Connect with us

Gulf

ഷാര്‍ജയില്‍ ശമ്പളമില്ലാതെ ദുരിതത്തിലായ തൊഴിലാളികള്‍ കനിവിനായി കേഴുന്നു

Published

|

Last Updated

ഷാര്‍ജ: മാസങ്ങളായി ജോലിയും ശമ്പളവുമില്ലാതെ ദുരിതത്തില്‍ കഴിയുന്ന ഇന്റീരിയര്‍ ഡക്കറേഷന്‍ കമ്പനിയിലെ മലയാളികളടക്കമുള്ള ഇന്ത്യക്കാരായ തൊഴിലാളികള്‍ അധികൃതരുടെ കനിവിനായി കേഴുന്നു.

ഷാര്‍ജ വ്യവസായ മേഖല നാലില്‍ ജെ എന്‍ വി റൗണ്ട് എബൗട്ടിനു സമീപമുള്ള ബ്ലൂ ചിപ്പ് ഇന്റീരിയര്‍ ഡക്കേറഷന്‍ കമ്പനിയിലെ 38 തൊഴിലാളികളാണ് കനിവിനായി കേഴുന്നത്. കഴിഞ്ഞ പതിനൊന്നര മാസത്തോളമായി ഇവര്‍ക്ക് ജോലിയും ശമ്പളവും ലഭിക്കുന്നില്ല. ഉടമയാകട്ടെ തൊഴിലാളികളെ തിരിഞ്ഞുനോക്കാത്ത സ്ഥിതിയും. തൊഴിലാളികള്‍ 18 പേര്‍ മലയാളികളാണ്. തിരുവനന്തപുരം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ നിന്നുള്ളവരാണ് ഏറെ പേരും. മറ്റുള്ളവര്‍ ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍, ആന്ധ്രാപ്രദേശ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. തൊഴിലാളികളില്‍ 19 പേരുടെ വിസാകാലാവധി ഇതിനകം അവസാനിച്ചു. അഞ്ചു പേരുടേത് ഈ മാസം തീരും. ഇതോടെ ഇവരെല്ലാം നിയമ വിരുദ്ധ താമസക്കാരായി മാറും. കമ്പനിയുടെ ഇടുങ്ങിയ മുറിക്കുള്ളില്‍ തീര്‍ത്തും ദുരിത പൂര്‍ണമാണ് ഇവരുടെ ജീവിതം.

ശമ്പളം ലഭിക്കാത്തതിനാല്‍ മാസങ്ങളോളമായി തൊഴിലാളികള്‍ നാട്ടിലേക്ക് പണം അയക്കാറില്ല. അത് കൊണ്ട് തന്നെ കുടുംബത്തിന്റെ സ്ഥിതിയോര്‍ത്ത് കണ്ണീര്‍ പൊഴിക്കുകയാണിവര്‍. ചിലരുടെ കുടുംബങ്ങളാകട്ടെ നാട്ടില്‍ വാടക വീട്ടിലാണ് താമസിക്കുന്നത്. കൃത്യമായി വാടക നല്‍കാത്തതിനാല്‍ ഏതു നിമിഷവും വീടുകളില്‍ നിന്ന് അവര്‍ കുടിയിറക്കപ്പെടും. കുട്ടികളുടെ വിദ്യഭ്യാസത്തിനോ കുടുംബത്തിന്റെ നിത്യചിലവിനോ ഒരു പൈസ പോലും അയക്കാന്‍ കഴിയാത്ത തൊഴിലാളികള്‍ കുടുംബത്തിന്റെ നില ഓര്‍ത്ത് രാത്രി പോലും ഒന്നു കണ്ണു ചിമ്മാന്‍ പറ്റാത്ത അവസ്ഥയിലാണ്. മാനസിക സംഘര്‍ഷവും വിഷമവും മൂലം പലരുടെയും മനോനില തെറ്റിപോകുന്ന സ്ഥിതി സംജാതമായിട്ടുണ്ട്. പലരും നാട്ടില്‍ പോയിട്ട് വര്‍ഷങ്ങളായി.
ചില സന്നദ്ധ സംഘടനകളുടെ കാരുണ്യത്തിലാണ് തൊഴിലാളികള്‍ ഇപ്പോള്‍ കഴിയുന്നത്. ദുരിതം കേട്ടറിഞ്ഞാണ് സഹായ ഹസ്തവുമായി അവര്‍ രംഗത്ത് വന്നത്. എന്നാല്‍ ഒരു നേരത്തെ ഭക്ഷണം പോലും ലഭിക്കാത്ത സ്ഥിതിയിലായിരുന്നു നേരത്തെ തൊഴിലാളികള്‍. ഈ സാഹചര്യത്തില്‍ സമീപത്തെ കടകളില്‍ നിന്ന് ഭക്ഷണ സാധനങ്ങള്‍ കടം വാങ്ങി. ഈ വകയില്‍ 7,000 ത്തോളം ദിര്‍ഹം കടകളില്‍ കൊടുക്കാനുണ്ടെന്നും തൊഴിലാളികള്‍ പറഞ്ഞു. ഈ തുക എങ്ങിനെ കൊടുത്തു തീര്‍ക്കാനാകുമെന്നറിയാതെ വിഷമിക്കുകയാണവര്‍. തങ്ങളുടെ ദുരിതങ്ങള്‍ ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനെ യഥാസമയം അറിയിച്ചതായി കമ്പനിയില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുന്ന തിരുവന്തപുരം ആറ്റിങ്ങല്‍ സ്വദേശി പ്രദീപ് പറഞ്ഞു. ഇതു സമ്പന്ധിച്ച് പരാതിയും നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ കമ്പനിയുടെ ഡയറക്ടറുമായി കോണ്‍സുലേറ്റ് അധികൃതര്‍ ചര്‍ച്ച നടത്തി. മാര്‍ച്ച് മുപ്പതിനകം ശമ്പളം നല്‍കാം എന്ന് സമ്മതിച്ചുവെങ്കിലും ഡയറക്ടര്‍ വാക്ക് പാലിച്ചില്ലെന്നും പ്രദീപ് കുറ്റപ്പെടുത്തി.

ഷാര്‍ജ ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റിലും പരാതി നല്‍കിയിരുന്നു. കോടതില്‍ നല്‍കിയ പരാതിയില്‍ അടുത്ത മാസം വിധിയുണ്ടാകുമെന്നും ഇയാള്‍ വ്യക്തമാക്കി. കേരള മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, തുടങ്ങി ബന്ധപ്പെട്ട അധികാരികള്‍ക്കെല്ലാം നിരവധി തവണ പരാതി നല്‍കിയെങ്കിലും യാതൊരു ഫലവും ഉണ്ടായിട്ടില്ലെന്നും തങ്ങളുടെ പ്രശ്‌നം സംബന്ധിച്ച് മുട്ടാത്ത വാതിലുകള്‍ ഇല്ലെന്നും തൊഴിലാളികളായ തൃശൂര്‍ സ്വദേശി ജയേഷ്, മലപ്പുറം പുത്തനത്താണിയിലെ സലീം, ചങ്ങനാശ്ശേരി സ്വദേശി ഹരി എന്നിവര്‍ പറഞ്ഞു. ശമ്പളം ലഭ്യമാക്കാന്‍ ബന്ധപ്പെട്ടവര്‍ അടിയന്തിരമായി ഇടപെടണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെടുന്നു.

നല്ലനിലയിലാണത്രെ കമ്പനി പ്രവര്‍ത്തിച്ചിരുന്നത്. ഏകദേശം 500 കോടിയോളം ദിര്‍ഹത്തിന്റെ വരുമാനം ഉണ്ടായിരുന്നുവെന്നും ഈ തുകയത്രയും മറ്റെവിടേക്കോ മാറ്റുകയായിരുന്നുവെന്നും തൊഴിലാളികള്‍ പറഞ്ഞു. ബ്ലൂചിപ്പിനു പുറമെ നോര്‍ത്ത് സ്റ്റാര്‍ കാര്‍പ്പന്ററി, റോയല്‍ സ്‌പെയ്‌സ്, റോയര്‍ ഗാര്‍ഡന്‍ തുടങ്ങിയ കമ്പനികളും ഉടമയുടെ ഉടമസ്ഥതയിലുണ്ട്. ഉടമയെ കുറിച്ചു വിവരമില്ലെങ്കിലും ഇയാളുടെ കുടുംബം ഷാര്‍ജയില്‍ താമസിക്കുന്നുണ്ടെന്നും തൊഴിലാളികള്‍ അറിയിച്ചു.

 

---- facebook comment plugin here -----

Latest