Connect with us

Kerala

കാലാവധി കഴിഞ്ഞ മരുന്നുകള്‍ വിതരണം ചെയ്യാന്‍ മെഡി. കോര്‍പ്പറേഷന്‍ നിര്‍ദേശം

Published

|

Last Updated

തിരുവനന്തപുരം: കാലാവധി കഴിഞ്ഞ മരുന്നുകളുടെ തീയതി തിരുത്തിയശേഷം സര്‍ക്കാര്‍ ആശുപത്രികള്‍ വഴി വിതരണം ചെയ്യാന്‍ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ നിര്‍ദേശം. മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്റെ ഐ ടി വിഭാഗമാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. കാലാവധി കഴിഞ്ഞ ഈ മരുന്നുകള്‍ ഇതിനോടകം വിതരണം ചെയ്തുവെന്നാണ് സൂചന. അതേസമയം ഐടി വിഭാഗം നടത്തിയ ഇടപെടലിനെക്കുറിച്ച് അറിയില്ലെന്നാണ് എം ഡിയുടെ വിശദീകരണം. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ ഉത്തരവിട്ടു.
കാലാവധി കഴിഞ്ഞ് ഉപയോഗശൂന്യമായ മരുന്നുകള്‍ സര്‍ക്കാര്‍ ആശുപത്രികള്‍ വഴി രോഗികള്‍ക്ക് വിതരണം ചെയ്യാന്‍ മരുന്നു വിതരണത്തിന്റെ ചുമതലയുളള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ തന്നെ നിര്‍ദേശം നല്‍കിയതാണ് വിവാദമായിരിക്കുന്നത്. മരുന്നുകളുടെ കാലാവധി തീരുന്ന തീയതി തിരുത്തി. പിന്നീടുള്ള തീയതി ചേര്‍ക്കാന്‍ കോര്‍പ്പറേഷന്റെ ഐ ടി വിഭാഗമാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. മെഡിക്കല്‍ കോര്‍പ്പറേഷന്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായി എത്തിക്കേണ്ട മരുന്നുകള്‍ ടാസ്‌ക് എന്ന സംവിധാനം ഉപയോഗിച്ച് പരിശോധിച്ചായിരുന്നു കോര്‍പ്പറേഷന്റെ സംഭരണശാലയിലെക്ക് എത്തിച്ചിരുന്നത്. കാലാവധി കഴിഞ്ഞ മരുന്നുകളെ കര്‍ശന പരിശോധനക്ക് വിധേയമാക്കി ഒഴിവാക്കുന്ന സംവിധാനമായിരുന്നു ടാസ്‌ക്. ഇതില്‍ തിരുത്തല്‍ വരുത്താന്‍ സാധ്യമല്ല. എന്നാല്‍ സംവിധാനം നിയന്ത്രിക്കുന്നവര്‍ക്ക് ഇതില്‍ മാറ്റങ്ങള്‍ വരുത്താന്‍ കഴിയുമെന്ന പഴുത് ഉപയോഗിച്ചു കൊണ്ടാണ് കോര്‍പ്പറേഷന്റെ ഐ ടി വിഭാഗം കാലാവധി കഴിയാറായ മരുന്നുകള്‍ നിര്‍ധന രോഗികള്‍ക്കു മേല്‍ അടിച്ചേല്‍പ്പിക്കുന്ന നിര്‍ദേശം നല്‍കിയിരിക്കുന്നത്. കാലാവധി കഴിയാറായ മരുന്നുകളില്‍ ഉപയോഗിക്കാവുന്ന അവസാന തീയതി 30 സെപ്തംബര്‍ 2014 എന്നാക്കി തിരുത്തണമെന്നാണ് ഐ ടി വിഭാഗം രേഖാമൂലം നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇത്തരത്തില്‍ തിരുത്ത് വരുത്തിയാല്‍ ടാസ്‌ക് സംവിധാനത്തിലൂടെ സിസ്റ്റം വഴി തന്നെ മരുന്നുകള്‍ വിതരണം ചെയ്യാനാകും. കോടിക്കണക്കിന് രൂപയുടെ മരുന്നുകള്‍ കെട്ടിക്കിടക്കുന്നുവെന്ന ആരോപണം ഇതിലൂടെ ഒഴിവാക്കാനാകും. ടാസ്‌ക് എന്ന സംവിധാനം ഒഴിവാക്കി പൂര്‍ണമായി ഓഫീസില്‍ തന്നെ മാറ്റം വരുത്താനാകുന്ന ഡി ഡി എം എസ് എന്ന സിസ്റ്റവും കോര്‍പ്പറേഷന്‍ നടപ്പിലാക്കിയിട്ടുണ്ട്. അവസാന തീയതിയൊന്നും പരിശോധിക്കാതെ സൗജന്യമായി ലഭിക്കുന്ന മരുന്നും വാങ്ങി പോകുന്ന നിര്‍ധന രോഗികളെയാണ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ പുതിയ നീക്കം ദുരിതത്തിലാക്കുക.

Latest