Kerala
ജയിലുകളില്‍ കൂടുതല്‍ ഫോണുകള്‍ അനുവദിക്കുന്നു

തിരുവനന്തപുരം: ജയിലുകളിലെ മൊബൈല്‍ഫോണ്‍ ഉപയോഗം കുറക്കാനുള്ള പുതിയ നീക്കവുമായി ജയില്‍വകുപ്പ് രംഗത്ത്. സംസ്ഥാനത്തെ ജയിലുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം വര്‍ധിച്ച സാഹചര്യത്തില്‍ ഇത് തടയുന്നതിന്റെ ഭാഗമായി ജയിലിനുള്ളില്‍ കൂടുതല്‍ ഫോണുകള്‍ സ്ഥാപിച്ച് തടവുകാര്‍ക്ക് ബന്ധുക്കളും സുഹൃത്തുക്കളുമായി കൂടുതല്‍ നേരം സംസാരിക്കാനുള്ള സൗകര്യമൊരുക്കാനാണ് നീക്കം.
നിലവില്‍ തടവുകാര്‍ക്ക് ഫോണ്‍ വിളിക്കുന്നതിനായി കോയിന്‍ ബൂത്തുക്കളുണ്ടെങ്കിലും മിക്കതിന്റെയും പ്രവര്‍ത്തനം നിലച്ച നിലയിലാണ്. ഇവ മാറ്റി സ്ഥാപിക്കാന്‍ ഫോണ്‍ കമ്പനികള്‍ തയ്യാറല്ല. ഇതിനാല്‍ തടവുകാര്‍ക്ക് വീട്ടിലേക്ക് വിളിക്കണമെങ്കില്‍ മണിക്കൂറുകള്‍ ക്യൂ നില്‍ക്കണം. മിക്കപ്പോഴും പലര്‍ക്കും അവസരം ലഭിക്കാറുമില്ല. വിളിക്കണമെങ്കില്‍ നാണയത്തുട്ടുകളുമാവശ്യമാണ്.
ജയിലില്‍ നിന്നുള്ള ഈ ഫോണ്‍വിളിക്ക് സുരക്ഷാ പ്രശ്‌നങ്ങളുമുണ്ട്. പുറം ലോകവുമായി ബന്ധപ്പെടാനുള്ള സാഹചര്യങ്ങള്‍ കുറയുമ്പോഴാണ് മൊബൈല്‍ ഫോണുകള്‍ അനധികൃതമായി ജയിലിനുള്ളിലേക്ക് കടത്തി ഉപയോഗിക്കുന്ന സ്ഥിതിയുണ്ടാകുന്നതെന്നാണ് വകുപ്പിന്റെ വിലയിരുത്തല്‍.
ഈ ഫോണുകള്‍ മറ്റുള്ളവര്‍ക്ക് നല്‍കി പണം സമ്പാദിക്കുന്ന തടവുകാരും ജയിലുകളില്‍ സജീവമാണ്. ഇത്തരം സാഹചര്യങ്ങളൊഴിവാക്കാന്‍ കോയിന്‍ ബൂത്തുകള്‍ക്ക് പകരം ഡിജിറ്റല്‍ ബില്ലിംഗ് മെഷീനുകളോടുകൂടിയ ഫോണുകള്‍ സ്ഥാപിക്കാനാണ് തീരുമാനം.
തടവുകാരുടെ എണ്ണത്തിനനുസരിച്ച് ഫോണുകള്‍ സ്ഥാപിക്കും. ഞായറാഴ്ചകളിലും ഇനി മുതല്‍ തടവുകാര്‍ക്ക് ഫോണ്‍ വിളിക്കാം. മുമ്പ് ആഴ്ചയില്‍ ആറ് ദിവസം മാത്രമാണ് സൗകര്യമുണ്ടായിരുന്നത്. ഫോണ്‍ വിളിക്കാന്‍ നല്‍കിയിരുന്ന പണം 100ല്‍ നിന്നും 150 ആക്കി.
കൂടുതല്‍ സമയം വീട്ടുകാരുമായും സുഹൃത്തുക്കളുമായും സംസാരിക്കാന്‍ കഴിയുന്നത് തടവുകാരുടെ മാനസികസംഘര്‍ഷം കുറക്കാന്‍ ഇടയാക്കുമെന്ന പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതെന്നാണ് ജയില്‍ വകുപ്പിന്റെ വിശദീകരണം.