുമാനത്തില്‍ ഇത്ര വലിയ കുറവ് അനുഭവപ്പെടുന്നത്. ഇക്കാലയളവില്‍ നികുതി വരുമാന വളര്‍ച്ചയിലും വന്‍ തോതില്‍ ഇടിവ് അനുഭവപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 22.93 ശതമാനമായിരുന്ന വളര്‍ച്ചാ നിരക്ക് ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ 10 ശതമാനത്തിലേക്കാണ് കുത്തനെ ഇടിഞ്ഞിരിക്കുന്നത്. ഈ വര്‍ഷം 25 ശതമാനം വളര്‍ച്ചാ നിരക്ക് ണ് പ്രതീക്ഷിച്ചിരുന്ന സ്ഥാനത്താണിതെന്നത് ഏറെ ശ്രദ്ധേയമാണ്. വളര്‍ച്ചാ നിരക്ക് കുത്തനെ ഇടിഞ്ഞത് സര്‍ക്കാറിനെയും ധനകാര്യ, നികുതി വകുപ്പുകളെയും ഞെട്ടിച്ചിരിക്കുകയാണ്. ഒരു സാമ്പത്തിക വര്‍ഷം ഖജനാവിലെത്തുന്ന നികുതി വരുമാനത്തിന്റെ മൊത്തം തുകയും ഒപ്പം നിശ്ചിത ശതമാനം വര്‍ധനയും ചേര്‍ത്താണ് സംസ്ഥാന ബജറ്റില്‍ അടുത്ത വര്‍ഷത്തെ നികുതി പിരിവിനുള്ള ലക്ഷ്യ തുക തീരുമാനിക്കുക. എന്നാല്‍ ഇത് നിശ്ചയിക്കുന്നതില്‍ പ്രത്യേക മാനദണ്ഡങ്ങളൊന്നും പരിഗണിക്കാത്തത് സാമ്പത്തിക പ്രതിസന്ധിക്ക് ചെറിയ തോതില്‍ കാരണമാകാറുണ്ട്. സാമ്പത്തിക വര്‍ഷത്തിനിടെ രാജ്യത്താകെയും സംസ്ഥാനത്തും ഉണ്ടാകുന്ന സാമ്പത്തിക വ്യതിയാനങ്ങള്‍ കൂടി ലക്ഷ്യത്തുക നിര്‍ണയത്തില്‍ പരിഗണിക്കേണ്ടതുണ്ട്. എന്നാല്‍ രാജ്യത്തിന്റെ തന്നെ വളര്‍ച്ചാ നിരക്ക് നാല് ശതമാനത്തില്‍ നില്‍ക്കുമ്പോള്‍ സംസ്ഥാനത്തിന്റെ വളര്‍ച്ചാ നിരക്ക് അതിന്റെ ഇരട്ടി വേണമെന്ന് വാശി പിടിക്കുന്നത് വ്യര്‍ഥകമാണ്. എന്നാല്‍ ഇത് മുന്നില്‍ കണ്ട് സംസ്ഥാനത്തിന്റെ ചെലവിനനുസരിച്ച് വരുമാനം കണ്ടെത്താന്‍ ശ്രമിക്കേണ്ടതുണ്ട്.
വ്യാവസായിക അടിത്തറയില്ലാത്ത സര്‍വീസ് മേഖലാ സംസ്ഥാനമായ കേരളം അതിനനുസരിച്ച് ചെലവുകളും വരുമാനവും നിയന്ത്രിക്കേണ്ടതുണ്ട്. ഹോസ്പിറ്റാലിറ്റി, സോഫ്റ്റ്‌വെയര്‍ എന്നീ മേഖലകളുള്‍പ്പെടെ സംസ്ഥാനത്തിന്റെ 35 ശതമാനവും സേവനമേഖലയുള്ള കേരളത്തില്‍ ഇതില്‍ നിന്നുള്ള നികുതി വരുമാനം സംസ്ഥാനത്തിന് ലഭിക്കുകയില്ല. ഈ യാഥാര്‍ഥ്യം നിലനില്‍ക്കെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തെ മറികടക്കുന്ന രീതിയിലേക്ക് പെന്‍ഷന്‍ തുക വര്‍ധിച്ചുവരുന്ന സാഹചര്യം കൂടി കണക്കിലെടുത്ത് വരുമാനം വര്‍ധിപ്പിക്കാനുള്ള ശ്രമം സര്‍ക്കാറുകള്‍ നടത്തേണ്ടതുണ്ട്. നിര്‍ഭാഗ്യവശാല്‍ ഇതിനുള്ള കാര്യമായ ഒരു ശ്രമവും നാളിതുവരെ വന്ന സര്‍ക്കാറുകള്‍ സ്വീകരിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തിന്റെ പ്രതിമാസ വരുമാനം ശമ്പളവും പെന്‍ഷനും നല്‍കാന്‍ ഉപയോഗിച്ച് ക്ഷേമ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പണം കടമെടുക്കുന്ന പ്രവണതയാണ് സര്‍ക്കാറുകള്‍ സ്വീകരിച്ചുവരുന്നത്. ഇതാണ് സംസ്ഥാനത്തിന്റെ കടബാധ്യത വര്‍ഷം തോറും ക്രമാതീതമായി ഉയരാന്‍ ഇടയാക്കുന്നത്. ഇത് തടയാന്‍ പാരമ്പര്യേതര നികുതി വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്തണം. ഒരു സംസ്ഥാനത്തിന്റെ വരുമാനത്തിന് അസ്ഥിവാരമിടുന്ന വ്യാവസായിക വികസനത്തിന് പ്രധാനമായും ആവശ്യമായി വരുന്നത് ഊര്‍ജവും മനുഷ്യവിഭവ ശേഷിയുമാണ്. ഇവ രണ്ടും ആവശ്യത്തിനുണ്ടെങ്കിലും ഇത് അനുയോജ്യമായ രീതിയില്‍ ഉപയോഗിക്കാന്‍ കേരളത്തിന് കഴിയുന്നില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ വ്യാവസായിക അടിത്തറയുള്ള ഏതാനും സംസ്ഥാനങ്ങളെ മാറ്റി നിര്‍ത്തിയാല്‍ രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളുടെയും സാമ്പത്തിക സ്ഥിതി ഇതു തന്നെയാണെങ്കിലും പ്രതിസന്ധികളെ മറികടക്കാന്‍ അവിടുത്തെ സര്‍ക്കാറുകള്‍ ക്രിയാത്മക നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ട്.
പെട്രോളിയം ഉത്പന്നങ്ങളുടെ നിരന്തരമുള്ള വിലവര്‍ധന, അവശ്യവസ്തുക്കളുടെ ക്രമാതീതമായ വിലക്കയറ്റം, സ്വര്‍ണ, വസ്ത്ര, ആയൂര്‍വേദ ഉത്പന്നങ്ങളുടെയും നിര്‍മാണ മേഖലയിലെ ഉത്പന്നങ്ങളുടയെും വര്‍ധിച്ച വില എന്നിവ സംസ്ഥാനത്തിന്റെ നികുതി വരുമാനം വര്‍ധിപ്പിക്കാനുള്ള അനുകൂല ഘടകങ്ങളായിരുന്നെങ്കിലും ഇത് വരുമാനമായി ഖജനാവിലെത്തിക്കുന്നതില്‍ നികുതി വകുപ്പ് അമ്പേ പരാജയപ്പെട്ടെന്നാണ് നിലവിലെ സാമ്പത്തിക പ്രതിസന്ധി വ്യക്തമാക്കുന്നത്. കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്ന് കഴിഞ്ഞ ജനുവരിയില്‍ പിരിച്ചെടുത്ത തുക പോലും പിരിച്ചെടുത്തിട്ടില്ല. വര്‍ഷാവസാനത്തിന് തൊട്ടു മുമ്പുള്ള മാസമായിട്ടും നേരത്തെയുള്ള തുകയേക്കാള്‍ കുറഞ്ഞത് ധനകാര്യ, നികുതി വകുപ്പിന്റെ കെടുകാര്യസ്ഥതയാണ് വെളിവാക്കുന്നത്. വ്യാപകമായ നികുതി ചോര്‍ച്ച, നികുതി വകുപ്പിന്റെ കാര്യക്ഷമത കുറവ്, നിയമങ്ങളിലെയും ചട്ടങ്ങളിലെയും സങ്കീര്‍ണത തുടങ്ങിയവയാണ് നികുതി വരുമാനത്തെ പ്രതികൂലമായി ബാധിച്ചത്. അതേസമയം നേരത്തെ തന്നെ വ്യാപാരികള്‍ ഇക്കാര്യം സര്‍ക്കാറിന്റെയും നികുതി വകുപ്പിന്റെയും ശ്രദ്ധയില്‍പ്പെടുത്തിയിരുന്നെങ്കിലും അധികൃതര്‍ കാര്യമായി എടുത്തിരുന്നില്ല. നികുതി ചോര്‍ച്ചയുള്‍പ്പെടെ നികുതി വരുമാനത്തിന്റെ ഗതിവിഗതികള്‍ വ്യാപാരി സമൂഹത്തിന് മനസ്സിലായിട്ടും നികുതി വകുപ്പിനും സര്‍ക്കാരിനും ഇക്കാര്യം മനസ്സിലായിട്ടില്ലെന്ന് വേണം കരുതാന്‍.