Ongoing News
പ്രധാനമന്ത്രി ഫയലുകള്‍ തീര്‍പ്പാക്കിയിരുന്നത് സോണിയ കണ്ടതിന് ശേഷമെന്ന് വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഫയലുകള്‍ തീര്‍പ്പാക്കിയിരുന്നത് സോണിയാ ഗാന്ധി പരിശോധിച്ചതിന് ശേഷമായിരുന്നുവെന്ന് പ്രധാനമന്ത്രിയുടെ മുന്‍ മാധ്യമ ഉപദേഷ്ടാവിന്റെ വെളിപ്പെടുത്തല്‍. പ്രധാനമന്ത്രിയുടെ മുന്‍ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ് ബാരു രചിച്ച “ദ ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍” എന്ന പുസ്തകത്തിലാണ് വിവാദമായ വെളിപ്പെടുത്തല്‍.
കേന്ദ്ര മന്ത്രിമാരെ ഏകോപിപ്പിക്കാന്‍ പ്രധാനമന്ത്രിക്ക് കഴിഞ്ഞിരുന്നില്ല. കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ തീരുമാനങ്ങളെടുത്തിരുന്നത് കോണ്‍ഗ്രസ് കോര്‍ കമ്മിറ്റിയാണ്. പ്രധാനമന്ത്രിയുടെ തീരുമാനങ്ങളെ എ കെ ആന്റണിയും വയലാര്‍ രവിയും വിമര്‍ശിച്ചിരുന്നു. പൊതുജന മധ്യത്തില്‍ മൗനിയാണെങ്കിലും ശക്തമായി പ്രതികരിക്കുന്ന വ്യക്തിയാണ് ആന്റണിയെന്ന് പുസ്തകത്തില്‍ പറയുന്നു.
ആണവകരാര്‍ വിഷയത്തില്‍ ഇടതുപക്ഷം ഇടഞ്ഞതിനെ തുടര്‍ന്ന് മന്‍മോഹന്‍ രാജിഭീഷണി മുഴക്കിയിരുന്നു. പ്രണബ് മുഖര്‍ജിയേയോ സുശീല്‍ കുമാര്‍ ഷിന്‍ഡെയേയോ പ്രധാനമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള നീക്കവും കോണ്‍ഗ്രസ് നേതൃത്വം നടത്തിയിരുന്നു. എന്നാല്‍ മന്‍മോഹന്‍ സിംഗിനെ അല്ലാതെ ആരെയും പിന്തുണക്കില്ലെന്ന് എന്‍ സി പി നേതാവ് പ്രഫുല്‍ പട്ടേല്‍ പറഞ്ഞതിനെ തുടര്‍ന്നാണ് മന്‍മോഹനെ മാറ്റാതിരുന്നതെന്ന് സഞ്ജയ് ബാരു പുസ്തകത്തില്‍ പറയുന്നുണ്ട്.
അതേസമയം ആരോപണങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് തള്ളി. ആരോപണങ്ങള്‍ സാമ്പത്തിക ലാഭത്തിനായുള്ള കെട്ടികഥയാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചു.