Ongoing News
മോദി വിമര്‍ശം തുടരും; ജ്ഞാനപീഠം തിരിച്ചു നല്‍കാന്‍ തയ്യാര്‍: യു ആര്‍ അനന്തമൂര്‍ത്തി
ബംഗളൂരു: ബി ജെ പി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിയെ വിമര്‍ശിച്ചതിന്റെ പേരില്‍ ജ്ഞാന പീഠം ഉപേക്ഷിക്കേണ്ടി വന്നാല്‍ സന്തോഷത്തോടെ അത് ചെയ്യുമെന്ന് സാഹിത്യകാരന്‍ യു ആര്‍ അനന്ത മൂര്‍ത്തി. ഇതിനേക്കാള്‍ എത്രയോ വലിയ ബഹുമതി ജനങ്ങള്‍ തനിക്ക് തരും. മോദിയെപ്പോലെയുള്ള ഒരു ഏകാധിപതി രാജ്യത്തെ പ്രധാനമന്ത്രിയാകാന്‍ ഇറങ്ങിപ്പുറപ്പെട്ട ഘട്ടത്തില്‍ മിണ്ടാതിരിക്കാനാകില്ല. മോദിയെ തുറന്ന് കാണിക്കുന്നത് തുടരുക തന്നെ ചെയ്യും. ഇടതുപക്ഷങ്ങള്‍ക്ക് ദിശാബോധം നഷ്ടപ്പെട്ടുവെന്നും ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിന് വേണ്ടി വാദിക്കുന്ന അനന്തമൂര്‍ത്തി ജ്ഞാനപീഠം തിരിച്ചു നല്‍കണമെന്ന് കര്‍ണാടകയിലെ ബി ജെ പി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.
ഗുല്‍ബര്‍ഗ കേന്ദ്ര സര്‍വകലാശാലയിലെ ചാന്‍സലറായ മൂര്‍ത്തി സര്‍ക്കാര്‍ ഉദ്യോഗസ്ഥനെന്ന നിലയില്‍ മാതൃകാ പെരുമാറ്റചട്ടം ലംഘിച്ചുവെന്ന് കാണിച്ച് ബി ജെ പി മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് പരാതി നല്‍കിയിട്ടുണ്ട്. മോദി പ്രധാനമന്ത്രിയാകുന്ന ഇന്ത്യയില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അനന്ത മൂര്‍ത്തി നേരത്തേ പറഞ്ഞിരുന്നു.