Kerala
നാല്‍പ്പത് ശതമാനം അര്‍ബുദത്തിനും കാരണം പുകയില ഉപയോഗം
ചെന്നൈ: ഇന്ത്യയിലെ നാല്‍പ്പത് ശതമാനം ക്യാന്‍സറുകള്‍ക്കും കാരണം പുകയില ഉപയോഗമെന്ന് പഠനം. ക്യാന്‍സര്‍ മൂലം നടക്കുന്ന അഞ്ച് മരണങ്ങളില്‍ മൂന്നും പുകയില ഉപയോഗിക്കുന്നവരുടെയാണ്. “ലാന്‍സിറ്റ് ഓങ്കോളജി” പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് വിവരങ്ങള്‍ ഉള്ളത്.
ഓരോ വര്‍ഷവും 12 ലക്ഷം ക്യാന്‍സര്‍ കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് 25 ലക്ഷമായി ഉയരാന്‍ സാധ്യതയുണ്ട്. ക്യാന്‍സര്‍ മൂലമുള്ള മരണനിരക്ക് ആറ് ലക്ഷം മുതല്‍ ഏഴ് ലക്ഷം വരെയാണ്. 2035ല്‍ മരണ നിരക്ക് 12 ലക്ഷം കവിയുമെന്നും പ്രബന്ധത്തില്‍ പറയുന്നു.
ക്യാന്‍സര്‍ മരണങ്ങളില്‍ മൂന്നില്‍ രണ്ട് ഭാഗവും 30-70 പ്രായത്തിന് മധ്യേ ഉള്ളവരാണ്. മൂന്നിലൊന്നിനേക്കാള്‍ കുറഞ്ഞ ആളുകളേ രോഗം തിരിച്ചറിഞ്ഞ് അഞ്ച് വര്‍ഷത്തിനപ്പുറം ജീവിക്കുന്നുള്ളൂ.
ശ്വാസകോശങ്ങളിലും വായയിലുമാണ് പുരുഷന്‍മാര്‍ക്ക് കൂടുതല്‍ അര്‍ബുദം ബാധിക്കുന്നതെങ്കില്‍ സ്ത്രീകള്‍ക്ക് സ്തനങ്ങളിലും ഗര്‍ഭാശയങ്ങളിലും കൂടുതലായി ബാധിക്കുന്നു. ലക്ഷത്തില്‍ 11 ആളുകളെ വായയിലെ അര്‍ബുദം ബാധിച്ചിട്ടുണ്ട്. ലക്ഷത്തില്‍ 10.1 പേര്‍ ശ്വാസകോശാര്‍ബുദത്തിനും, യഥാക്രമം 25.8, 22 പേര്‍ സ്തനാര്‍ബുദത്തിനും ഗര്‍ഭാശയ ക്യാന്‍സറിനും ഇരകളാകുന്നു.
കേരളത്തില്‍ ഒരു ലക്ഷം പുരുഷന്‍മാരില്‍ 243 പേര്‍ക്ക് വായയിലെ ക്യാന്‍സറുണ്ട്. ബീഡിയും മുറുക്കുമാണ് കേരളത്തില്‍ അപകടകാരികളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മുപ്പതിനായിരത്തിലേറെ കോടി രൂപയാണ് പുകയില ഉപയോഗവുമായി ബന്ധപ്പെട്ട ചികിത്സകള്‍ക്ക് 2013-2014 വര്‍ഷത്തില്‍ ഇന്ത്യയില്‍ ചെലവായത്. സാമ്പത്തിക സാമൂഹിക കാരണങ്ങളും രോഗത്തിന് കാരണമാകുന്നുണ്ട്.
വായയിലെ ക്യാന്‍സര്‍ ബാധിക്കുന്ന ഗ്രാമീണരില്‍ 90 ശതമാനം പേരും പാവപ്പെട്ടവരാണ്. അനിയന്ത്രിതമായ ഭക്ഷണ രീതി കാരണം ഏറ്റവും കൂടുതല്‍ ആമാശയ കാന്‍സര്‍ പിടിപെടുന്നത് ഡല്‍ഹിയിലെ സ്ത്രീകള്‍ക്കിടയിലാണ്. ഇത് ഒരു ലക്ഷത്തിന് 215 വരും.