Malappuram
മാവേലി സ്റ്റോറുകളില്‍ തിരക്കോട് തിരക്ക്
നിലമ്പൂര്‍: വിഷു, ഈസ്റ്റര്‍ പ്രമാണിച്ച് സപ്ലൈക്കോയുടെ മാവേലി സ്റ്റോറുകളില്‍ വന്‍ തിരക്ക്. പല സ്റ്റോറുകളിലും അവശ്യ സാധനങ്ങള്‍ വാങ്ങാനാവാതെ ഉപഭോക്താക്കള്‍ മടങ്ങേണ്ടി വന്നു. ചിലയിടങ്ങളില്‍ ആഴ്ചകളായി അരിയും പല വ്യജ്ഞനങ്ങളും ഇല്ലാതിരുന്നതും തിരക്ക് വര്‍ധിക്കാനിടയാക്കി വ്യാഴം, വെള്ളി ദിവസങ്ങളിലാണ് സ്റ്റോറുകളില്‍ സാധനങ്ങള്‍ എത്തിയത്.
കരുളായി, കാരപ്പുറം, പൂക്കോട്ടുംപാടം, ചന്തക്കുന്ന് എന്നിവിടങ്ങളില്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലും പുലര്‍ച്ചെ മുതല്‍ സ്റ്റോറുകള്‍ക്ക് മുമ്പില്‍ നീണ്ട നിര ഉണ്ടായിരുന്നു. കടയടക്കുമ്പോഴും നിരവധി പേര്‍ ക്യൂവിലുണ്ടായിരുന്നു. സബ്‌സിഡിയുള്ള അരിയും പയറുകളും മറ്റും പലയിടത്തും കഴിഞ്ഞിട്ടുണ്ട്. എങ്കിലും തിരക്ക് കുറഞ്ഞിട്ടില്ല. പൊതു മാര്‍ക്കറ്റിനേക്കാള്‍ കുറഞ്ഞ വിലക്ക് സാധനങ്ങള്‍ ലഭിക്കുന്നതിനാല്‍ സാധാരണക്കാര്‍ മാവേലി സ്റ്റോറുകളെ ആശ്രയിക്കുന്നുണ്ടെങ്കിലും ആവശ്യത്തിനനുസരിച്ച് സ്റ്റോക്കെത്താറില്ല.
കുറഞ്ഞ ദിവസം മാത്രമാണ് വിതരണം നടക്കാറുള്ളത്. സബ്‌സിഡിയില്ലാത്തവയാണ് എല്ലാ ദിവസവും വിതരണം നടത്തുന്നത്. ഇവക്ക് പൊതു മാര്‍ക്കറ്റിനേക്കാള്‍ വിലയും നല്‍കണം. അതേസമയം സ്റ്റോറിലെ ജീവനക്കാര്‍ ചില ഉപഭോക്താക്കളെ സാധനങ്ങള്‍ എത്തിയ വിവരം അറിയിക്കുന്നതിനാല്‍ ഒരു വിഭാഗത്തിന് മാത്രമാണ് സബ് സിഡിയുള്ള സാധനങ്ങള്‍ ലഭിക്കുന്നതെന്നും പരാതിയുണ്ട്.