Connect with us

Editorial

ആപത്കരമായ പ്രവണത

Published

|

Last Updated

രാഷ്ട്രീയക്കളരിയില്‍, വിശേഷിച്ചും പൊതു തിരഞ്ഞെടുപ്പിന്റെ കൂടി പശ്ചാത്തലത്തില്‍, എന്തിനേയും ഏതിനേയും രാഷ്ട്രീയവത്കരിക്കുന്ന പ്രവണത ചില രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കെങ്കിലുമുണ്ട്. തിരഞ്ഞെടുപ്പ് കാലത്ത് രണ്ടെങ്കില്‍ രണ്ട് വോട്ട് വിലയേറിയത് തന്നെ. “പയ്യന്മാരാണ്, ചിലപ്പോള്‍ വികൃതിത്തരങ്ങള്‍ സംഭവിക്കും. ബലാത്സംഗ കേസുകളില്‍ ഇവരെ തൂക്കിലേറ്റാന്‍ ശിക്ഷിക്കാമോ?”- ഉത്തര്‍പ്രദേശിലെ മുറാദാബാദില്‍ ഒരു തിരഞ്ഞെടുപ്പ് റാലിയില്‍ സമാജ്‌വാദി പാര്‍ട്ടി മേധാവി മുലായം സിംഗ് യാദവ് നടത്തിയ ഈ പ്രസ്താവന വലിയ വിവാദത്തിന് വഴിവെച്ചിരിക്കയാണ്. ബലാത്സംഗത്തിന് വധശിക്ഷ വ്യവസ്ഥ ചെയ്തുകൊണ്ടുള്ള പുതിയ ബലാത്സംഗവിരുദ്ധ നിയമത്തെ എതിര്‍ക്കുമെന്നും നിയമം ഭേദഗതി ചെയ്യുമെന്നും മുലായം പ്രസ്താവിച്ചപ്പോള്‍ അതൊരു നയപ്രഖ്യാപനമായിരുന്നു. മുംബൈയില്‍ രണ്ട് ബലാത്സംഗക്കേസുകളില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് യുവാക്കളെ വധശിക്ഷക്ക് വിധിച്ച കോടതി നടപടിയെ മുലായം ചോദ്യം ചെയ്യുകയുമുണ്ടായി.

2012 ഡിസംബര്‍ 16ന് രാത്രി രാഷ്ട്ര തലസ്ഥാനത്ത് 23കാരിയായ ഒരു ഫിസിയോതെറാപ്പി വിദ്യാര്‍ഥിനിയെ ഓടിക്കൊണ്ടിരുന്ന ബസിലിട്ട് അതിമൃഗീയമാംവിധം കൂട്ടബലാത്സംഗം ചെയ്ത സംഭവം രാഷ്ട്രമനസ്സാക്ഷിയെ നടുക്കിയതാണ്. വിദഗ്ധ ചികിത്സക്കായി സിംഗപ്പൂരിലെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവതി പിന്നീട് മരിച്ചു. അതോടെ ഭരണകൂടത്തിനെതിരെ ജനവികാരം ആളിപ്പടര്‍ന്നു. ബലാത്സംഗത്തിന് കടുത്ത ശിക്ഷ വ്യവസ്ഥ ചെയ്തുകൊണ്ട് നിയമം ഭേദഗതി ചെയ്തു. തുടര്‍ന്നാണ് ജനരോഷം അല്‍പ്പമെങ്കിലും ശമിച്ചത്. ഡല്‍ഹിയില്‍ പത്ത് വര്‍ഷം തുടര്‍ന്ന ഷീലാ ദീക്ഷിത് നയിച്ച കോണ്‍ഗ്രസ് ഭരണത്തെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനഭ്രഷ്ടമാക്കിയത്, ജനങ്ങളുടെ മനസ്സില്‍ ചാമ്പല്‍ മൂടിക്കിടന്ന കനല്‍ക്കട്ടയുടെ രോഷാഗ്നിയാണ്. ആം ആദ്മി പാര്‍ട്ടിയുടെ ബീജാവാപത്തിന് കാരണമായതും ഈ വികാരം തന്നെ. ഇയൊരു സാഹചര്യത്തില്‍ യു പിയുടെ മുന്‍ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായിരുന്ന മുലായം സിംഗ് യാദവ് നടത്തിയ വിവാദ പ്രസ്താവനക്കെതിരെ വ്യാപകമായ പ്രതിഷേധമുയര്‍ന്നു. ഉത്തര്‍പ്രദേശില്‍ അസംഗഡ് മണ്ഡലത്തില്‍ നിന്നും മയിന്‍പുരി മണ്ഡലത്തില്‍ നിന്നും ലോക്‌സഭയിലേക്ക് മത്സരിക്കാനിറങ്ങിയിരിക്കെയാണ് ബലാത്സംഗത്തെ “പയ്യന്മാരുടെ വികൃതി”യായി നിസാരവത്കരിച്ച് മുലായം സിംഗ് പ്രസംഗിച്ചത്.
മുലായം സിംഗ് തന്റെ പ്രസ്താവന പിന്‍വലിച്ച് ജനങ്ങളോട് മാപ്പ് പറയണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്, ബി ജെ പി അടക്കമുള്ള കക്ഷികള്‍ രംഗത്ത് വന്നുകഴിഞ്ഞു. പക്ഷെ അതുകൊണ്ടൊന്നും സമാജ്‌വാദി പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാടില്‍ മാറ്റം വന്നിട്ടില്ലെന്ന് മറ്റൊരു എസ് പി നേതാവായ അബു ആസ്മിയുടെതായി വന്ന പത്രപ്രസ്താവന വ്യക്തമാക്കുന്നു. പീഡനത്തിന് കാരണക്കാരനാകുന്ന പുരുഷന്മാരെ മാത്രമല്ല ഇരയാകുന്ന സ്ത്രീകളെയും, വിവാഹേതര ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന സ്ത്രീയെയും പുരുഷനെയും തൂക്കിക്കൊല്ലണമെന്ന് ആസ്മി ആവശ്യപ്പെട്ടുവെന്ന് മുംബൈയിലെ “മിഡ് ഡെ” പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഏതായാലും ഇതുകൊണ്ടൊന്നും ഈ വിവാദത്തിന് അറുതിയാകുമെന്ന് കരുതുകവയ്യ. വിവാദ പരാമര്‍ശത്തിന് ദേശീയ വനിതാ കമ്മീഷന്‍ മുലായത്തോട് വിശദീകരണം തേടിക്കഴിഞ്ഞു. വഴിവിട്ട ഇത്തരം പരാമര്‍ശങ്ങള്‍ക്കെതിരെ ഭാവിയിലെങ്കിലും നടപടി വേണമെന്ന് വനിതാ കമ്മീഷന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതിയിട്ടുമുണ്ട്.

മുലായത്തിന്റെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ മഹാരാഷ്ട്രാ ഘടകത്തിന്റെ അധ്യക്ഷന്‍ അബു ആസ്മിയുടെയും നിലപാട് വെച്ച് നോക്കുമ്പോള്‍ ഇപ്പോള്‍ നടക്കുന്നത് തീക്കൊള്ളികൊണ്ടുള്ള തലചൊറിയലാണ്. ലൈംഗിക ബന്ധത്തിനും ബലാത്സംഗത്തിനും നല്‍കപ്പെട്ട വ്യാഖ്യാനങ്ങളും വിവാദങ്ങള്‍ക്കിടയാക്കുന്നതാണ്. ഏതായാലും മാനഭംഗത്തെ നിസാരവത്കരിക്കാനുള്ള ശ്രമം പരിഷ്‌കൃത സമൂഹത്തിന് ഒരു നിലക്കും അംഗീകരിച്ചു കൊടുക്കാനാകില്ല. ബലാത്സംഗവിരുദ്ധ നിയമം കര്‍ക്കശമാക്കിയിട്ടും രാജ്യത്ത് ബലാത്സംഗങ്ങള്‍ കൂടുന്നുവെന്നാണ് ഔദ്യോഗിക കണക്കുകള്‍. വസ്തുത ഇതായിരിക്കെ ബലാത്സംഗത്തെ നിസ്സാരവത്കരിക്കുകയും പ്രതികളെ പയ്യന്മാരെന്ന് വിശേഷിപ്പിച്ച് കുറ്റമുക്തരാക്കാന്‍ വാദിക്കുകയും ചെയ്യുന്നത് അങ്ങേയറ്റം ആപത്കരമായ പ്രവണതയാണ്.
വധശിക്ഷ തുടരുന്ന കാര്യത്തില്‍ ആഗോളതലത്തില്‍ തന്നെ ഗൗരവപൂര്‍ണമായ സംവാദം നടക്കുകയാണ്. ഇക്കാര്യത്തില്‍ ഇന്ത്യയിലടക്കം സര്‍ക്കാറുകള്‍ക്കും വിവിധ കക്ഷികള്‍ക്കും വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. “ജീവന്‍ കൊടുക്കാന്‍ കഴിയാത്തവര്‍ക്ക് ജീവനെടുക്കാന്‍ അവകാശമുണ്ടോ” എന്ന ചോദ്യം അര്‍ഥപൂര്‍ണമാണ്. എന്നാല്‍ ഈ പ്രശ്‌നത്തെ ബലാത്സംഗമെന്ന കിരാത നടപടിയുമായി ബന്ധപ്പെടുത്തുന്നത് ഒരിക്കലും ഉചിതമല്ല.

---- facebook comment plugin here -----

Latest